ഇഴഞ്ഞിഴഞ്ഞ് പേരാവൂർ താലൂക്കാസ്പത്രി നിർമാണം; അനങ്ങാതെ ആരോഗ്യവകുപ്പ്
പേരാവൂർ: 2021 ഫിബ്രവരിയിൽ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ശിലയിട്ട പേരാവൂർ താലൂക്കാസ്പത്രിയുടെ ബഹുനില കെട്ടിട നിർമാണം എങ്ങുമെത്താത്തതിൽ പ്രതിഷേധം ഉയരുന്നു. കെട്ടിടം നിർമിക്കുന്നതിനെതിരെ നടന്ന കോടതി വ്യവഹാരങ്ങളെല്ലാം പരിഹരിച്ച് 2024-ൽ നിർമാണം തുടങ്ങിയെങ്കിലും തറയിൽ മാത്രമൊതുങ്ങുകയാണ് നിർമാണ പ്രവൃത്തികൾ. ആരോഗ്യവകുപ്പിന് വേണ്ടിവാട്ടർ ആൻഡ് പവർ കൺസൽട്ടൻസി സർവീസ് (വാപ്‌കോസ്) ആണ് 37 കോടി 19 ലക്ഷം രൂപക്ക് ഒന്നാം ഘട്ട നിർമാണംഊരാളുങ്കൾ ലേബർ കോൺട്രാക്ട് കോ-കോപ്പറേറ്റീവ് സൊസൈറ്റിക്ക് ടെൻഡർ നല്കിയത്. 2024 മാർച്ച് 14-നാരംഭിച്ച നിർമാണം 18 മാസം കൊണ്ട് പൂർത്തിയാക്കണമെന്നാണ് കരാർ വ്യവസ്ഥ. കിഫ്ബിയാണ് പദ്ധതിക്ക് ഫണ്ടനുവദിച്ചത്. ഏഴ് നിലകളുള്ള കെട്ടിടത്തിന്റെ മൂന്ന് നിലകളാണ് ഒന്നാംഘട്ടത്തിൽ നിർമിക്കുന്നത്.

എന്നാൽ, 11 മാസമായിട്ടും കെട്ടിടത്തിന്റെ തറയും ഏതാനും പില്ലറുകളുമാണ് ഭാഗികമായെങ്കിലും പൂർത്തിയായിട്ടുള്ളത്. മാസങ്ങളായി അഞ്ച് ജോലിക്കാരും ഒരു സൂപ്പർവൈസറുമാണ് സൈറ്റിലുള്ളത്. രണ്ടാഴ്ച കൂടുമ്പോൾ കോൺക്രീറ്റ് മിക്‌സർ ‘അതിഥി’യായി എത്തുന്നതൊഴിച്ചാൽ മറ്റൊന്നും ഇവിടെ നടക്കുന്നില്ല. കരാർ പ്രകാരം ഈ വർഷം സെപ്തംബറിൽ പൂർത്തിയാക്കേണ്ട നിർമാണം ഒച്ചിഴയുന്നത് പോലെയായിട്ടും ആരോഗ്യ വകുപ്പ് നിസംഗത തുടരുകയാണ്.
ആരോഗ്യമന്ത്രിയുടെ ഉറപ്പും ജലരേഖയായി
പേരാവൂർ ബ്ലോക്കിലെയും ഏറ്റവുമധികം ഉന്നതികളുള്ള ആറളം പുനരധിവാസ കേന്ദ്രത്തിലെയും നിർധനരായ ആയിരങ്ങളുടെ ആശ്രയമാണ് പേരാവൂർ താലൂക്കാസ്പത്രി. 2021-ൽ ശിലയിട്ടെങ്കിലും വിവിധ കാരണങ്ങളാൽ നിർമാണം വൈകി. ആസ്പത്രികളിൽ നടക്കുന്ന വികസനപ്രവൃത്തികൾ നേരിട്ട്വിലയിരുത്താനും സമയബന്ധിതമായി പൂർത്തിയാക്കാനുമുള്ള നടപടി സ്വീകരിക്കാനും 2023 ഒക്ടോബറിൽ ആരോഗ്യ മന്ത്രി സംസ്ഥാനത്തുടനീളം ആസ്പത്രികൾ സന്ദർശിക്കുന്ന വേളയിൽ പേരാവൂരിലും എത്തിയിരുന്നു. ആസ്പത്രി നിർമാണം ഉടൻ പൂർത്തീകരിക്കുമെന്ന് ഉറപ്പ് നല്കി മന്ത്രി മടങ്ങിയെങ്കിലും വാഗ്ദാനം യാഥാർഥ്യമാക്കാൻ രണ്ട് വർഷം കഴിഞ്ഞിട്ടും മന്ത്രിക്കോ ആരോഗ്യവകുപ്പിനോ സാധിച്ചിട്ടില്ല.

മലയോര ജനതയോടുള്ള അവഗണന
കൊട്ടിയൂർ, കേളകം, കണിച്ചാർ, കോളയാട്, മുഴക്കുന്ന്, പേരാവൂർ , ആറളം ഫാം, ആറളം എന്നീ പ്രദേശങ്ങളിലുള്ളവർക്ക് ഏകാശ്രയമാണ് പേരാവൂരിലെ താലൂക്കാസ്പത്രി. ബഹുനില കെട്ടിട നിർമാണത്തിനായി നാലു കെട്ടിടങ്ങൾ പൊളിച്ചിട്ടിട്ട് വർഷങ്ങളായി. ഇത് കാരണം അസൗകര്യങ്ങൾ കൊണ്ട് ദുരിതത്തിലാവുകയാണ് രോഗികളും ആസ്പത്രി ജീവനക്കാരും. കെട്ടിട നിർമാണത്തിന്റെ പേരിൽ പ്രധാന ഗേറ്റിലൂടെയുള്ള വഴി അടച്ചതും രോഗികൾക്ക് ബുദ്ധിമുട്ട് തീർക്കുന്നുണ്ട്. പോരാത്തതിന് ആവശ്യത്തിന് ഡോക്ടർമാരുമില്ല. പേരാവൂരിൽ നിന്ന് 60 കിലോമീറ്റർ ദൂരത്തുള്ള ജില്ലാ ആസ്പത്രിയെയും 43 കിലോമീറ്റർ ദൂരത്തുള്ള തലശേരി ജനറലാസ്പത്രിയെയും ആശ്രയിക്കേണ്ട ഗതികേടിലാണ് മലയോരത്തുള്ളവർ. ആസ്പത്രി കെട്ടിട നിർമാണം ഇഴഞ്ഞ് നീങ്ങുമ്പോഴും ഇതിനെതിരെ പ്രതിഷേധിക്കാനോ പ്രക്ഷോഭങ്ങൾ നടത്താനോ യുവജന സംഘടനകളാരും രംഗത്തുവരുന്നില്ലെന്നതാണ് ഖേദകരം.
