കേരളത്തിൽ ഉറപ്പായ പെൻഷൻ, ഉത്തരവ് ഈയാഴ്ച
തിരുവനന്തപുരം: ഉറപ്പായ പെൻഷൻ പദ്ധതിയുടെ മാനദണ്ഡങ്ങൾ വ്യക്തമാക്കി ഈയാഴ്ചതന്നെ സർക്കാർ ഉത്തരവാകും. തമിഴ്നാട്ടിലെ മാതൃകയിൽ അവസാന അടിസ്ഥാനശമ്പളവും ഡി.എ.യും ചേർന്ന തുകയുടെ 50 ശതമാനം പെൻഷനായി ലഭിക്കുന്നവിധമാണ് കേരളത്തിന്റെയും പദ്ധതി. ജീവനക്കാരുടെയും സർക്കാരിന്റെയും വിഹിതം 10 ശതമാനംവീതമായിരിക്കും. ഏപ്രിൽ ഒന്നുമുതൽ പുതിയ പെൻഷൻ പദ്ധതി നടപ്പാക്കും. പെൻഷൻകാർക്ക് ക്ഷാമാശ്വാസം അനുവദിക്കും. കുടുംബപെൻഷനും ഉണ്ടാകും. ശമ്പളപരിഷ്കരണ കമ്മിഷനെ നിയമിച്ചുള്ള പ്രഖ്യാപനവും ഉടനുണ്ടാവും. ഈമാസം അവസാനം തിരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടാകുമെന്ന കണക്കുകൂട്ടലിൽ അതിനുമുൻപുതന്നെ ഉത്തരവുകൾ ഇറക്കാനുള്ള ശ്രമത്തിലാണ് ധനവകുപ്പ്.
ക്ഷാമബത്തക്കുടിശ്ശിക 40,000 കോടി; പി.എഫിൽ ലയിപ്പിക്കും
ഈ സർക്കാർ അധികാരത്തിൽവന്നശേഷം ജീവനക്കാർക്ക് ഏഴുതവണ ക്ഷാമബത്ത അനുവദിച്ചെങ്കിലും അവയുടെയൊന്നും കുടിശ്ശിക നൽകിയിട്ടില്ല. ഇത് 40,000 കോടിരൂപ വരുമെന്നാണ് ധനവകുപ്പിന്റെ കണക്ക്. കുടിശ്ശിക നൽകുന്നതിനെപ്പറ്റിയുള്ള തീരുമാനം ഉടൻ അറിയിക്കുമെന്നാണ് ബജറ്റിൽ ധനമന്ത്രി വാഗ്ദാനംചെയ്തത്. അതനുസരിച്ച് ഈ തുക പി.എഫിൽ ലയിപ്പിക്കാൻ ഉത്തരവ് ഉടൻ ഇറങ്ങും. ഇത്രയും കുടിശ്ശിക ഒരുമിച്ച് ലയിപ്പിക്കണോ അതോ ഘട്ടംഘട്ടമായി വേണോയെന്നത് തീരുമാനിച്ചിട്ടില്ല. ഒരുമിച്ച് ലയിപ്പിച്ചാൽ പബ്ലിക് അക്കൗണ്ടിൽ വലിയ വർധനയുണ്ടാവും. അത് കടമെടുപ്പിനെ ബാധിക്കും. പി.എഫിൽനിന്ന് എന്നുമുതൽ പണം പിൻവലിക്കാനാകുമെന്നതും തീരുമാനിക്കേണ്ടതുണ്ട്.
ജീവനക്കാരുടെ ശമ്പളം കഴിഞ്ഞമാസത്തേതും പെൻഷൻ മുൻകൂറായുമാണ് ലഭിക്കുന്നത്. ക്ഷാമബത്ത കഴിഞ്ഞമാസംതന്നെ ഉത്തരവായെങ്കിൽ പെൻഷൻകാർക്ക് ഈ മാസംതന്നെ അത് കൈയിൽ കിട്ടുമായിരുന്നു. യു.ജി.സി., എ.ഐ.സി.ടി.ഇ., മെഡിക്കൽ വിദ്യാഭ്യാസ അധ്യാപകർക്ക് ഒൻപതുശതമാനമാണ് ക്ഷാമബത്തയിലെ വർധന. ഈ വിഭാഗങ്ങളിലെ പെൻഷൻകാരിൽ പെൻഷൻ പരിഷ്കാരം നടപ്പാക്കാത്ത വിഭാഗത്തിന് ഒൻപതുശതമാനവും അല്ലാത്തവർക്ക് നാലുശതമാനവുമാണ് ക്ഷാമബത്തയിലെ വർധന.
