2026 ഹജ്ജ് സീസൺ: വിസാവിതരണം ഞായർ ആരംഭിക്കും

Share our post

റിയാദ് : ഇ‍ൗ ഹജ്ജ് സീസണിലേക്കുള്ള വിസാവിതരണം ഞായർ മുതൽ ആരംഭിക്കുമെന്ന്‌ സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഹജ്ജ് കർമങ്ങൾക്ക് നാലുമാസം മുന്പേ നടപടി ആരംഭിക്കുന്നതിലൂടെ സേവനസന്നദ്ധത ഉറപ്പാക്കാനും തീർഥാടകരുടെ സൗകര്യം വർധിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

വിദേശത്തുനിന്ന് എത്തുന്നവർക്ക് തീർഥാടനകേന്ദ്രങ്ങളിലെ 100 ശതമാനം സേവന കരാറും മക്കയിലെ താമസസൗകര്യ കരാറുകളും നുസ്‌ക്‌ പ്ലാറ്റ്ഫോമിലൂടെ പൂർത്തിയാക്കിയതായും മന്ത്രാലയം അറിയിച്ചു. ഇതുവരെ 7.5 ലക്ഷം തീർഥാടകർ രജിസ്റ്റർ ചെയ്തിട്ടുണ്ട്‌. രാജ്യത്തുനിന്നും 30,000 പേർ പാക്കേജുകൾ ബുക്ക് ചെയ്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

തീർഥാടനകേന്ദ്രങ്ങളിൽ വിദേശ ഹാജിമാർക്കായി 485 ക്യാമ്പുകൾ അനുവദിച്ചിട്ടുണ്ട്‌. 73 ഹജ്ജ് കാര്യാലയങ്ങൾ അടിസ്ഥാന കരാർ നടപടി പൂർത്തിയാക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിനകത്തും പുറത്തുമായി ബന്ധപ്പെട്ട ഏജൻസികളുമായുള്ള ഏകോപനം തുടരുകയാണ്. വിശാലമായ സംഘാടന, സാങ്കേതിക നടപടികളുടെ ഭാഗമായാണ് മുൻകൂർ വിസാവിതരണം ആരംഭിച്ചത്‌. ഇതിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും എത്തുന്ന ലക്ഷക്കണക്കിന് തീർഥാടകർക്ക് കൂടുതൽ സൗകര്യപ്രദവും കാര്യക്ഷമവുമായ ഹജ്ജ് അനുഭവം ഉറപ്പാക്കാനാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!