പത്തനംതിട്ടയിൽ അടൂർ പ്രകാശ് മത്സരിച്ചാൽ അയ്യപ്പൻ കൈകാര്യം ചെയ്തോളും- വി. ശിവൻകുട്ടി

Share our post

തിരുവനന്തപുരം: ശബരിമല സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എസ്ഐടി ചോദ്യംചെയ്ത അടൂർ പ്രകാശ് എംപിയോട് പ്രതിപക്ഷനേതാവ് രാജി ആവശ്യപ്പെടുമോ എന്ന് മന്ത്രി വി. ശിവൻകുട്ടി. അടൂർപ്രകാശിനെ ചോദ്യംചെയ്യുമെന്നത് മുൻകൂട്ടി കണ്ടാണ് പ്രതിപക്ഷ നേതാവ് എസ്ഐടിയിൽ വിശ്വാസം ഇല്ലെന്ന് പറഞ്ഞതെന്നും ശിവൻകുട്ടി പറഞ്ഞു. അടൂർപ്രകാശ് പത്തനംതിട്ടയിൽ മത്സരിച്ചാൽ അയ്യപ്പൻ കൈകാര്യം ചെയ്തോളുമെന്നും മന്ത്രി പറഞ്ഞു

അടൂർപ്രകാശിനെ ചോദ്യം ചെയ്തു, സ്വാഭാവികമായും സോണിയാ ഗാന്ധിയേയും ചോദ്യം ചെയ്യേണ്ടേ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്; ‘ചോദ്യം ചെയ്യൽ എന്ന വാക്കു വരുമ്പോഴാണ് പ്രശ്നം ഉണ്ടാകുന്നത്. എന്നാൽ, എന്തിനുവേണ്ടിയാണ് അടൂർപ്രകാശ്, ആന്റോ ആന്റണി എന്നിവരും ഈ കാട്ടുകള്ളന്മാരും തന്നെ കാണാൻ വന്നത് എന്നത് സംബന്ധിച്ച് സോണിയാ ഗാന്ധിയോട് വിവരം ആരായാമല്ലോ. ഒരു പ്രാവശ്യം അല്ല, രണ്ടു പ്രാവശ്യമാണ് വന്നത്. കൂടുതൽ പ്രാവശ്യം വന്നിട്ടുണ്ടോ എന്നറിയില്ല. മാത്രമല്ല, എന്തോ കൈമാറുകയൊക്കെ ചെയ്തിട്ടുണ്ട്. ആരാണ് അവർക്ക് പാസ് വാങ്ങിക്കൊടുത്തത്? അവർക്ക് എന്ത് സ്വാധീനമാണുള്ളത്? പ്രതികളിൽ ഒരാൾ ബെല്ലാരിയിൽനിന്നുള്ളയാളാണ്. സോണിയാ ഗാന്ധി നേരത്തെ ബെല്ലാരിയിൽനിന്നുള്ള എംപിയായിരുന്നില്ലേ?’  ശിവൻകുട്ടി ചോദിച്ചു.

അന്വേഷണ സമിതിയിൽ ഹൈക്കോടതി സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, അതിൽ പ്രതിപക്ഷനേതാവ് തൃപ്തനല്ല. യുഡിഎഫ് കൺവീനറെ ചോദ്യംചെയ്യാൻ സാധ്യതയുണ്ട് എന്നകാര്യം മനസ്സിലാക്കിയായിരിക്കും ഹൈക്കോടതിയെ വിമർശിക്കാൻ പ്രതിപക്ഷ നേതാവ് തയ്യാറായത്, ശിവൻകുട്ടി കൂട്ടിച്ചേർത്തു.അടൂർ പ്രകാശിനെ എസ്ഐടി ചോദ്യംചെയ്തതിനു പിന്നാലെ യുഡിഎഫിനെ പരോക്ഷമായി പരിഹസിച്ചുകൊണ്ട് ഫേയ്സ്ബുക്ക് കുറിപ്പും ശിവൻകുട്ടി പങ്കുവെച്ചിരുന്നു. ‘ആ പാരഡി പാട്ടൊന്ന് മാറ്റി പാടിയാലോ…’ എന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. സ്വർണ്ണം കട്ടത് ആരപ്പാ എന്ന ഗാനം തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ യുഡിഎഫ് വൻതോതിൽ ഉപയോഗിച്ചിരുന്നു. എന്നാൽ, പിന്നീട് കോൺഗ്രസിനെതിരേ എൽഡിഎഫ് ഇതേ പാരഡി ഗാനം തന്നെ ആയുധമാക്കിയിരുന്നു. നിയമസഭയിൽ വി. ശിവൻകുട്ടിയടക്കമുള്ളവർ കോൺഗ്രസിനെതിരേയും പാരഡിപ്പാട്ട് ഉപയോഗിച്ചിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!