ട്രെയിൻ യാത്രക്കാർക്ക് ലഗേജ് നിയന്ത്രണങ്ങൾ
തിരുവനന്തപുരം: ട്രെയിൻ യാത്രക്കാർക്ക് നിശ്ചയിച്ചിട്ടുള്ള സൗജന്യ പരിധിക്ക് കൂടുതലായി ലഗേജ് കൊണ്ടുപോകാൻ പ്രത്യേക ചാർജ് നൽകേണ്ടതുണ്ടെന്ന് ഓർമിപ്പിച്ച് റെയിൽവേ മന്ത്രാലയം.
ലോക്സഭയിൽ രേഖാമൂലമുള്ള മറുപടിയിൽ മന്ത്രി അശ്വിനി വൈഷ്ണവ് ഇത് സംബന്ധിച്ച് വിശദാംശങ്ങൾ പങ്കുവെച്ചു. ട്രെയിൻ യാത്രക്കാർക്കുള്ള ലഗേജ് നിയമങ്ങളും പരിധികളും അദ്ദേഹം വിശദീകരിച്ചു.
വിമാനത്താവളങ്ങളിലെ നിയമങ്ങൾക്ക് സമാനമായി, ഇന്ത്യൻ റെയിൽവേ ഇതിനകം തന്നെ ക്ലാസ് തിരിച്ചുള്ള ലഗേജ് ചട്ടങ്ങൾ നടപ്പാക്കിയിട്ടുണ്ടെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.
ഈ നിയമങ്ങളിൽ സൗജന്യ ലഗേജ് പരിധി, പരമാവധി അനുമതി പരിധി, അധിക ലഗേജിനുള്ള ചാർജുകൾ എന്നിവ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിമാനത്താവളങ്ങളിൽ നിലവിലുള്ളത് പോലെ ട്രെയിൻ യാത്രക്കാർക്ക് ലഗേജ് നിയന്ത്രണങ്ങൾ നടപ്പാക്കുമോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് അശ്വിനി വൈഷ്ണവ് ഇങ്ങനെ പറഞ്ഞത്.
ചട്ടങ്ങൾ ഇങ്ങനെ
🔴സെക്കൻഡ് ക്ലാസിൽ യാത്ര ചെയ്യുന്ന ഒരു യാത്രക്കാരന് 35 കിലോഗ്രാം ലഗേജ് സൗജന്യമായി കൊണ്ടു പോകാം, കൂടാതെ 70 കിലോ ഗ്രാം വരെ ചാർജ് ഈടാക്കി കൊണ്ടുപോകാം.
🔴സ്ലീപ്പർ ക്ലാസ് യാത്രക്കാർക്ക് 40 കിലോ ഗ്രാം സൗജന്യ പരിധിയും 80 കിലോ ഗ്രാം പരമാവധി അനുവദനീയമായ പരിധിയുമുണ്ട്.
🔴എസി 3 ടയർ അല്ലെങ്കിൽ ചെയർ കാറിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് 40 കിലോ ഗ്രാം സൗജന്യ പരിധി അനുവദിച്ചിട്ടുണ്ട്. പരമാവധി 40 കിലോ ഗ്രാം മാത്രമേ ഈ ക്ലാസുകളിൽ അനുവദിക്കുകയുള്ളൂ.
🔴ഫസ്റ്റ് ക്ലാസ്, എസി 2 ടയർ യാത്രക്കാർക്ക് 50 കിലോ ഗ്രാം ലഗേജ് സൗജന്യമായി കൊണ്ടു പോകാം, പരമാവധി പരിധി 100 കിലോ ഗ്രാം വരെയാണ്.
🔴എസി ഫസ്റ്റ് ക്ലാസ് യാത്രക്കാർക്ക് 70 കിലോ ഗ്രാം സൗജന്യമായി കൊണ്ടു പോകാം, കൂടാതെ 150 കിലോ ഗ്രാം വരെ ചാർജ് ഈടാക്കിയും കൊണ്ടുപോകാം.
സൗജന്യപരിധിയടക്കമാണ് പരാവധി പരിധിയായി കണക്കാക്കുന്നതെന്നും മന്ത്രി പറഞ്ഞു. സൗജന്യ പരിധിക്ക് മുകളിലുള്ള അധിക ലഗേജിന്, ലഗേജ് നിരക്കിന്റെ 1.5 മടങ്ങ് ചാർജ് യാത്രക്കാർ നൽകണം.
വ്യാപാര സാധനങ്ങൾ വ്യക്തിഗത ലഗേജായി യാത്ര കോച്ചുകളിൽ കൊണ്ടുപോകാൻ അനുവാദമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ കൊണ്ടു പോകുന്ന പെട്ടികൾക്കും സ്യൂട്ട് കെയ്‌സിനും മറ്റും അളവും നിശ്ചയിച്ചിട്ടുണ്ട്.
100 cm x 60cm x 25 cm (നീളം x വീതി x ഉയരം) ഈ അളവുകളുള്ള ട്രങ്കുകൾ, സ്യൂട്ട് കെയ്സുകൾ, പെട്ടികൾ എന്നിവ വ്യക്തിഗത ലഗേജുകളായി യാത്രാ കോച്ചുകളിൽ കൊണ്ടുപോകാൻ അനുവദനീയമാണ്. ഈ അളവിന് പുറത്തുള്ള ലഗേജുകൾ പാഴ്‌സലായി ബുക്ക് ചെയ്ത് വേണം കൊണ്ടു പോകാനെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
