തലച്ചോറിന്റെ ആരോഗ്യം നശിപ്പിക്കുന്ന ഭക്ഷണം; സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ അപകടം!
തലച്ചോറിന് ഏറ്റവും ഉപകാരപ്രദമാണെന്ന് നാം കരുതുന്ന ഭക്ഷണങ്ങള്‍ പഴങ്ങള്‍, പച്ചക്കറികള്‍, നട്സ്, ആരോഗ്യകരമായ കൊഴുപ്പ് എന്നിവയാണ്. അങ്ങനെയെങ്കില്‍ തലച്ചോറിന് ഏറ്റവും ഹാനികരമായ ഭക്ഷണം ഏതായിരിക്കും. റിഫൈന്‍ഡ് കാര്‍ബോ, വറുത്ത ഭക്ഷണമോ ഒന്നുമല്ല നാം നിത്യവും ഉപയോഗിക്കാറുള്ള പഞ്ചസാരയാണ് തലച്ചോറിന് ഏറ്റവും അപകടമുണ്ടാക്കുന്നതെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. പ്രത്യേകിച്ചും മധുരപാനീയങ്ങള്‍. സൂക്ഷിച്ചില്ലെങ്കില്‍ പലവിധത്തിലുള്ള കുഴപ്പങ്ങള്‍ തലച്ചോറിന്റെ ആരോഗ്യത്തിന് അവയുണ്ടാക്കുമെന്നും വിദഗ്ധര്‍ കൂട്ടിച്ചേര്‍ക്കുന്നു. കോള, പായ്ക്ക് ചെയ്ത ജ്യൂസ്, എനര്‍ജി ഡ്രിങ്കുകള്‍, മധുരമുള്ള ചായ എന്നിവയെല്ലാം കുടിക്കുമ്പോള്‍ രക്തത്തിലേക്കും തലച്ചോറിലേക്കും മധുരം വേഗമെത്തും.
പെട്ടെന്ന് രക്തത്തിലെ പഞ്ചസാര ഉയരുമ്പോള്‍ അതിനെ പ്രതിരോധിക്കാനായി ശരീരത്തിന് വലിയ തോതില്‍ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കേണ്ടി വരുന്നു. ഈ പ്രക്രിയ വര്‍ഷങ്ങളോളം പലതവണ ആവര്‍ത്തിക്കുമ്പോള്‍ തലച്ചോറിലെ ഇന്‍സുലിന്‍ പ്രതിരോധത്തിലേക്ക് അത് നയിക്കും. തലച്ചോറിന് അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഗ്ലൂക്കോസ് വേണമെന്നത് ശരി. എന്നാല്‍ സ്ഥിരവും നിയന്ത്രിതവുമായ അളവില്‍ വേണം ഈ ഗ്ലൂക്കോസിന്റെ ലഭ്യത. അതിന് പകരം പെട്ടെന്ന് പഞ്ചസാര ഉയരുന്നതും കുറയുന്നതും തലച്ചോറിന് അത്ര നല്ലതല്ലെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. അമിതമായ പഞ്ചസാര തലച്ചോറിലെ കോശങ്ങള്‍ക്ക് നാശം വരുത്തി നീര്‍ക്കെട്ടിനും ഓക്സിഡേറ്റീവ് സ്ട്രെസ്സിനും കാരണമാകാം.
ശിശുക്കള്‍ക്കും കുട്ടികള്‍ക്കും മധുരപാനീയങ്ങള്‍ നല്‍കുന്നത് പിന്നീട് അവരില്‍ പെരുമാറ്റവും ശ്രദ്ധയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഉണ്ടാക്കാമെന്ന് ചില പഠനങ്ങള്‍ പറയുന്നു. ദിവസവും 200 മില്ലിക്ക് മുകളില്‍ മധുരപാനീയങ്ങള്‍ കുടിക്കുന്ന കുട്ടികളില്‍ രണ്ടാം പിറന്നാള്‍ ആകുമ്പോഴേക്കും മറ്റ് കുട്ടികളെ അപേക്ഷിച്ച് എഡിഎച്ച്ഡി ഉണ്ടാകാനുള്ള സാധ്യത അധികമാണെന്ന് കൊറിയയില്‍ നടന്ന ഒരു പഠനവും ചൂണ്ടിക്കാണിക്കുന്നു. സമാനമായ കണ്ടെത്തലുകള്‍ സ്പെയ്നിലും ചൈനയിലും നടന്ന പഠനങ്ങളും പങ്കുവയ്ക്കുന്നു. എങ്കില്‍ പഞ്ചസാരയ്ക്ക് പകരം കൃത്രിമ മധുര പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാമെന്ന് കരുതിയാലും രക്ഷയില്ല. ഇത്തരം കൃത്രിമ മധുര പദാര്‍ത്ഥങ്ങള്‍ മേധാക്ഷയത്തെ അധികരിപ്പിക്കുന്നതായി പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു.
