സ്മാർട്ട് സിറ്റിയിലേക്ക്‌ മെട്രോ നീട്ടും, പുതിയ റൂട്ടുകളിൽ എഐ; കുതിച്ചുപായാൻ കൊച്ചിമെട്രോ

Share our post

കൊച്ചി : പുതിയ പദ്ധതികളിൽ നിർമിതബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജെൻസ്-എഐ) സാധ്യതകൾ ഉപയോഗപ്പെടുത്തുമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) മാനേജിങ് ഡയറക്ടർ ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. കാക്കനാട്ടേയ്ക്കുള്ള മെട്രോ രണ്ടാംഘട്ടം, അങ്കമാലിയിലേക്കുള്ള മൂന്നാംഘട്ടം, തിരുവനന്തപുരം മെട്രോ എന്നിവയിലെല്ലാം എഐ ഉപയോഗിക്കും. തുടക്കത്തിൽ അഞ്ചുമേഖലകൾ കേന്ദ്രീകരിച്ചാണ് ഇതിന് ശ്രമം നടക്കുന്നതെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. പൊതുഗതാഗത സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കെഎംആർഎല്ലും ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും ധാരണയിലെത്തിയിട്ടുണ്ട്. നിർമിതബുദ്ധി, ഇന്റർനെറ്റ് ഓഫ് തിങ്‌സ്, ബ്ലോക്ക് ചെയിൻ എന്നിങ്ങനെയുള്ള പുത്തൻ സാങ്കേതികവിദ്യകൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്നതിൽ ഉൾപ്പെടെ ഇവർ കെഎംആർഎല്ലിന് ആവശ്യമായ പിന്തുണ നൽകും.

നിർമിതബുദ്ധി ഉപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനും (ഡിഎംആർസി) കെഎംആർഎല്ലും നേരത്തേതന്നെ പഠനം നടത്തിയിരുന്നു. സാധ്യമായ 25 മേഖലകൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇതിൽ കൂടുതൽ പ്രായോഗികമെന്നുകണ്ട അഞ്ചു മേഖലകളിലാണ് തുടക്കത്തിൽ എഐ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.

ടിക്കറ്റിങ്, തിരക്കുനിയന്ത്രണം, ഷെഡ്യൂൾ തയ്യാറാക്കൽ തുടങ്ങിയവ ഉൾപ്പെടെയാണിത്. ഇതിനാവശ്യമായ പദ്ധതി തയ്യാറാക്കും. വാട്ടർമെട്രോയിലും നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിനുപുറമേ രാജഗിരി എൻജിനിയറിങ് കോളേജും ഇതിന് കൊച്ചി മെട്രോയെ സഹായിക്കും. മറ്റു സംസ്ഥാനങ്ങളിലും കേരളത്തിന്റെ മാതൃകയിൽ വാട്ടർമെട്രോ നടപ്പാക്കാൻ തീരുമാനിച്ചിട്ടുള്ളതിനാൽ ഈ പദ്ധതികൾ രാജ്യത്തിനാകെ ഗുണം ചെയ്യും.

നിലവിലെ മെട്രോ റൂട്ടിൽ എഐ സാങ്കേതികത ഉപയോഗിക്കുന്നതിനേക്കാൾ ലാഭകരം പുതിയ പാതകളിൽ ഇത് അവതരിപ്പിക്കുന്നതാണ്. നിലവിലുള്ള റൂട്ടിൽ എഐ നടപ്പാക്കുന്നതിന് കൂടുതൽ ചെലവുവരും. ഇത് കണക്കിലെടുത്താണ് മെട്രോയുടെ രണ്ട്, മൂന്ന് ഘട്ടങ്ങളും തിരുവനന്തപുരം മെട്രോയുമെല്ലാം കേന്ദ്രീകരിച്ച് പദ്ധതി തയ്യാറാക്കുന്നതെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

ഗതാഗതസംവിധാനങ്ങളിൽ രാജ്യത്തെ മറ്റു നഗരങ്ങൾക്ക് മാതൃകയാകുന്നതരത്തിൽ കൊച്ചിയെ മാറ്റുകയാണ് ലക്ഷ്യമിടുന്നതെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് പ്രൊഫസർ ആശിഷ് വർമ പറഞ്ഞു. ഗതാഗതസംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ടുള്ള ധാരണാപത്രത്തിൽ കെഎംആർഎല്ലും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും ഒപ്പിട്ടു. പത്രസമ്മേളനത്തിൽ കെഎംആർഎൽ ഡയറക്ടർ (പ്രോജക്ട്‌സ്) ഡോ. എം.പി. രാംനവാസ് പങ്കെടുത്തു.

