വാളയാർ ആൾക്കൂട്ടക്കൊല: എട്ടു പ്രതികൾക്ക് ജാമ്യം

Share our post

പാലക്കാട്: വാളയാർ ആൾക്കൂട്ടക്കൊലപാതകക്കേസിൽ റിമാൻഡിലായിരുന്ന ആറാം പ്രതി ഒഴികെയുള്ള എട്ടുപേർക്ക് വ്യവസ്ഥകളോടെ ജാമ്യം. മണ്ണാർക്കാട് എസ്.സി., എസ്.ടി. ജില്ലാ പ്രത്യേക കോടതി ജഡ്ജി ജോമോൻ ജോൺ ആണ് ജാമ്യം അനുവദിച്ചത്.

പാമ്പാമ്പള്ളം അട്ടപ്പള്ളം കല്ലങ്കാട് അനു(38), അട്ടപ്പള്ളം മഹാളിക്കാട് പ്രസാദ്(34), മഹാളിക്കാട് മുരളി(38), കിഴക്കേ അട്ടപ്പള്ളം അനന്തൻ(55), കിഴക്കേ അട്ടപ്പള്ളം വിനിതാ നിവാസിൽ വിപിൻ(30), തമ്പാട്ടിവീട്ടിൽ ജഗദീഷ് കുമാർ(44), മഹാളിക്കാട് കോരത്ത് വീട്ടിൽ ഷാജി(38), കിഴക്കേ അട്ടപ്പള്ളം എം. രാജേഷ്(31) എന്നിവർക്കാണ് ജാമ്യം. വ്യവസ്ഥകൾ പൂർത്തിയാക്കി മലമ്പുഴ ജില്ലാ ജയിലിൽനിന്ന് ഇവർ പുറത്തിറങ്ങി.

ജില്ലാ കോടതിയിൽ ജാമ്യഹർജി സമർപ്പിക്കാൻ വൈകിയതാണ് ആറാംപ്രതി കിഴക്കേ അട്ടപ്പള്ളം വിനോദ് കുമാറിന്(54) ജാമ്യം വൈകുന്നതിന് കാരണമെന്ന് പ്രതിഭാഗം അഭിഭാഷകർ പറഞ്ഞു. ജാമ്യഹർജി സമർപ്പിച്ചിട്ടുണ്ട്. ഹർജി ഈയാഴ്ച പരിഗണിക്കും. അറസ്റ്റിലായശേഷം രണ്ടുതവണ പ്രതികളുടെ റിമാൻഡ് നീട്ടിയിരുന്നു. തുടർന്നാണ് ജാമ്യം അനുവദിച്ചത്.

പ്രതികൾ പാലക്കാട് ജില്ല വിട്ടുപോകരുതെന്ന് ജാമ്യവ്യവസ്ഥയിൽ നിർദേശിച്ചിട്ടുണ്ട്. പാസ്പോർട്ട് സമർപ്പിക്കണം, 50,000 രൂപയുടെ രണ്ട് ബോണ്ടുകൾ ഹാജരാക്കണം തുടങ്ങിയ വ്യവസ്ഥകളും ഉൾ‌പ്പെടുത്തിയിട്ടുണ്ട്ക്രൈംബ്രാ‍ഞ്ചിന് വേണ്ടി ഓൺലൈനായി ഹാജരായ പാലക്കാട് പബ്ലിക്പ്രോസിക്യൂട്ടർ വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും പ്രതിഭാഗം അഭിഭാഷകരുടെ വാദം പരിഗണിച്ച് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

ഡിസംബർ 17-നാണ് അതിഥിത്തൊഴിലാളിയായ ഛത്തീസ്ഗഡ് ബിലാസ്‌പുർ സ്വദേശി രാംനാരായൺ ഭാഗേൽ(31) വാളയാർ‌ കിഴക്കേ അട്ടപ്പള്ളം പാൽമരത്തുണ്ടായ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മോഷണക്കുറ്റം ആരോപിച്ചാണ് ക്രൂരമായ സംഘടിത മർദനം അരങ്ങേറിയത്. പ്രധാന പ്രതികൾ അറസ്റ്റിലായെങ്കിലും മറ്റുള്ളവരുടെ അറസ്റ്റ് വൈകുകയാണ്. സംഭവസമയത്ത് ചിത്രീകരിച്ച മൊബൈൽ ഫോൺ ദൃശ്യങ്ങളിൽനിന്ന് കൂടുതൽ ശാസ്ത്രീയതെളിവുകൾ േശഖരിച്ചുവരികയാണെന്നും ക്രൈംബ്രാ‍ഞ്ച് അധികൃതർ പറയുന്നു.‌

ഭാരതീയ ന്യായസംഹിത(ബി.എൻ.എസ്.) പ്രകാരം ആൾ‌ക്കൂട്ട കൊലപാതകത്തിന് ചുമത്തുന്ന 103(2) വകുപ്പും പട്ടികജാതി-പട്ടികവർഗ പീഡനനിരോധന നിയമത്തിലെ വകുപ്പും ഉൾപ്പെടുത്തിയാണ് പ്രതികൾക്കെതിരേ കേസെടുത്തിട്ടുള്ളത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!