ബജറ്റിൽ ഉൾപ്പെടുത്തിയത് കടലാമകൾ ഇതുവരെ അറിഞ്ഞില്ല; ഈ സീസണിൽ ഇതുവരെ മുട്ടയിടാൻ എത്തിയില്ല!

Share our post

ആലപ്പുഴ ∙ കേന്ദ്ര ബജറ്റിൽ കടലാമ പ്രജനന കേന്ദ്രങ്ങളിൽ വിനോദസഞ്ചാര പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും ഇവ കേരളതീരത്തെ കൈവിടുന്നുവെന്ന ആശങ്കയിൽ കടലാമ സംരക്ഷണ പ്രവർത്തകർ. കടലാമകൾ മുട്ടയിടാനെത്തുന്ന സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലൊന്നായ തോട്ടപ്പള്ളിയിൽ ഈ സീസണിൽ ഇതുവരെ അവ എത്തിയിട്ടില്ല. ഒക്ടോബർ മുതൽ മാർച്ച് വരെയാണു കടലാമകളുടെ പ്രജനനകാലം.

തോട്ടപ്പള്ളിയിൽ 4 വർഷം മുൻപാണ് ഏറ്റവും കൂടുതൽ കടലാമകൾ മുട്ടയിടാൻ എത്തിയത്. പിന്നീട് മണൽ ഖനനം കാരണം ഇവയുടെ പ്രജനന കേന്ദ്രങ്ങൾ നഷ്ടമായി. കഴിഞ്ഞവർഷം പുന്നപ്ര ഭാഗത്തു കുറച്ച് ആമകൾ മുട്ടയിട്ടിരുന്നു. ഖനനത്തിനൊപ്പം കാലാവസ്ഥ വ്യതിയാനവും കടലാമകൾ എത്താത്തിനു കാരണമാകാമെന്നു സംരക്ഷകർ പറയുന്നു.

‘‘ബജറ്റ് കാരണം കടലാമ പ്രശസ്തമായെന്നു മാത്രമേയുള്ളൂ. അവയെ സംരക്ഷിക്കാൻ അധികാരികൾ എന്തു ചെയ്യുമെന്നു കാണാം. വലിയ പ്രതീക്ഷയൊന്നുമില്ല.’’

കടലാമകൾക്കു ഭീഷണിയാകുന്ന വിധം തീരത്തെ ഖനനം പ്രോത്സാഹിപ്പിക്കുന്ന ധാതുമണൽ ഇടനാഴി കൂടി പ്രഖ്യാപിച്ച ബജറ്റ് വൈരുധ്യം നിറഞ്ഞതാണെന്നും അവർ പറയുന്നു. കടലാമകളെ സംരക്ഷിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി ഇന്ത്യയിൽനിന്നുള്ള ചെമ്മീൻ വാങ്ങാൻ വിസമ്മതിക്കുന്ന രാജ്യങ്ങളെ ബോധ്യപ്പെടുത്താനുള്ള വെറും പ്രഖ്യാപനമാണ് ഇതെന്നാണ് അവരുടെ വാദം. കടലാമ പ്രജനനത്തെ വിനോദസഞ്ചാരവുമായി ബന്ധിപ്പിക്കുന്നതും അപകടകരമാണ്. കൂടുതൽ ആളുകൾ എത്തുന്ന തീരങ്ങളിൽ കടലാമകൾ മുട്ടയിടാൻ എത്താറില്ല.

13 വർഷമായി തോട്ടപ്പള്ളിയിൽ കടലാമകളുടെ പ്രജനനത്തിനു സംരക്ഷണം ഒരുക്കുന്നുണ്ട്. സംരക്ഷണ പ്രവർത്തകർ സ്വന്തം ചെലവിൽ അവിടെ ഹാച്ചറിയും ഒരുക്കി. വനം വകുപ്പു കുറച്ചുകാലം വാച്ചർ അലവൻസ് നൽകിയതല്ലാതെ സർക്കാരിൽനിന്ന് ഒരു സഹായവും ലഭിച്ചിട്ടില്ല. സംസ്ഥാനത്തു തോട്ടപ്പള്ളി, ചാവക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണു കടലാമകൾ മുട്ടയിടാൻ എത്തുന്നത്. അവിടെയെല്ലാം സന്നദ്ധ സംഘടനകളാണു സംരക്ഷണം ഒരുക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!