നെഞ്ചിലേക്ക് ഇടിത്തീപോലെ ഡോക്ടറുടെ ആ വാക്കുകൾ, നോവിന്റെ നനവിലും മകൾക്കായി ജീവിതം ഉഴിഞ്ഞൊരമ്മ
ആദ്യത്തെ കണ്‍മണിയ്ക്കായി കാത്തിരുന്ന സുമയ്യയുടേയും മുസമ്മിലിന്റേയും നെഞ്ചിലേക്ക്, ഇടിത്തീപോലെയാണ് ഡോക്ടറുടെ ആ വാക്കുകളെത്തിയത്. കുട്ടിക്ക് ചില കുഴപ്പങ്ങളുണ്ട്, ഒരു കയ്യില്ല, മറ്റ് ചില കുഴപ്പങ്ങളും ഉണ്ടായേക്കാം. നിങ്ങള്‍ രണ്ടുപേരും, ചെറിയ പ്രായമാണ്, ഇതുമായി മുന്നോട്ടുപോണോയെന്ന് ആലോചിക്കൂ. ഗർഭത്തിന്റെ അഞ്ചാം മാസമായിരുന്നു. വയറ്റില്‍ കുഞ്ഞാമിനയുടെ അനക്കങ്ങള്‍ സുമയ്യക്ക് അറിയാന്‍ കഴിഞ്ഞിരുന്നു. ദൈവം തന്ന ആ കുഞ്ഞിനെ, എന്തൊക്കെ കുറവുകളുണ്ടെങ്കിലും, ഇരുകയ്യും നീട്ടി സ്വീകരിക്കാന്‍ ഇരുവരും തീരുമാനിച്ചു.
ഇനി ജീവിതം മകള്‍ക്കായി മാത്രം
2012 മേയ് 19, ആമിന ജനിച്ച ദിവസം. ആശുപത്രിക്കിടക്കയില്‍ അർദ്ധ ബോധാവസ്ഥയിലും, അരികത്തിരുന്ന ഭർത്താവ് മുസമ്മലിനോട് സുമയ്യ ചോദിച്ചു, കുഞ്ഞിന് എത്രകൈകളുണ്ട്. സങ്കടക്കടല്‍ ഉളളിലൊളിപ്പിച്ച്, നിറഞ്ഞ കണ്ണുകളോട് മുസമ്മില്‍ പറഞ്ഞു, രണ്ടുകൈകളുമില്ല. ഒരു പതിനെട്ടുകാരിക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു, അത്. ആദ്യമായി ആമിനയെ കയ്യിലെടുത്തപ്പോള്‍ സുമയ്യ മനസ്സിലുറപ്പിച്ചിരുന്നു, ഇനി ജീവിതം മകള്‍ക്കായി മാത്രം. കൈകളില്ലാത്ത മകളെ ഇരുകയ്യകളാലും ചേർത്തുപിടിച്ചൊരുമ്മ, അവള്‍ക്കായി ഉറങ്ങാതിരുന്ന ഉമ്മ, അവള്‍ക്കായി പഠിച്ചൊരുമ്മ, ആമിനയുടെ ഉമ്മ സുമയ്യ.
മകള്‍ വളർന്നുവരുമ്പോള്‍ എല്ലാവരെയും പോലെ അവളെയും സ്കൂളില്‍ ചേർക്കണം. അപ്പോള്‍ അവളുടെ കൂടെ ആ സ്കൂളില്‍ തനിക്കും ജോലിയുണ്ടാകണം. പ്ലസ് ടു വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന 18 കാരിയുടെ പഠനം അവിടെ വീണ്ടും തുടങ്ങി. രാത്രിപകലാക്കി പഠിച്ചു. ബികോം, എംകോം, എംബിഎ, ബിഎഡ്. ബിരുദങ്ങളോരോന്നും പേരിനൊപ്പം ചേർത്തുവയ്ക്കുമ്പോഴെല്ലാം ആമിനയുടെ മുഖം മാത്രമായിരുന്നു മനസ്സില്‍. പ്രതിസന്ധികളിലെല്ലാം കരുത്തായും കൂട്ടായും ഭർത്താവ് മുസമ്മിലും സുമയ്യയുടെ ഉപ്പ അഷ്റഫും ഉമ്മ സീനത്തും സഹോദരന്‍ അല്‍ അമീനും ഒപ്പം വലിയുമ്മ ആബിദയും കൂടെ നിന്നു.
