ഇനി ചുവരുകളിൽ റബ്ബർ പെയിന്റ്; വിപ്ലവകരമായ കണ്ടെത്തലുമായി റബ്ബർ ഗവേഷണകേന്ദ്രം; പ്രതീക്ഷയിൽ വിപണി
കോട്ടയം: റബ്ബർപ്പാലിൽനിന്ന് പെയിന്റ് നിർമിക്കാമെന്ന കണ്ടെത്തലുമായി ഇന്ത്യൻ റബ്ബർ ഗവേഷണകേന്ദ്രം. എമൽഷൻ പെയിന്റുകളെക്കാൾ ഉയർന്ന ഗുണനിലവാരമാർന്നതും പരിസ്ഥിതിസൗഹൃദവുമായ പെയിന്റ് നിർമിക്കാനുള്ള ഫോർമുലയാണ് ഒന്നരവർഷത്തെ പഠനത്തിലൂടെ കണ്ടെത്തിയത്. റബ്ബർക്കർഷകർക്കും പ്രതീക്ഷപകരുന്നതാണ് പഠനം. ഗവേഷണകേന്ദ്രത്തിലെ ഇൻക്യുബേഷൻ സെന്റർ (ആർപിഐസി) ആണ് പ്രകൃതിദത്ത പെയിന്റ് വികസിപ്പിച്ചത്. ടെക്നിക്കൽ കൺസൾട്ടൻസി വിഭാഗത്തിലെ സീനിയർ സയന്റിസ്റ്റ് ഡോ. ഷേറ മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ്, കേരള പെയിന്റ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കുവേണ്ടി ഗവേഷണം നടത്തിയത്. കേരള പെയിന്റ്സ്, ‘ഭദ്രം’ എന്നപേരിൽ ഇത് വിപണിയിലിറക്കും. പ്രകൃതിദത്ത റബ്ബർപ്പാൽ, കടൽക്കക്ക, കളിമണ്ണ്, സസ്യസത്തുകൾ എന്നിവചേർത്ത് നിർമിക്കുന്ന ‘വാട്ടർബേസ്‌ഡ് എമൽഷൻ പെയിന്റി’ന് സാധാരണ പെയിന്റിന്റെ ഗന്ധവുമില്ല. റബ്ബർ ബോർഡ് എക്‌സിക്യുട്ടീവ് ഡയറക്ടർ എം. വസന്തഗേശൻ, റബ്ബർ ഗവേഷണകേന്ദ്രം ഡയറക്ടർ ഡോ. ദേബബ്രദ റായ് എന്നിവർ ഗവേഷണത്തിന് മേൽനോട്ടം വഹിച്ചു. 23-ന് മന്ത്രി വി.എൻ. വാസവൻ കേരള പെയിന്റ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിന് സാങ്കേതികവിദ്യ കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യും.
