ശബരിമല സ്വർണക്കൊള്ള: അന്വേഷണത്തിന് ഇ.ഡി നടപടി തുടങ്ങി
കൊച്ചി: ശബരിമല സ്വർണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണത്തിന് നടപടികൾ തുടങ്ങി. എഫ്.ഐ.ആറിന്‍റെ പകർപ്പ് പ്രത്യേക അന്വേഷണസംഘം കൈമാറണമെന്ന ഇ.ഡിയുടെ ആവശ്യം കൊല്ലം വിജിലൻസ് കോടതി അനുവദിച്ച സാഹചര്യത്തിലാണിത്. നേരത്തെതന്നെ അനൗദ്യോഗികമായി പ്രാഥമികാന്വേഷണം ഇ.ഡി ആരംഭിച്ചിട്ടുണ്ടെങ്കിലും രേഖകൾ ലഭ്യമായിരുന്നില്ല. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ചിന്‍റെ എഫ്.ഐ.ആറിന്റെ മുദ്രവെച്ച പകർപ്പ് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി നേരത്തെ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ഹൈകോടതിയെ സമീപിച്ചതിനെ തുടർന്ന് വീണ്ടും അപേക്ഷ പരിഗണിക്കാൻ ഉത്തരവിട്ടു. തുടർന്നാണ് കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ നൽകിയത്. കോടതി ഉത്തരവോടെ രേഖകൾ ലഭിക്കുമെന്നതിനാൽ അടുത്ത ദിവസംതന്നെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കും.
കേസിന്റെ മുഴുവൻ രേഖകളും ഇ.ഡിക്ക് നൽകാൻ കൊല്ലം വിജിലൻസ് കോടതിയി ഉത്തരവിട്ടതോടെയാണിപ്പോൾ കേന്ദ്രാന്വേഷണത്തിന് വഴിയൊരുങ്ങിയത്. ഇ.ഡി സംസ്ഥാന സർക്കാറിലേക്കും മുൻ ദേവസ്വം മന്ത്രിയും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവുമായ കടകംപള്ളി സുന്ദ്രേനിലേക്കടക്കം പെട്ടെന്ന് അന്വേഷണം എത്തിക്കുമോ എന്നാണ് സി.പി.എം ആശങ്കപ്പെടുന്നത്. അതേസമയം, കേന്ദ്രാന്വേഷണത്തിന് വഴിതെളിഞ്ഞത് വലിയ വിജയമെന്നാണ് ബി.ജെ.പിയുടെ പ്രതികരണം. ശബരിമലയിലെ കൊള്ളയെ മുഖ്യമന്ത്രി പിണറായി വിജയൻ വെറുമൊരു ‘വീഴ്ച’ എന്ന് നിസ്സാരവത്ക്കരിക്കുന്നത് ആരെ സംരക്ഷിക്കാനാണ്? കോൺഗ്രസ് തുടങ്ങിവെച്ച കള്ളക്കളികൾ എൽ.ഡി.എഫ് സർക്കാർ ഏറ്റെടുത്ത് നടത്തുകയായിരുന്നുവെന്നും രണ്ട് മുന്നണികളും ചേർന്നുള്ള ഒത്തുകളി തുറന്നുകാട്ടാൻ വിട്ടുവീഴ്ചയില്ലാത്ത കേന്ദ്ര അന്വേഷണം അനിവാര്യമാണെന്നും രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