∙ കാലുകളാൽ എഴുതിയ ആദ്യാക്ഷരങ്ങൾ
ഇതിനിടെ കുഞ്ഞാമിന വളർന്നു. രണ്ടര വയസ്സായപ്പോഴാണ് നടന്നുതുടങ്ങിയത്. മറ്റുളളവർ കൈകൊണ്ട് ചെയ്യുന്ന കാര്യങ്ങളെല്ലാം അവള്‍ കാലുകൊണ്ടുചെയ്തു. കൈകളില്ലെന്നുളളതല്ലാതെ മറ്റ് കുഴപ്പങ്ങളില്ലാതിരുന്നതുകൊണ്ടുതന്നെ സാധാരണ സ്കൂളില്‍ ആമിനയെ പഠിപ്പിക്കാന്‍ ആഗ്രഹിച്ചു. പക്ഷേ, അതത്ര എളുപ്പമായിരുന്നില്ല. പല സ്കൂളുകളും പ്രവേശനം നല്‍കാന്‍ വിമുഖത കാണിച്ചു. പക്ഷേ തോല്‍ക്കാന്‍ ആമിനയ്ക്കും സുമയ്യക്കും മനസ്സുണ്ടായിരുന്നില്ല.
തിരുവനന്തപുരം ആറ്റിങ്ങലിലെ ഡ്രീം പാർക്ക് മോണ്ടിസെറി പ്രീ സ്കൂളില്‍ ആമിനയെ ചേർത്തു. അത്രത്തോളം കരുതലോടെ അതുവരെ ആമിനയെ ആരും ചേർത്തുപിടിച്ചിട്ടുണ്ടായിരുന്നില്ല. അവിടെ നിന്നവള്‍ കാലുകൊണ്ട് എഴുതാന്‍ പഠിച്ചു. ചിത്രം വരയ്ക്കാനും. പിന്നീട് ബ്ലൂ മോണ്ട് പബ്ലിക് സ്കൂളില്‍ ഏഴാം ക്ലാസ് വരെയും. മൂന്നാം ക്ലാസ് വരെ കൂട്ടുകാരെല്ലാം ബഞ്ചിലിരുന്ന് എഴുതുമ്പോള്‍ ക്ലാസ് മുറിയില്‍ പായ വിരിച്ച് അതിലിരുന്ന് ആമിനയെഴുതി. ജീവിതത്തിന്റെ കയ്പേറിയ പാഠങ്ങളും ഇതിനിടെ അവള്‍ പഠിച്ചു. കൂട്ടുകാരില്‍ പലരും കളിയാക്കിയപ്പോള്‍ മനസ്സിലുറപ്പിച്ചു, ഇനി കൈകളാൽ തന്നെയെഴുതും. ദൈവത്തിന് പറ്റിയ ഓർമത്തെറ്റായിരിക്കാം, ആമിനയുടെ പാതിയായ ഇരുകൈകള്‍. ആ കൈകളില്‍ പെന്‍സില്‍ ചേർത്തുവച്ച് ആമിന എഴുതിത്തുടങ്ങി. ഇന്ന് കാലുകൊണ്ടും കൈകള്‍കൊണ്ടും മനോഹരമായി അവള്‍ എഴുതും, ചിത്രങ്ങള്‍ വരയ്ക്കും. അതുകണ്ട് ഇപ്പോള്‍ ദൈവം പുഞ്ചിരിക്കുന്നുണ്ടാകും.