മെട്രോ രണ്ടാംഘട്ടം ഡിസംബറിൽ- ലോക്‌നാഥ് ബെഹ്‌റ

കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നിന്നും കാക്കനാട്ടേക്കുള്ള കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന്റെ നിർമാണം ഈവർഷം ഡിസംബറിൽ പൂർത്തിയാക്കുമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) മാനേജിങ് ഡയറക്ടർ ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. സ്ഥലം ലഭിക്കുകയാണെങ്കിൽ സ്മാർട്ട്‌സിറ്റിയിലേക്കുകൂടി മെട്രോ നീട്ടുമെന്നും അദ്ദേഹം പറഞ്ഞു.

സ്മാർട്ട്‌സിറ്റിയിൽ മെട്രോ സ്റ്റേഷൻ നിർമിക്കാൻ തത്ത്വത്തിൽ ധാരണയായിട്ടുണ്ട്. എന്നാൽ സ്ഥലം ലഭിച്ചിട്ടില്ല. സംസ്ഥാന സർക്കാരുമായി ചർച്ചചെയ്ത് സ്മാർട്ട്‌സിറ്റി അധികൃതർ ഇതിൽ തീരുമാനമെടുക്കണം. സ്ഥലം ലഭിച്ചാൽ ടെൻഡർ നടപടികൾ പൂർത്തിയാക്കി സ്മാർട്ട്സിറ്റിയിലേക്ക് മെട്രോ നീട്ടുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കും. അല്ലെങ്കിൽ ഇൻഫോപാർക്ക് വരെയായിരിക്കും മെട്രോ രണ്ടാംഘട്ടം. നാലുവർഷത്തിനകം പൂർത്തിയാക്കണമെന്ന ലക്ഷ്യത്തിലാണ് മെട്രോ രണ്ടാംഘട്ടത്തിന്റെ നിർമാണം തുടങ്ങിയത്. ഈ വർഷം ഡിസംബറിൽ നാലുവർഷമാകും. ഇതിനകം പൂർത്തിയാക്കാനായില്ലെങ്കിൽ പദ്ധതിത്തുക കൂടും.

ഈ ജൂണിൽ പടമുകൾ വരെയുള്ള അഞ്ചു സ്റ്റേഷനുകളിലേക്ക് സർവീസ് ആരംഭിക്കണമെന്ന് ലക്ഷ്യമിട്ടിരുന്നു. എന്നാൽ നിർമാണം ഉദ്ദേശിച്ചരീതിയിൽ പൂർത്തിയാക്കാനായില്ല. നിർമാണമേഖലയിലൂടെ കടന്നുപോകുന്ന ഗ്യാസ് പൈപ്പ്‌ലൈൻ മാറ്റുന്നതിൽ ഉൾപ്പെടെ കാലതാമസംവന്നു. വാഴക്കാലയിലും പടമുകളിലും സ്റ്റേഷനുകളുടെ അകത്തേക്കും പുറത്തേക്കുമുള്ള കവാടങ്ങളുടെ നിർമാണത്തിന് ആവശ്യമായ സ്ഥലം ലഭിച്ചിട്ടില്ല. തടസ്സങ്ങളൊന്നുമില്ലാത്ത സ്ഥലങ്ങളിൽ രാത്രിയും പകലുമെല്ലാം നിർമാണം നടക്കുന്നുണ്ട്. അങ്കമാലിയിലേക്കുള്ള മെട്രോ മൂന്നാംഘട്ടത്തിന്റെ വിശദമായ പദ്ധതി രൂപരേഖ മാർച്ച് പകുതിയോടെ തയ്യാറാകുമെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!