ഇനി സിഎം കിഡ്സ് സ്കോളർഷിപ്പ്; ഓരോ വർഷവും കട്ട് ഓഫ്
തിരുവനന്തപുരം : പൊതുവിദ്യാലയങ്ങളിലെ നാല്, ഏഴ് ക്ലാസിലെ വിദ്യാർഥികൾക്കുള്ള എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ സിഎം കിഡ്സ് സ്കോളർഷിപ് (എൽപി), സിഎം കിഡ്സ് സ്കോളർഷിപ് (യുപി) എന്നിങ്ങനെ പുനർനാമകരണം ചെയ്തു. ഇനി കട്ട് ഓഫിന്റെ അടിസ്ഥാനത്തിലാകും വിജയികളെ നിശ്ചയിക്കുക. ഓരോ വർഷവും തയ്യാറാക്കുന്ന ചോദ്യങ്ങൾക്കനുസരിച്ച് സ്കോളർഷിപ് നേടുന്ന കുട്ടികളുടെ എണ്ണം നിശ്ചയിക്കുന്നതിന് ആവശ്യമായ കട്ട് ഓഫ് മാർക്ക് അതത് വർഷം പരീക്ഷാ ബോർഡ് യോഗം ചേർന്ന് തീരുമാനിക്കും. ഇതുസംബന്ധിച്ച പുതുക്കിയ മാർഗരേഖ സർക്കാർ അംഗീകരിച്ചു. എൽഎസ്എസുകാർക്ക് 5, 6, 7 ക്ലാസുകളിലും യുഎസ്എസുകാർക്ക് 8, 9, 10 ക്ലാസുകളിലുമാണ് സ്കോളർഷിപ് ലഭിക്കുക. ഒന്നാംഭാഷയും ഇംഗ്ലീഷും പൊതുവിജ്ഞാനവുമടങ്ങിയ ഒന്നാംപേപ്പറും പരിസരപഠനവും ഗണിതവുമടങ്ങിയ രണ്ടാംപേപ്പറുമടങ്ങിയതാണ് എൽഎസ്എസ് പരീക്ഷ. രണ്ട് പേപ്പറിലും പരമാവധി 40 മാർക്കുവീതം. രണ്ട് പേപ്പറിനുംകൂടി 60 ശതമാനമോ അതിനുമുകളിലോ മാർക്ക് ലഭിക്കുന്നവർക്കാണ് മുമ്പ് എൽഎസ്എസ് സ്കോളർഷിപ് ലഭിച്ചത്. ഒന്നാംഭാഷയും ഗണിതവുമടങ്ങിയ ആദ്യ പേപ്പറും ഇംഗ്ലീഷ്, അടിസ്ഥാന ശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നിവയടങ്ങിയ രണ്ടാംപേപ്പറുമടങ്ങിയതാണ് യുഎസ്എസ് പരീക്ഷ. രണ്ട് പേപ്പറുകൾക്കുകൂടി 90 മാർക്കിൽ 70 ശതമാനമോ അതിൽ കൂടുതലോ കിട്ടിയാൽ സ്കോളർഷിപ് ലഭിച്ചിരുന്നു.
പേരിനൊപ്പം തന്നെ പരീക്ഷയുടെ മാനദണ്ഡങ്ങളിലും കാലാനുസൃതമായ മാറ്റങ്ങൾ സർക്കാർ കൊണ്ടുവരികയാണെന്ന് മന്ത്രി പറഞ്ഞു. മുൻവർഷങ്ങളിൽ നിശ്ചിത ശതമാനം മാർക്ക് നേടുന്നവർക്കായിരുന്നു സ്കോളർഷിപ്പ് ലഭിച്ചിരുന്നത്. ചോദ്യപേപ്പർ ലളിതമാകുന്നതിനും ബുദ്ധിമുട്ടാകുന്നതിനും അനുസരിച്ച് ഓരോ വർഷം സ്കോളർഷിപ് ലഭിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ വലിയ അന്തരമുണ്ടായിരുന്നു. ഇത് പരിഹരിക്കാനാണ് പുതിയ കട്ട് ഓഫ് രീതി കൊണ്ടു വന്നത്. ഓരോ വർഷവും ചോദ്യപേപ്പറിന്റെ നിലവാരം വിലയിരുത്തി പരീക്ഷാ ബോർഡ് തീരുമാനിക്കുന്ന കട്ട് ഓഫ് മാർക്കിന്റെ അടിസ്ഥാനത്തിലാകും ഇനി വിജയികളെ നിശ്ചയിക്കുക. ഇത് പരീക്ഷാഫലത്തിൽ സ്ഥിരത ഉറപ്പാക്കാനും അർഹരായ കൂടുതൽ കുട്ടികൾക്ക് സ്കോളർഷിപ്പ് ലഭിക്കാനും സഹായിക്കും. ജനുവരി ആദ്യവാരം രജിസ്ട്രേഷൻ ആരംഭിക്കുകയും ഫെബ്രുവരിയിൽ പരീക്ഷ നടത്തുകയും ചെയ്യും. എൽപി, യുപി വിഭാഗങ്ങളിലായി നമ്മുടെ കുരുന്നുകളുടെ പഠനനിലവാരം ഉയർത്താനും അവരെ പ്രോത്സാഹിപ്പിക്കാനും ഈ മാറ്റങ്ങൾ സഹായിക്കും. എല്ലാ വിദ്യാർഥികൾക്കും സിഎം കിഡ്സ് സ്കോളർഷിപ്പ് പരീക്ഷയിൽ മികച്ച വിജയം ആശംസിക്കുന്നതായും മന്ത്രി പറഞ്ഞു.
