വീണ്ടും ദുരഭിമാനക്കൊല; ഗർഭിണിയായ പത്തൊമ്പതുകാരിയെ അച്ഛനും സംഘവും വെട്ടിക്കൊന്നു
ബംഗളൂരു: കർണാടക ഹുബ്ബള്ളിയിൽ ദുരഭിമാനക്കൊല. ഗർഭിണിയെ അച്ഛനും ബന്ധുക്കളും ചേർന്ന് വെട്ടിക്കൊന്നു. ഹുബ്ബള്ളി സ്വദേശി മാന്യത പട്ടീൽ ആണ് കൊല്ലപ്പെട്ടത്. മാന്യത ആറ് മാസം ഗർഭിണിയായിരുന്നു. വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് വിവാഹം ചെയ്തെന്ന പേരിലാണ് കൊലപാതകം. യുവതിയുടെ അച്ഛൻ, സഹോദരൻ, ബന്ധു എന്നിവർ പൊലീസ് കസ്റ്റഡിയിലാണ്. യുവതിയുടെ ഭർത്താവ് വിവേകാനന്ദനും ബന്ധുക്കൾക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ് മാസം മുമ്പാണ് മാന്യതയും വിവേകാനന്ദനുമായുള്ള വിവാഹം നടന്നത്. വർഷങ്ങളായി ഇവർ പ്രണയത്തിലായിരുന്നു. വിവാഹ ശേഷം ഹോവേരിയിലേക്ക് താമസം മാറി. ജീവന് ഭീഷണിയുണ്ടാകുമെന്ന് ഭയന്ന് മാതാപിതാക്കളിൽ നിന്ന് അകന്ന് താമസിക്കുകയായിരുന്നു ഇരുവരും. ഡിസംബർ എട്ടിനാണ് ഇവർ ഹുബ്ബള്ളിയിലേക്ക് ബന്ധുവീട് സന്ദർശിക്കാൻ തിരികെ എത്തുന്നത്. വിവരം അറിഞ്ഞ മാന്യതയുടെ കുടുംബം ബന്ധുവീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. മാന്യതയുടെ അച്ഛന്റെ നേതൃത്വത്തിലുള്ള സംഘം യുവതിയെ വെട്ടിക്കൊലപ്പെടുത്തി. ഞായറാഴ്ച വൈകുന്നേരം 6 നും 6:30 നും ഇടയിലാണ് ആക്രമണം നടന്നത്. ഇരുമ്പ് പൈപ്പുകളും ആയുധങ്ങളുമായെത്തിയ സംഘം വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. മാന്യതയ്ക്ക് നേരെയുള്ള ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെയിൽ ഭർതൃവീട്ടുകാരായ രേണുകമ്മയ്ക്കും സുഭാഷിനും വെട്ടേറ്റു. വിവേകാനന്ദനും പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. കേസ് അന്വേഷിക്കുന്നതിന് കർണാടക പൊലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.
