കുമ്പളങ്ങയും ശർക്കരയും കിഡ്‌നിയിലെ കല്ല് തെറിപ്പിക്കുമോ? പണികിട്ടും
കുമ്പളങ്ങ നീരും (Ash gourd juice) ശർക്കരയും ചേർത്തുകഴിച്ചാൽ വൃക്കയിലെ കല്ലുകൾ (Kidney stones) പൂർണ്ണമായും അലിഞ്ഞുപോകുമെന്ന അവകാശവാദവുമായുള്ള ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്‌തവമറിയാം.
∙ അന്വേഷണം
കല്ലുകൾക്ക് വലിപ്പം കൂടുതലാണെങ്കിൽ (ഉദാഹരണത്തിന് 7mm-ൽ കൂടുതൽ), അവ മൂത്രനാളിയിൽ തടസമുണ്ടാക്കാനും വൃക്കയ്ക്ക് കേടുപാടുകൾ സംഭവിക്കാനും സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ശസ്ത്രക്രിയയോ ലിത്തോട്രിപ്സിയോ ആവശ്യമായി വരും. കാൽസ്യം ഓക്സലേറ്റ്, യൂറിക് ആസിഡ് എന്നിങ്ങനെ പലതരം കല്ലുകളുണ്ട്. എല്ലാ കല്ലുകൾക്കും ഒരേ ചികിത്സയല്ല വേണ്ടത്. കല്ല് കാരണം മൂത്രതടസ്സമോ അണുബാധയോ (Infection) ഉണ്ടെങ്കിൽ അത് അടിയന്തിര ചികിത്സ തേടേണ്ട സാഹചര്യമാണ്.
വൃക്കയിലെ കല്ലുകളിൽ ഭൂരിഭാഗവും ‘കാൽസ്യം ഓക്സലേറ്റ്’ വിഭാഗത്തിൽപ്പെട്ടതാണ്. കുമ്പളങ്ങയിൽ ചെറിയ അളവിൽ ഓക്സലേറ്റ് അടങ്ങിയിട്ടുണ്ട്. കല്ലുള്ളവർ ഓക്സലേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ നിയന്ത്രിക്കണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. അതിനാൽ ഇത് അമിതമായി കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്തേക്കാം.കൂടാതെ ശർക്കര കല്ല് അലിയിക്കാൻ സഹായിക്കില്ല എന്ന് മാത്രമല്ല, അതിലെ പഞ്ചസാരയുടെ അംശം ചിലരിൽ കല്ലുകൾ രൂപപ്പെടാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.
കുമ്പളങ്ങാ നീരും ശർക്കരയും കിഡ്നിയിലെ കല്ലുകളെ പൂർണമായും ഇല്ലാതാക്കുമോ എന്നറിയാനായി യൂറോറളജി മേഖലയിലെ വിദഗ്ധരുമായി ഞങ്ങൾ സംസാരിച്ചു. ‘കുമ്പളങ്ങ നീരും ശർക്കരയും കല്ല് അലിയിക്കും എന്നതിൽ യാതൊരു ശാസ്ത്രീയ അടിത്തറയുമില്ല. ചെറിയ കല്ലുകൾ പുറന്തള്ളാൻ വെള്ളം കുടിക്കുന്നത് സഹായിക്കുമെന്നത് പോലെ കുമ്പളങ്ങ നീരും സഹായിച്ചേക്കാം.
കല്ലുകൾ തടയാൻ ധാരാളം വെള്ളം കുടിക്കുന്നതും നാരങ്ങാനീര് (Citric acid) ഉൾപ്പെടുത്തുന്നതുമാണ് ഫലപ്രദം. കുമ്പളങ്ങ നീര് ഹൈഡ്രേഷന് നല്ലതാണെങ്കിലും അതൊരു ചികിത്സയായി കാണരുത്. കുമ്പളങ്ങ നീര് ശരീരത്തിന് കുളിർമ നൽകുന്നതും ആരോഗ്യപ്രദവുമാണ്. എന്നാൽ കഠിനമായ വേദനയോ വലിയ കല്ലുകളോ ഉള്ളപ്പോൾ ഇത്തരം നാട്ടുചികിത്സകളെ മാത്രം ആശ്രയിക്കുന്നത് അപകടമാണ്. ഇത് രോഗാവസ്ഥ സങ്കീർണ്ണമാക്കിയേക്കാം ഡോക്ടർമാർ അഭിപ്രായപ്പെട്ടു.
∙ വാസ്‌തവം
കുമ്പളങ്ങ നീരും ശർക്കരയും ചേർത്തുകഴിച്ചാൽ വൃക്കയിലെ കല്ലുകൾപൂർണ്ണമായും അലിഞ്ഞുപോകുമെന്ന അവകാശവാദം തെറ്റാണ്. കുമ്പളങ്ങ നീര് ശരീരത്തിന് കുളിർമ നൽകുന്നതും ആരോഗ്യപ്രദവുമാണെങ്കിലും എന്നാൽ കഠിനമായ വേദനയോ വലിയ കല്ലുകളോ ഉള്ളപ്പോൾ ഇത്തരം നാട്ടുചികിത്സകളെ മാത്രം ആശ്രയിക്കുന്നത് അപകടമാണ്. ഇത് രോഗാവസ്ഥ സങ്കീർണ്ണമാക്കാം. ഇത്തരം പ്രചാരണങ്ങൾ പരീക്ഷിക്കാതെ കൃത്യമായ വിദഗ്ധ ചികിൽസ നേടണം.
