മകളെ കൂട്ടാനായി മരണവീട്ടിൽനിന്ന് ഇറങ്ങി, വീട്ടിലേക്ക് പോകും വഴി അപകടം; നോവായി റാഫിയും നേഹയും
കോഴിക്കോട്: മാലൂർക്കുന്ന് എആർ ക്യാംപ് റോഡിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് പിതാവും മകളും ദാരുണമായി മരിച്ച സംഭവത്തിന്റെ നടുക്കത്തിലാണ് നാട്ടുകാർ. മകൾ കാത്തിരിക്കുന്നുണ്ടെന്നും പറഞ്ഞ് മരണവീട്ടിൽ നിന്ന് ഇറങ്ങിയ റാഫി സ്വന്തം മരണത്തിലേക്കാണ് ഇറങ്ങിയതെന്ന് നാട്ടുകാർക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല. സഹോദരന്റെ അടുത്ത ബന്ധു മരിച്ചതിനാലാണ് വൈകിട്ട് റാഫി ചെറുവറ്റയിലെത്തിയത്. ഇവിടെനിന്ന് മകളെ കോളേജിൽനിന്ന് കൂട്ടാനുണ്ടെന്ന് പറഞ്ഞ് സംസ്കാര ചടങ്ങിന് മുമ്പേ സ്കൂട്ടറുമെടുത്ത് ഇറങ്ങി. വെള്ളിമാട്കുന്ന് ജെഡിടി കോളേജിലെ ഒന്നാം വർഷ ബികോം വിദ്യാർത്ഥിനിയായ ഫാത്തിമ നേഹയെ കൂട്ടി വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.
മാലൂർകുന്നിൽനിന്ന് കണ്ണാടിക്കലേക്കുള്ള എളുപ്പവഴിയാണ് ഇരുവരുടെയും ജീവനെടുത്തത്. മാലൂർക്കുന്ന് എആർ ക്യാംപ് റോഡ് വഴി പറമ്പിൽ ബസാർ ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്ന ഇരുവരും സഞ്ചരിച്ച സ്കൂട്ടർ ഇറക്കത്തിൽ നിയന്ത്രണം വിട്ട് താഴ്ചയിലുള്ള വീടിന്റെ തറയിൽ പതിക്കുകയായിരുന്നു. ഇവിടെ നിർത്തിയിട്ടിരുന്ന രണ്ട് സ്കൂട്ടറുകളെയും തട്ടിത്തെറിപ്പിച്ചാണ് 20 അടിയോളമുള്ള താഴ്ചയിലേക്ക് റാഫിയും മകളും പതിച്ചത്. നിലത്തേക്ക് വീഴുന്നതിനിടെ ഹെൽമെറ്റ് തെറിച്ചുപോയിരുന്നു. തലയിടിച്ച് വീണതിനാൽ സംഭവ സ്ഥലത്തുതന്നെ ഇരുവരും മരിച്ചു.
എരഞ്ഞിക്കൽ ഫാത്തിമ മഹലിൽ റാഫിയുടെ മൂന്ന് മക്കളിൽ ഇളയവളാണ് ഫാത്തിമ നേഹ. പത്ത് വർഷത്തോളം വിദേശത്തായിരുന്ന റാഫി എരഞ്ഞിക്കലിൽ സിമന്റ് കടയിൽ ജോലി ചെയ്ത് വരികയാണ്. മൂത്ത മകളുടെ പ്രസവം സംബന്ധിച്ച് ഭാര്യ ജിസാറ രണ്ടാഴ്ചയായി കുവൈത്തിലാണ്. വീട്ടിലെത്താനിരിക്കുന്ന പുതിയ അംഗത്തെ സന്തോഷത്തോടെ കാത്തിരിക്കുന്നതിനിടെയാണ് ദാരുണമായ സംഭവം. ഭർത്താവ് റാഫിക്കുണ്ടായ അപകടം ജിസാറയെ അറിയിച്ചിട്ടുണ്ടെങ്കിലും മകളുടെ മരണവിവരം അറിയിച്ചിട്ടില്ല. ജിസാറ ഇന്ന് നാട്ടിലെത്തുമെന്നാണ് വിവരം
അതേസമയം അപകടമുണ്ടായ റോഡ് സ്ഥിരം അപകടക്കെണിയാണെന്ന് നാട്ടുകാർ ആരോപിച്ചു. ഇതുവരെ ഈ വളവിൽ 15 വണ്ടികൾ അപകടത്തിൽപെട്ടതായും റാഫിക്കും നേഹയ്ക്കും പുറമെ മുമ്പ് മറ്റൊരാളുടെ കൂടി ജീവൻ ഇവിടെ നഷ്ടമായതായും നാട്ടുകാർ പറയുന്നു. 2024ൽ 40 കാരിയാണ് ഇരുചക്രവാഹനത്തിൽ സഞ്ചരിക്കവെ ഇവിടെനിന്ന് താഴേക്ക് വീണ് മരിച്ചത്. വിവിധ അപകടങ്ങളിലായി 16 പേർക്ക് പരിക്കേറ്റിട്ടുണ്ട്. നാട്ടുകാരുടെ പരാതിക്ക് പിന്നാലെ ഇവിടെ ലോഹപാളികൾ വെച്ച് അപകടവേലി കെട്ടിയിരുന്നു. എന്നാൽ റോഡിന്റെ വളവിൽ ഒരു ഭാഗത്ത് ബാരിയറുകൾ ഒഴിവാക്കിയിട്ടുണ്ട്. നിയന്ത്രണം വിട്ട് വരുന്ന വാഹനങ്ങൾ മറിയാതിരിക്കാൻ ഈ വശത്തേക്ക് തിരിക്കുന്നതാണ് അപകടത്തിന് ഇടയാക്കുന്നത്.
മാങ്ങാട്ടുപറമ്പിൽ ശിവന്റെ പുരയിടത്തിലാണ് നിയന്ത്രണംവിട്ട് വീഴുന്ന യാത്രക്കാരെല്ലാം പതിക്കാറുള്ളത്. അപകടത്തിൽപെട്ടവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകലാണ് തന്റെ സ്ഥിരം ജോലിയെന്ന് ശിവൻ പറയുന്നു. കഴിഞ്ഞ ദിവസം അപകടം നടക്കുമ്പോൾ ശിവനും കുടുംബവും വീട്ടിൽ ഉണ്ടായിരുന്നില്ല. അപകട ശബ്ദം കേട്ട് സമീപവാസികളാണ് ഓടി എത്തിയത്. ഇവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
