ശബരിമല സ്വർണക്കൊള്ള; കോൺഗ്രസിനെതിരേ ആയുധമാക്കാൻ ബിജെപി നീക്കം
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പരസ്പരം പഴിചാരി എൽഡിഎഫും യുഡിഎഫും ഏറ്റുമുട്ടുമ്പോൾ കോൺഗ്രസിനെതിരേ പടനീക്കവുമായി ബിജെപി. സ്വർണക്കൊള്ളയിൽ ബന്ധം ആരോപിച്ച് കോൺഗ്രസിനെതിരേ കുറ്റപത്രംനൽകി നിയമസഭാതിരഞ്ഞെടുപ്പിനെ നേരിടാണ് ബിജെപിയുടെ നീക്കം. ഇത് എങ്ങനെയൊക്കെയാകണമെന്ന് ശനിയാഴ്ച തിരഞ്ഞെടുപ്പുഫലം അവലോകനംചെയ്യാൻ തിരുവനന്തപുരത്ത് ചേരുന്ന കോർകമ്മിറ്റിയോഗം ചർച്ചചെയ്യും.
ശബരിമലക്കേസിൽ പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റിയും ഗോവർധനും കോൺഗ്രസ് നേതാവ് സോണിയാഗാന്ധിയെ കണ്ടതടക്കമുള്ള കാര്യങ്ങൾ ഉയർത്തിക്കാട്ടിയാണ് പടയൊരുക്കം. സ്വർണക്കൊള്ളയിൽ കോൺഗ്രസ്ബന്ധം ആരോപിച്ച് മുൻ പ്രസിഡന്റ് കെ. സുരേന്ദ്രൻ വെള്ളിയാഴ്ച നടത്തിയ പത്രസമ്മേളനത്തിലൂടെ പോരിന് തുടക്കമിട്ടുകഴിഞ്ഞു.
യുഡിഎഫിൽ കോൺഗ്രസ് ഇപ്പോൾ രണ്ടാംകക്ഷിയാണെന്നും മുസ്ലിംലീഗാണ് ഒന്നാംകക്ഷിയെന്നുമാണ് മറ്റൊരു പ്രചാരണം. മലബാറിൽ മാത്രമല്ല, തെക്കൻജില്ലകളിലും ലീഗിന്റെ വളർച്ച ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു നീക്കം.
സ്ഥാനാർഥി നിർണയം പ്രധാന ചർച്ച
തിരഞ്ഞെടുപ്പുഫലത്തിന്റെ വാർഡുതലംതൊട്ടുള്ള റിപ്പോർട്ട് പരിഗണിക്കുമെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പുതന്നെയാണ് ശനിയാഴ്ചത്തെ പ്രധാന ചർച്ച. തിരഞ്ഞടുപ്പുപ്രവർത്തനത്തിൽ വീഴ്ചവരുത്തിയ എല്ലാ തലത്തിലുമുള്ള നേതാക്കൾക്കെതിരേ നടപടിയെടുക്കാൻ നേരത്തേതന്നെ പാർട്ടി തീരുമാനിച്ചിരുന്നു. എന്നാൽ, നിയമസഭാതിരഞ്ഞെടുപ്പ് അടുത്തിരിക്കെ കടുത്തനടപടികൾ ഒഴിവാക്കുന്നതാകും നല്ലതെന്ന അഭിപ്രായവുമുണ്ട്.
ബിജെപിക്ക് ജയസാധ്യതയുള്ള മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിശ്ചയിച്ച് പ്രചാരണം തുടങ്ങാനുള്ള നിർദേശം കോർകമ്മിറ്റിയോഗത്തിലുണ്ടാകും. പ്രധാന നേതാക്കൾ മത്സരിക്കേണ്ട മണ്ഡലങ്ങളെപ്പറ്റിയും ധാരണയാകും. തിരുവനന്തപുരത്ത് നഗരവികസനരേഖ പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നതോടെ പ്രചാരണപ്രവർത്തനങ്ങൾ പൂർണതോതിലാകും. മോദിയുടെ പ്രഖ്യാപനം കാത്തിരിക്കുകയാണ് ബിജെപി.
