സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിച്ച് ലൈസൻസ് നഷ്ടമായത് 3,305 പേർക്ക്

Share our post

ഒറ്റപ്പാലം: മദ്യപിച്ച് വാഹനമോടിക്കുന്നവരുണ്ടെങ്കിൽ സൂക്ഷിക്കുക. മോട്ടോർ വാഹനവകുപ്പോ പോലീസോ പിടിച്ചാൽ ലൈസൻസ് പോകും. കഴിഞ്ഞവർഷം സംസ്ഥാനത്ത് ഏറ്റവുംകൂടുതൽ പേർക്ക് ലൈസൻസ് നഷ്ടമായത് മദ്യപിച്ച് വാഹനമോടിച്ചതിനാണ്.2025 സെപ്റ്റംബർവരെയുള്ള കണക്കുപ്രകാരം 3,305 പേരാണ് താത്കാലിക ലൈസൻസ് റദ്ദാക്കൽ നടപടിക്ക് വിധേയരായത്. ആകെ ലൈസൻസ് റദ്ദാക്കിയതിന്റെ 37 ശതമാനത്തോളംപേരും ഈ വിഭാഗത്തിൽപ്പെടുന്നവരാണെന്ന് മോട്ടോർ വാഹനവകുപ്പിൽനിന്ന് ലഭിച്ച വിവരാവകാശരേഖയിൽ പറയുന്നു.

നടപടിനേരിട്ടവരിൽ രണ്ടാംസ്ഥാനത്ത് വാഹനാപകട മരണങ്ങൾക്ക് കാരണക്കാരായ ഡ്രൈവർമാരാണ്. 2025 സെപ്റ്റംബർവരെയുള്ള കണക്കുപ്രകാരം ഈ വിഭാഗത്തിൽ 558 പേർക്ക് ലൈസൻസ് താത്കാലികമായി നഷ്ടമായി. അമിതവേഗത്തിന് 155 പേരുടെയും മൊബൈൽ ഉപയോഗിച്ചുകൊണ്ട് വാഹനമോടിച്ചതിന് 90 പേരുടെയും ചരക്ക് വാഹനങ്ങളിൽ അനുവദനീയമായതിൽക്കൂടുതൽ ഭാരംകയറ്റിയതിന് 59 പേരുടെയും ലൈസൻസ് സസ്‌പെൻഡ് ചെയ്‌തെന്നും വിവരാവകാശ രേഖയിൽ പറയുന്നു. ആറുമാസം മുതൽ രണ്ടുവർഷംവരെ ലൈസൻസ് നഷ്ടമായവരുണ്ട്.

ആറുവർഷത്തിനിടെ 59,477 പേരുടെ ലൈസൻസാണ് വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് മോട്ടോർവാഹനവകുപ്പ് താത്കാലികമായി റദ്ദാക്കിയത്. കഴിഞ്ഞ നാലുവർഷവും പതിനായിരത്തിലേറെപേർ നടപടി നേരിട്ടു. 2025-ൽ സെപ്റ്റംബർവരെമാത്രം 9,051 പേർക്ക് ലൈസൻസ് നഷ്ടമായി. തുടർന്നുള്ള മാസങ്ങളിലെ കണക്കുകൾ കൂട്ടിയാൽ 10,000 കടക്കുമെന്നാണ് മോട്ടോർവാഹനവകുപ്പ് അധികൃതർ പറയുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!