‘വിധിയിൽ അത്ഭുതമില്ല, കോടതിയിൽ വിശ്വാസം നേരത്തെ നഷ്ടപ്പെട്ടു’, കോടതി വിധിക്കെതിരെ അതിജീവിതയായ നടി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിയെ രൂക്ഷമായി വിമർശിച്ച് അതിജീവിത. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരല്ലെന്നും അടിസ്ഥാന ആവശ്യങ്ങൾ സംരക്ഷിക്കപ്പെട്ടില്ലെന്നും അതിജീവിത ഇൻസ്റ്റഗ്രാം പോസ്റ്റിൽ വ്യക്തമാക്കി. ഉയർന്ന നീതിബോധമുള്ള ന്യായാധിപൻമാർ ഇനിയും ഉണ്ടാകുമെന്ന് പറഞ്ഞ അതിജീവിത അപ്പീൽ നൽകുമെന്ന സൂചനയും പങ്കുവച്ചു. സമൂഹത്തിൽ നിന്നും നീതിന്യായ വ്യവസ്ഥയിൽ നിന്നും ഒൻപത് വർഷത്തോളം നേരിട്ട അനീതിയും വിവേചനവും ആണ് പോസ്റ്റിൽ അതിജീവിത പറയുന്നത്. നിയമത്തിന് മുന്നിൽ എല്ലാവരും ഒരു പോലെ അല്ലെന്ന് വേദനയോടെ തിരിച്ചറിയുന്നെന്നും മൗലിക അവകാശങ്ങൾ സംരക്ഷിക്കപ്പെട്ടിട്ടില്ലെന്നും കുറിപ്പിൽ പറയുന്നു. പൾസർ സുനിയെയും അതിജീവിതയെയും ചേർത്തുണ്ടാക്കിയ കഥകൾക്ക് മറുപടി പറഞ്ഞുകൊണ്ടാണ് പോസ്റ്റിന്‍റെ തുടക്കം. പിന്നാലെ വിചാരണക്കോടതിയിൽ വിശ്വാസം നഷ്ടപ്പെടാനുള്ള കാരണങ്ങൾ അക്കമിട്ട് വിശദീകരിക്കുന്നു. മെമ്മറി കാർഡ് അനധികൃതമായി തുറന്നു പരിശോധിച്ചു, പ്രോസിക്യൂഷനോട് ശത്രുതാപരമായ പെരുമാറ്റം, മെമ്മറി കാർഡ് അനധികൃതമായി കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് നൽകിയില്ല, തുറന്ന കോടതിയിൽ കേസ് നടത്തണമെന്ന ആവശ്യം നിരാകരിച്ചു എന്നിങ്ങനെ നീളുന്നു കോടതിയിൽ നിന്ന് നേരിട്ട നീതിനിഷേധം അതിജീവിത വിശദീകരിക്കുന്നു.
