ബംഗളൂരുവിൽ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന വനിതാ ഡോക്ടർക്ക് നേരേ ലൈംഗികാതിക്രമം
ബംഗളൂരു: നഗരത്തിൽ വനിതാ ഡോക്ടർക്കുനേരേ ലൈംഗികാതിക്രമണം. ബുധനാഴ്ച രാത്രി ഡ്യൂട്ടികഴിഞ്ഞ് താമസസ്ഥലത്തേക്ക് നടന്നുപോകുന്നതിനിടെയാണ് ബൈക്കിലെത്തിയ യുവാവ് ഡോക്ടറെ കടന്നു പിടിച്ചത്. ബംഗളൂരു ചിക്കബനാവര എജിബി ലേഔട്ടിലായിരുന്നു സംഭവം. സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന വനിതാ ഡോക്ടർ ഡ്യൂട്ടി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെയാണ് ഒരാൾ ബൈക്കിലെത്തി യുവതിയോട് വഴി ചോദിച്ചത്. സമീപത്തെ ഒരു ബസ് സ്റ്റോപ്പിലേക്കുള്ള വഴിയാണ് ഇയാൾ തിരക്കിയത്. തുടർന്ന് വഴി പറഞ്ഞ് കൊടുക്കുന്നതിനിടെ യുവാവ് ബൈക്കിൽ നിന്നിറങ്ങി യുവതിയെ കടന്നുപിടിക്കുകയായിരുന്നു. യുവതി ബഹളം വെച്ചതോടെ പ്രതി ബൈക്കിൽ കയറി രക്ഷപ്പെട്ടു. ബഹളം കേട്ടെത്തിയ സമീപവാസികൾ പ്രതിയെ പിന്തുടരാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതുവരെ പ്രതിയെ കണ്ടെത്തിയിട്ടില്ല.
