ശ്രീനിവാസന്റെ സംസ്കാരം നാളെ രാവിലെ; ഇന്ന് ഉച്ച മുതൽ എറണാകുളം ടൗൺ ഹാളിൽ പൊതുദർശനം

Share our post

തൃപ്പൂണിത്തുറ: മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ (69) സംസ്കാരം നാളെ രാവിലെ പത്തു മണിക്ക് ഉദയംപേരൂരിലെ വീട്ടിൽ നടക്കും. ആശുപത്രിയിൽ നിന്നും ഉദയംപേരൂർ കണ്ടനാട്ടെ വീട്ടിലെത്തിച്ച മൃതദേഹം ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നുമുതൽ എറണാകുളം ടൗൺ ഹാളിൽ പൊതുദർശനത്തിനുവെക്കും. രാവിലെ 8.30-ഓടെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. വിവിധ രോ​ഗങ്ങളെത്തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. പ്രിയനേതാവിന്റെ മരണവാർത്തയറിഞ്ഞ് സിനിമാ രാഷ്ട്രീയ സാമൂഹിക മേഖലയിലുള്ളവർ ആശുപത്രിയിലേക്കെത്തി. മരണവാർത്ത അറിഞ്ഞ് സിനിമാ പ്രവർത്തകർ കൊച്ചിയിലേക്ക് എത്തുകയാണ്. നടൻ മമ്മൂട്ടി, ഭാര്യ സുൽഫത്തിനൊപ്പം ശ്രീനിവാസന്റെ വീട്ടിലെത്തി.

നടൻ എന്നതിനു പുറമെ സംവിധായകൻ, തിരക്കഥാകൃത്ത് എന്ന നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ശ്രീനിവാസൻ നർമത്തിന്റെ മേമ്പോടിയോടെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ വെള്ളിത്തിരയിലെത്തിച്ചു. മൂന്നര ദശകത്തോളം ചലച്ചിത്രത്തിന്റെ സർവമേഖലയിലും തിളങ്ങി നിന്ന വ്യക്തിത്വമായിരുന്നു. തലശേരിക്കടുത്ത് പാട്യത്ത് 1956 ഏപ്രിൽ ആറിനായിരുന്നു ജനനം. പിതാവ് ഉച്ചംവെള്ളി ഉണ്ണി സ്കൂൾ അധ്യാപകനും പ്രദേശത്തെ കമ്യൂണിസ്റ്റ് പ്രവർത്തകനും ആയിരുന്നു. അമ്മ ലക്ഷ്മി. പാട്യത്തെ കോങ്ങാറ്റ പ്രദേശത്ത് പാർടിക്ക് അടിത്തറപാകുന്നതിൽ പ്രധാന പങ്ക് വഹിച്ച വ്യക്തിയായിരുന്നു പിതാവ് ഉണ്ണി. വായനശാലകൾ സജീവമായ പാട്യത്തെ ബാല്യകാലമാണ് ശ്രീനിവാസനിൽ വായനയിലും നാടകാഭിനയത്തിലും കമ്പമുണർത്തിയത്.

കതിരൂർ ഗവ. ഹൈസ്കൂളിലും മട്ടന്നൂർ എൻഎസ്എസ് കോളേജിലുമായിരുന്നു വിദ്യാഭ്യാസം. പഠനകാലത്ത് നാടകത്തിൽ സജീവമായി. ജ്യേഷ്ഠൻ രവീന്ദ്രനായിരുന്നു ആദ്യ പ്രചോദനം. അടിയന്തരാവസ്ഥയ്ക്കുശേഷം ഇന്ദിരാഗാന്ധിയെ വിമർശിച്ച് ‘ഘരീബി ഖഠാവോ’ നാടകം എഴുതി പാട്യം ഗോപാലന്റെ നിർദേശത്താൽ അവതരിപ്പിച്ചു. കതിരൂരിലെ ഭാവന തിയറ്റേഴ്സിന്റെ നാടക പ്രവർത്തനങ്ങളിലും ശ്രീനിവാസൻ സജീവമായിരുന്നു. ശേഷം അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 1977ൽ ഡിപ്ലോമയെടുത്തു. പ്രശസ്ത നടൻ രജനികാന്ത് സീനിയറായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!