കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി; ആത്മഹത്യ ഇന്‍കം ടാക്സ് റെയ്ഡിനിടെ
ബംഗളൂരു: പ്രമുഖ വ്യവസായിയും റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ കോൺഫിഡന്റ് ഗ്രൂപ്പിന്‍റെ ഉടമയുമായ സി ജെ റോയ് ആത്മഹത്യ ചെയ്തു. ബംഗളൂരുവില്‍ ഇന്‍കം ടാക്സ് (ഐ ടി) പരിശോധന നടത്തുന്നതിനിടെയാണ് ജീവനൊടുക്കിയത്. പരിശോധനയ്ക്കിടെ സ്വയംവെടിവെച്ചു മരിച്ചു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
സി ജെ റോയിയുടെ ബംഗളൂരുവിലെ ഓഫീസിലും കഫേയിലും വെള്ളിയാഴ്ച ഐ ടി ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. ഉച്ചയ്ക്ക് ശേഷം ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ സെൻട്രൽ ബംഗളൂരുവിലെ റിച്ച്മണ്ട് സർക്കിളിന് സമീപമുള്ള ഓഫീസിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് ഒരു മണിക്കൂറോളം ചോദ്യം ചെയ്തു. ചോദ്യം ചെയ്യല്‍ അവസാനിച്ച ഉടനെ കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ എച്ച്എസ്ആർ ലേഔട്ടിലെ നാരായണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇദ്ദേഹത്തിന്റെ സ്ഥാപനങ്ങളിൽ നേരത്തെയും പരിശോധനകൾ നടന്നിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു. വെടിവെച്ച തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, ഐ ടി ഉദ്യോഗസ്ഥര്‍ പ്രതികരിച്ചിട്ടില്ല.കൊച്ചി സ്വദേശിയായ സി ജെ റോയിക്ക് കേരളത്തിലുൾപ്പെടെ നിരവധി സംരംഭങ്ങളുണ്ട്.
