വയനാട് തുരങ്കപാത നിർമാണം തുടരാം; തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി
കൊച്ചി: സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ വയനാട് തുരങ്കപാതയ്ക്ക് എതിരായ ഹർജി ഹൈക്കോടതി തള്ളി. കേന്ദ്രസർക്കാർ നൽകിയ പാരിസ്ഥിതിക അനുമതി റദ്ദാക്കണമെന്നായിരുന്നു ആവശ്യം. വയനാട് പ്രകൃതി സംരക്ഷണ സമിതി സമർപ്പിച്ച ഹർജിയാണ് തള്ളിയത്. വിശദമായ പഠനം നടത്തിയാണ് പദ്ധതിക്ക് അനുമതി നൽകിയതെന്ന കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നിലപാട് കോടതി അംഗീകരിച്ചു. തുരങ്കപാത നിർമാണവുമായി സംസ്ഥാന സർക്കാരിന് മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി.കഴിഞ്ഞ ആഗസ്‌ത് 31ന് ആണ് തുരങ്കപാതയുടെ നിർമാണ ഉദ്‌ഘാടനം ആനക്കാംപൊയിലിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചത്. ഇതിന് പിന്നാലെ പ്രവൃത്തി ആരംഭിച്ചു. തുരങ്കപാത യാഥാർഥ്യമാകുന്നതോടെ മലബാറിന്റെയാകെ വികസനത്തിൽ കുതിപ്പാകും. കോഴിക്കോട്ടെ ആനക്കാംപൊയിലിൽനിന്ന് 22 കിലോമീറ്റർകൊണ്ട് വയനാട്ടിലെ മേപ്പാടിയിലെത്താം. 2043 കോടി രൂപയാണ് പ്രതീക്ഷിത ചെലവ്.
ആധുനിക സംവിധാനത്തിൽ ഇരട്ട തുരങ്കപാത
8.11 കിലോമീറ്റർ നീളമുള്ള ഇരട്ട തുരങ്കപാതയിൽ ഉയർന്ന സുരക്ഷാസംവിധാനങ്ങളുമുണ്ടാകും. തുരങ്കത്തിനുള്ളിൽ തീപിടിത്തമുണ്ടായാൽ അണയ്‌ക്കാനുള്ള ആധുനിക അഗ്നിശമന സംവിധാനമുണ്ട്. പാതയിലെ ഓരോ ചലനവും നിരീക്ഷിച്ച് 24 മണിക്കൂർ കൺട്രോൾ റൂം പ്രവർത്തിക്കും. ഇതിനായി നൂറിലധികം സിസി ടിവികളുണ്ടാകും. മികച്ചനിലയിലുള്ള ടണൽ റേഡിയോ സിസ്‌റ്റവും ടെലിഫോൺ സിസ്‌റ്റവും കൺട്രോൾ റൂമുമായി ബന്ധപ്പെട്ടുണ്ടാകും.ടണൽ വെന്റിലേഷൻ, ശബ്ദ സംവിധാനം, എസ്‌കേപ് റൂട്ട് ലൈറ്റിങ്, ട്രാഫിക് ലൈറ്റ്, എമർജൻസി കോൾ സിസ്‌റ്റം തുടങ്ങിയവയും തുരങ്കപാതയിലുണ്ടാകും. അമിത ഉയരമുള്ള വാഹനങ്ങൾ കണ്ടെത്തി സിഗ്‌നൽ നൽകും. ഓരോ 300 മീറ്ററിലും ക്രോസ് പാസേജുകൾ ഉണ്ടാകും. ഇരുവഴിഞ്ഞിപ്പുഴയിൽ പാലങ്ങൾക്കും കലുങ്കുകൾക്കും പുറമേ അടിപ്പാതയും സർവീസ് റോഡുമുണ്ട്. പാത യാഥാര്‍ഥ്യമാകുന്നതോടെ ആനക്കാംപൊയിലില്‍നിന്ന് 22 കിലോമീറ്റര്‍കൊണ്ട് മേപ്പാടിയിലെത്താം. ചുരം യാത്രാദുരിതത്തിനും അറുതിയാകും. കേരളത്തില്‍നിന്ന് കര്‍ണാടകം, തമിഴ്നാട് സംസ്ഥാനങ്ങളിലേക്കുള്ള യാത്ര സുഗമമാകും.
