ഫാറ്റി ലിവർ മാറ്റിയെടുക്കാൻ സാധ്യമോ? ഈ ശീലങ്ങൾ പിന്തുടരാം
മദ്യപാനം മൂലമല്ലാത്ത കാരണങ്ങളാൽ കരളിൽ അമിതമായ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ രോഗം (NAFLD). ഇന്ത്യക്കാരിൽ ഏകദേശം 35 മുതൽ 40 ശതമാനംപേരെ രോഗം ബാധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ, ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുകയാണ് കാർഡിയോളജിസ്റ്റ് അലോക് ചോപ്ര.
ഫാറ്റി ലിവർ മാറ്റിയെടുക്കാൻ സാധിക്കുമെന്നാണ് ഡോക്ടർ പറയുന്നത്. കരൾ ഡിട്ടോക്സിഫൈ ചെയ്യുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ മെറ്റബോളിസം, ഹോർമോണുകൾ, ഊർജ്ജം എന്നിവയ്ക്ക് കരളിന്റെ ആരോഗ്യം പ്രധാനവുമാണ്. എന്നാൽ, കരളിന്റെ ആരോഗ്യം വീണ്ടെടുക്കാൻ ശരിയായ അന്തരീക്ഷം ആവശ്യമാണ്. നേരത്തെയുള്ള നടപടി, ശരിയായ പോഷകാഹാരം, ജീവിതശൈലി മാറ്റങ്ങൾ എന്നിവയും പ്രധാനമാണ്.
ഫാറ്റി ലിവർ എങ്ങനെ മാറ്റിയെടുക്കാം?
- രാത്രിഭക്ഷണം നേരത്തെ കഴിക്കാം.
- ഇന്റർമിറ്റന്റ് ഫാസ്റ്റിങ് രീതി ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം.
- സീഡ് ഓയിലിന് പകരം നെയ്യ് ഉപയോഗിക്കാം.
- സംസ്കരിച്ച ഭക്ഷണം ഒഴിവാക്കാം.
- ആന്റിഓക്സിഡന്റ് സമൃദ്ധമായ ഭക്ഷണങ്ങൾ ഡയറ്റിന്റെ ഭാഗമാകാം.
ലക്ഷണങ്ങൾ ശ്രദ്ധിക്കാം
അപ്രതീക്ഷിതമായി ശരീരഭാരം വർധിക്കുന്നത്
ഫാറ്റി ലിവർ രോഗത്തിന്റെ ആദ്യത്തെ മുന്നറിയിപ്പ് സൂചന അപ്രതീക്ഷിതമായ ശരീരഭാരം വർധിക്കുന്നതാണെന്ന് ഡോക്ടർ പറയുന്നു. പ്രത്യേകിച്ചും വയറിന് ചുറ്റും കൊഴുപ്പ് അടിയുന്നുണ്ടെങ്കിൽ ശ്രദ്ധവേണം.
എപ്പോഴും ക്ഷീണം
ആവശ്യത്തിന് വിശ്രമിച്ചാലും വിട്ടുമാറാത്ത ക്ഷീണവും ബലഹീനതയും കരളിന്റെ പ്രശ്നങ്ങളെ സൂചിപ്പിക്കുന്നതാകാം
വയറുവേദന
വയറിന്റെ മുകൾ ഭാഗത്ത് വലതുവശത്തുള്ള വേദനയും നീർവീക്കവും ഫാറ്റി ലിവർ രോഗത്തെ സൂചിപ്പിക്കുന്നതുമാകാമെന്ന് ഡോക്ടർ പറയുന്നു.
രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ്
രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് ഇൻസുലിൻ പ്രതിരോധവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ഫാറ്റി ലിവർ ഉള്ളവരിൽ സാധാരണയായി കാണപ്പെടുന്ന രോഗലക്ഷണമാണ്.
മൂത്രത്തിൻ്റെ നിറംമാറ്റം
കടുംനിറത്തിലുള്ള മൂത്രം കരളിൻ്റെ പ്രവർത്തനം ശരിയല്ല എന്നതിന്റെ സൂചനയാകാം.
ചർമത്തിലും കണ്ണിലും മഞ്ഞനിറം
ചർമത്തിലും കണ്ണുകളിലും മഞ്ഞനിറം ഉണ്ടാകുന്നത് ഫാറ്റി ലിവർ രോഗം മൂർച്ഛിച്ചതിൻ്റെയോ കരളിൻ്റെ പ്രവർത്തനം ശരിയല്ല എന്നതിന്റെയോ ലക്ഷണമാകാം.
കൊളസ്ട്രോൾ
ഹൃദയസംബന്ധമായ പ്രശ്നമാണ് കൊളസ്ട്രോൾ. എന്നാൽ, ഫാറ്റി ലിവർ രോഗികളിൽ ഈ അവസ്ഥ കാണാറുണ്ട്.
എളുപ്പത്തിൽ ചതവും രക്തസ്രാവവും ഉണ്ടാകുന്നത്
എളുപ്പത്തിൽ ചതവും രക്തസ്രാവവും ഉണ്ടാകുന്നുവെങ്കിൽ അത് ഫാറ്റി ലിവർ രോഗം മൂർച്ഛിച്ചതിൻ്റെ സൂചനയാകാമെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു.
(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)