∙ യുഎഇയും പുതിയൊരു ലോകവും
ആമിനയെപ്പോലുളള കുട്ടികള്‍ക്ക് യുഎഇ നല്‍കുന്ന സൗകര്യങ്ങളും അവസരങ്ങളുമെല്ലാം അറിഞ്ഞതോടെയാണ് ഇവിടേക്ക് വരാന്‍ സുമയ്യ തീരുമാനിക്കുന്നത്. അങ്ങനെ ആമിനയും ഉമ്മയും ഉപ്പയും അനിയത്തി ഫാത്തിമയും കടല്‍ കടന്നു. അജ്മാന്‍ കോസ്മോ പൊളൈറ്റന്‍ സ്കൂളില്‍ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് ഇന്ന് ആമിന. അതേ സ്കൂളില്‍ തന്നെ ടീച്ചറാണ് സുമയ്യ. ഇവിടെ എല്ലാവരെയും ഒരുപോലെയാണ് കാണുന്നത്, എല്ലാ കുട്ടികളും ഒരുപോലെ ആമിന പറയുമ്പോള്‍ ആ വാക്കുകളില്‍ പിന്നിട്ട കാലമേല്‍പിപ്പിച്ച നോവിന്റെ നനവ്.
∙ നന്മയുടെ ഒരുകരം
ഏത് കൂരിരുട്ടിലും തെളിയുന്ന ഒരു തിരിവെട്ടം പോലെ, പ്രതിസന്ധികളില്‍ നമ്മെ ചേർത്ത് പിടിക്കാന്‍ നന്മയുടെ ഒരുകരമെത്തും. സുമയ്യയ്ക്കും ആമിനയ്ക്കും അങ്ങനെയൊരു കരമാണ്, റുബീന ടീച്ചറിന്റേത്. സുമയ്യയുടെ കൂട്ടുകാരി, ആമിനയുടെ പ്രിയപ്പെട്ട റുബീന ടീച്ചർ. സങ്കടങ്ങള്‍ പങ്കുവയ്ക്കാനും മുന്നോട്ടുപോകാന്‍ പ്രചോദനമാകാനും ഒരു സഹോദരിയെപ്പോലെ കൂടെ നില്‍ക്കുന്നു റുബീന ജംഷീർ. ഇനിയും അവസരങ്ങള്‍ കിട്ടിയാല്‍ ചിത്രം വരയിലും കവിതാ രചനയും ഒരുപോലെ ശോഭിക്കാന്‍ ആമിനയ്ക്ക് കഴിയും, റുബീന പറയുന്നു.
ഐഎഎസുകാരിയാകണമെന്നതാണ് ആമിനയുടെ ആഗ്രഹം. ഒപ്പം ഈ വരയും കവിതയുമെല്ലാം മുന്നോട്ടുകൊണ്ടുപോകണം, ആമിനയ്ക്ക് പോകാന്‍ ഇനിയുമേറെ ദൂരം ബാക്കിയുണ്ട്. താന്‍ കഷ്ടപ്പെട്ടതും ഇപ്പോള്‍ കഷ്ടപ്പെടുന്നതുമെല്ലാം അവള്‍ക്കുവേണ്ടിയാണ്, അവളാണ് തന്റെ ലോകം, എവിടെയും തലകുനിക്കാതെ അവള്‍ ജീവിക്കണം, അതാണ് തന്റെ ലക്ഷ്യം, ആമിനയെ ചേർത്ത് നിർത്തി സുമയ്യ മുന്നോട്ടുനടന്നു, അതുകാണുമ്പോള്‍, അവരെ അറിഞ്ഞവരുടെയുളളില്‍ ആമിനയുടെ കാലക്ഷരത്തില്‍ പിറന്ന ഈ വരികള്‍ ഈ ഓർമ്മവരും, അവരുടെ ചുണ്ടുകള്‍ മന്ത്രിക്കും,
എനിക്കായി ജീവിതം ഉഴിഞ്ഞൊരമ്മ,
പേടിയില്ലെനിക്കൊരുകൂരിരുട്ടും,
വഴികണ്ണുമായെന്നമ്മയുണ്ട്.
പേടിയില്ലെനിക്കൊരുമാരിയും വേനലും,
കരുതലായെന്നമ്മച്ചിറകുണ്ട്.
അവള്‍ ആമിനയുടെ ഉമ്മ, സുമയ്യ.
