പൊതു വിദ്യാലയങ്ങളിലെ യൂണിഫോമും ഭക്ഷണവും പുസ്തകങ്ങളും പന്ത്രണ്ടാം ക്ലാസുവരെ സൗജന്യമാക്കണം; പരിഷത്ത്
പേരാവൂർ: പഠനച്ചെലവ് ഉയർത്തുന്ന പ്രവണത തടയാൻ നിയമ നിർമാണം നടത്തണമെന്നും പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്ക് യൂണിഫോമും ഉച്ചഭക്ഷണവും പാഠപുസ്തകങ്ങളും പന്ത്രണ്ടാം ക്ലാസുവരെ സൗജന്യമാക്കണമെന്നും ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ചില സ്‌കൂളുകൾ മൂവായിരം രൂപയിലധികം ചെലവുള്ള സ്യൂട്ടുകളാണ് യൂണിഫോമായി നൽകുന്നത്. മാനേജ്‌മെന്റിന് അമിതലാഭം കൊയ്യുന്ന കച്ചവടമാണ് യൂറോപ്യൻ മാതൃകയിലുള്ള യൂണിഫോം. ഇത്തരം വിദ്യാലയങ്ങൾ സ്മാർട്ട് ക്ലാസ് റൂം, എ.ഐ. പഠനം തുടങ്ങിയ പേരുകളിലും പണം പിരിക്കുന്നുണ്ട്. ഇക്കാര്യങ്ങൾ അന്വേഷിച്ച് പഴുതടക്കുന്ന വകുപ്പുകൾ കേരള വിദ്യാഭ്യാസ ചട്ടത്തിലുൾപ്പെടുത്തണമെന്നും ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ന്യൂമോ കോക്കൽ പ്രതിരോധ വാക്‌സിൻ ന്യായവിലക്ക് ലഭ്യമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സമാപന സമ്മേളനം മുൻ സംസ്ഥാന പ്രസിഡന്റ് ബി.രമേഷ് ഉദ്ഘാടനം ചെയ്തു.പി.വി.ജയശ്രീ അധ്യക്ഷയായി. ബിജു നിടുവാലൂർ ,കെ .ബാലകൃഷ്ണൻ, എം.ദിവാകരൻ, ഡോ. മുബാറക് സാനി, പി.കെ.സുധാകരൻ , ഒ.എം.ശങ്കരൻ, പി.പി. ബാബു എന്നിവർ സംസാരിച്ചു.ഭാരവാഹികൾ: പി.വി.ജയശ്രീ (പ്രസി.),ടി.വി. വിജയൻ , കെ.വിനോദ് കുമാർ(വൈസ്.പ്രസി.), ബിജു നിടുവാലൂർ (സെക്ര.), ഗിരീഷ് കോയിപ്ര, പി.വിജിന (ജോ.സെക്ര.), കെ.ബാലകൃഷ്ണൻ (ഖജാ.).
