കൊടിമരപ്രതിഷ്ഠയ്ക്ക് എത്ര സ്വർണം കിട്ടി? മോഹൻലാലും സുരേഷ് ഗോപിയും അടക്കം 27 പേരുടെ മൊഴിയെടുക്കും
തിരുവനന്തപുരം: ശബരിമലയിലെ കൊടിമരപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം ആരംഭിച്ചു. സിനിമാതാരങ്ങളും വ്യവസായ പ്രമുഖരുമടക്കം സ്വർണം സമർപ്പിച്ച 27 പേരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തും. ലഭിച്ച സ്വർണത്തിന് കണക്കുകളില്ലാത്തതിനാൽ ഇക്കാര്യം കണ്ടെത്താനാണ് ശ്രമം. ശബരിമലയിലെ കൊടിമര പ്രതിഷ്ഠയിൽ അന്വേഷണം നടത്താൻ ഹൈക്കോടതിയാണ് വിജിലൻസിനോട് നിർദേശിച്ചത്. പ്രാഥമികാന്വേഷണം നടത്തി 30 ദിവസത്തിനകം റിപ്പോർട്ട് നൽകണം. ഇതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം വിജിലൻസ് പ്രത്യേകാന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു. 2017-ൽ കൊടിമരപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് സ്വർണം സമർപ്പിച്ച ഭക്തരെ കണ്ടെത്തി എത്ര സ്വർണം സമർപ്പിച്ചുവെന്ന് മൊഴിയിലൂടെ കണ്ടെത്താനാണ് അന്വേഷണ സംഘത്തോട് നിർദേശിച്ചിരിക്കുന്നത്. 27 പേരുടെ പട്ടികയാണ് നിലവിൽ തയ്യാറാക്കിയിരിക്കുന്നത്.
സ്വർണം നൽകിയ 27 പേരിൽ എട്ടുപേർ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവരാണ്. മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ്, ദേവൻ തുടങ്ങിയവരും വ്യവസായ പ്രമുഖരും ഇതിൽ ഉൾപ്പെടും. ഓരോരുത്തരേയും നേരിട്ടുകണ്ട് വഴിപാടായി എത്ര സ്വർണം നൽകിയിട്ടുണ്ടെന്ന് ചോദിച്ചറിയും. ശേഷം കൊടിമരത്തിന് എത്ര സ്വർണം ഉപയോഗിച്ചെന്ന് കണ്ടെത്തും. ഇതിൽ ക്രമക്കേട് ഉണ്ടെന്ന് കണ്ടെത്തിയാൽ എഫ്ഐആർ രേഖപ്പെടുത്തി അന്വേഷണത്തിലേക്ക് കടക്കും.
ശബരിമലയിൽ കൊടിമരം നിർമിക്കാൻ സംഭാവനയായി സ്വർണം നൽകിയവരുടെ പേരിനുപകരം മഹസറിൽ രേഖപ്പെടുത്തിയത് ‘ഭക്തൻ’ എന്നുമാത്രമായിരുന്നു. സ്വർണം നൽകിയവർക്ക് രസീത് കൊടുത്തിട്ടില്ലെന്നും ആര്, എത്ര അളവിൽ നൽകിയെന്നതിനു രേഖയോ വ്യക്തതയോ ഇല്ലെന്നും ദേവസ്വം വിജിലൻസ് കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. പഴയ കൊടിമരത്തിലെ മൂന്ന് ആലിലകളിൽ ഒരെണ്ണം നഷ്ടപ്പെട്ടെന്നും വിജിലൻസ് റിപ്പോർട്ടിലുണ്ട്. ഇതിനു പിന്നാലെയാണ് ഇപ്പോൾ പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണത്തിലേക്ക് കടക്കുന്നത്.
