ഇ ഡിക്ക് കനത്ത തിരിച്ചടി; കിഫ്ബി മസാല ബോണ്ടിലെ നോട്ടീസിന് സ്റ്റേ
കൊച്ചി: കിഫ്ബി മസാലബോണ്ടിൽ വിദേശനാണ്യ വിനിമയചട്ട (ഫെമ) ലംഘനം ആരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നൽകിയ നോട്ടീസ് സ്റ്റേ ചെയ്ത് ഹൈക്കോടതി. ഇ ഡി നൽകിയ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, ഡോ. തോമസ് ഐസക്, കിഫ്ബി സിഇഒ കെ എം എബ്രഹാം എന്നിവർ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്. കിഫ്ബിക്കെതിരായ ഹർജിയിൽ നോട്ടീസിലെ തുടർനടപടികൾ സ്റ്റേ ചെയ്‌തെങ്കിലും വ്യക്തിഗത നോട്ടീസുകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയടക്കമുള്ളവർ ഹർജി സമർപ്പിച്ചത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഇ ഡിയുടെ എല്ലാ തുടര്‍നടപടികളും സ്റ്റേ ചെയ്തു. മസാലബോണ്ടിലൂടെ സമാഹരിച്ച പണം 2019ൽ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കാൻ വിനിയോഗിച്ചത് നിയമലംഘനമാണെന്നാണ് ഇ ഡി അഡ്‌ജ്യുഡിക്കേറ്റിങ് അതോറിറ്റി നൽകിയ നോട്ടീസിൽ പറയുന്നത്. കിഫ്ബി ചെയർപേഴ്സൺ, മുൻ വെെസ് ചെയർപേഴ്സൺ, സിഇഒ എന്നീ നിലയിലാണ് മൂന്നുപേർക്കും നോട്ടീസ് അയച്ചത്. ഇതേ കാരണങ്ങൾ കാണിച്ച് ഇഡി കിഫ്ബിക്ക് അയച്ച നോട്ടീസ് ചൊവ്വാഴ്ച ഹെെക്കോടതി സ്റ്റേ ചെയ്തിരുന്നു. നടപടി നിയമവിരുദ്ധമാണെന്നും തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയപ്രേരിത നീക്കമാണെന്നും നോട്ടീസ് ചോദ്യംചെയ്ത് സർക്കാർ കോടതിയിൽ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പുസമയത്ത് ഇത്തരം നോട്ടീസുകൾ അയക്കുന്നത് വ്യക്തിഹത്യക്കാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. സർക്കാർ വാദങ്ങൾ മുഖവിലയ്‌ക്കെടുത്താണ് മൂന്നുമാസത്തേക്ക് തുടർനടപടികൾക്ക് കഴിഞ്ഞ ദിവസം ഹൈക്കോടതി സ്റ്റേ അനുവദിച്ചത്. ആർബിഐ അനുമതിയോടെയാണ് മസാലബോണ്ട് ഫണ്ട് വിനിയോഗിച്ചതെന്നും കിഫ്ബിയുടെ ഇടപാടുകളിൽ ഒരുതരത്തിലുള്ള ചട്ടലംഘനവും അവർ കണ്ടെത്തിയിട്ടില്ലെന്നും സർക്കാർ ബോധിപ്പിച്ചിരുന്നു. അഡ്‌ജ്യുഡിക്കേറ്റിങ് അതോറിറ്റി നൽകിയ നോട്ടീസ് സ്റ്റേ ചെയ്ത സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യംചെയ്ത് ഇഡി അപ്പീൽ നൽകിയിട്ടുണ്ട്. അന്വേഷണത്തെയും നിയമനടപടികളെയും തടസ്സപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സ്‌റ്റേയ്‌ക്കെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
