ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ സഹോദരി വിവാഹിതയായി

Share our post

കോഴിക്കോട്: സങ്കടങ്ങൾക്കിടയിലും ഊറിക്കൂടിയ സന്തോഷംപോലെ ആ വിവാഹം. ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ സഹോദരി അഭിരാമി വിവാഹിതയായി. അർജുന്റെ ഓർമ്മകൾനിറഞ്ഞ മണ്ഡപത്തിൽ, ചാത്തമംഗലം കാരപ്പറമ്പത്ത് വീട്ടിൽ പ്രകാശന്റെയും രജിതയുടെയും മകൻ ആദർശ് അഭിരാമിക്ക് താലിചാർത്തി. കോഴിക്കോട് കണ്ണാടിക്കൽ സി. കുഞ്ഞിക്കുട്ടി സ്മാരക ഹാളിൽ ഞായറാഴ്ചയായിരുന്നു വിവാഹം.

മകനില്ലാത്തതിന്റെ വേദനകൾക്കിടയിലും അർജുന്റെ അച്ഛൻ കണ്ണാടിക്കൽ മൂലാടിക്കുഴിയിൽ പ്രേമനും അമ്മ ഷീലയും എല്ലാത്തിനും മുന്നിൽനിന്നു. അർജുന്റെ വലിയ ആഗ്രഹമായിരുന്നു അനിയത്തിയുടെ വിവാഹം. അഭിരാമിയുടെ കല്യാണനിശ്ചയത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയായിരുന്നു അർജുനെ കാണാതാവുന്നത്. 2024 ജൂലായ് 16-ന് കർണാടകയിലെ ബെളഗാവിയിൽനിന്ന് മരവുമായിപ്പോയ അർജുന്റെ ലോറി പൻവേൽ-കന്യാകുമാരി ദേശീയപാതയിൽ കാർവാറിനടുത്ത് ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതാവുകയായിരുന്നു.

2024 ജൂലായ് എട്ടിന് വീട്ടിൽനിന്നിറങ്ങിയ അർജുൻ 15-ന് രാത്രിയാണ് വീട്ടിലേക്ക് അവസാനമായി വിളിച്ചത്. “അനിയത്തിയുടെ കല്യാണനിശ്ചയത്തിന്റെ കാര്യമോർത്ത് അച്ഛൻ വേവലാതിപ്പെടേണ്ട… ഞാൻ വന്നിട്ട് സാധനങ്ങളെല്ലാം വാങ്ങാം. വീടിന് പെയിന്റടിക്കാം” -അന്ന് അവൻ അവസാനമായി പറഞ്ഞതും അവളുടെ നിശ്ചയത്തിന്റെ കാര്യങ്ങളായിരുന്നു. നീണ്ട തിരച്ചിലിനൊടുവിൽ 72 ദിവസത്തിനുശേഷം സെപ്റ്റംബർ 24-നാണ് സമീപത്തെ ഗംഗാവാലിപ്പുഴയിൽനിന്ന് അർജുന്റെ ലോറിയും മൃതദേഹവും കണ്ടെത്തിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!