സ്വകാര്യതയിൽ കളിക്കണ്ട:മെറ്റയ്ക്ക് സുപ്രീംകോടതിയുടെ താക്കീത്

Share our post

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെ സ്വകാര്യതാ നയത്തിൽ ഫെയ്‌സ്ബുക്ക് മാതൃകമ്പനിയായ മെറ്റയ്ക്ക് മുന്നറിയിപ്പുമായി സുപ്രീം കോടതി. ഇന്ത്യൻ പൗരന്മാരുടെ സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്നും രാജ്യത്തെ നിയമങ്ങൾ പാലിക്കാൻ സാധിക്കില്ലെങ്കിൽ ഇന്ത്യ വിട്ടുപോകുന്നതാണ് നല്ലതെന്നും ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഉപഭോക്താക്കളുടെ വിവരങ്ങൾ പരസ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് വ്യക്തിഗത വിവരങ്ങളുടെ മോക്ഷണം ആണെന്ന് കോടതി നിരീക്ഷിച്ചു. വാട്‌സ്ആപ്പിന്റെ 2021-ലെ സ്വകാര്യതാ നയത്തിനെതിരെ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ചുമത്തിയ 213 കോടി രൂപയുടെ പിഴ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ രൂക്ഷവിമർശനം.

ഉപഭോക്താക്കൾക്ക് വിവരങ്ങൾ പങ്കുവെക്കാൻ താൽപ്പര്യമില്ലെങ്കിൽ സേവനം വേണ്ടെന്ന് വെക്കാനുള്ള സംവിധാനം വളരെ സങ്കീർണ്ണമാണ്. തമിഴ്‌നാട്ടിലെ ഒരു ഗ്രാമീണനോ വഴിയോര കച്ചവടക്കാരനോ മനസ്സിലാക്കാൻ കഴിയാത്ത വിധം സങ്കീർണ്ണമായ ഭാഷയിലാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്.വിപണിയിലെ തങ്ങളുടെ ആധിപത്യം ഉപയോഗിച്ച് ഉപഭോക്താക്കളെ ഇത്തരം നയങ്ങൾ അംഗീകരിക്കാൻ നിർബന്ധിക്കുകയാണ് മെറ്റ ചെയ്യുന്നത്. ഇത് ഭരണഘടനാ വിരുദ്ധമാണ്. ഒരു പൗരന്റെ  ഒരു തരി ഡിജിറ്റൽ വിവരങ്ങൾ പോലും അനുവാദമില്ലാതെ പങ്കുവെക്കാൻ അനുവദിക്കില്ല.

ലാഭത്തിന് വേണ്ടി ജനങ്ങളുടെ അവകാശങ്ങൾ ഹനിക്കാൻ അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. വിവരങ്ങൾ പങ്കുവെക്കില്ലെന്ന് സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി മെറ്റയോട് നിർദ്ദേശിച്ചു. അല്ലാത്തപക്ഷം വാട്‌സ്ആപ്പിന്റെ പ്രവർത്തനം തടയുന്നതടക്കമുള്ള കർശന നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്നും കോടതി സൂചിപ്പിച്ചു. കേസ് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!