മേയർ സ്ഥാനത്തേക്ക് വി.വി. രാജേഷ്, ശ്രീലേഖ ഡപ്യൂട്ടി മേയർ

Share our post

തിരുവനന്തപുരം : സംസ്ഥാനത്ത് ആദ്യമായി ഒരു കോര്‍പറേഷന്റെ ഭരണം നേടിയ ബിജെപി തിരുവനന്തപുരത്ത് ആരെ മേയർ ആക്കുമെന്നതിൽ ആകാംക്ഷ. സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ്, മുന്‍ ഡിജിപി ആര്‍.ശ്രീലേഖ എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയിലുള്ളത്. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം വി.വി. രാജേഷിന് അനുകുലമാണെന്നാണ് വിവരം. കേന്ദ്ര തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ പ്രഖ്യാപനം. തിരുവനന്തപുരം കോര്‍പറേഷനിലെ കൊടുങ്ങാനൂര്‍ വാര്‍ഡില്‍ നിന്നാണ് വി.വി. രാജേഷ് വിജയിച്ചത്.

രാജേഷിനെ മേയറാക്കാന്‍ തീരുമാനിച്ചാല്‍ ആര്‍. ശ്രീലേഖ ഡപ്യൂട്ടി മേയറാകുമെന്നുമാണ് വിവരം. നിലവില്‍ ഡപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുകയും പിന്നീട് ആര്‍.ശ്രീലേഖയെ നിയമസഭാ തിരഞ്ഞെപ്പില്‍ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ഥിയാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മേയര്‍ പദവിയില്ലെങ്കിലും സന്തുഷ്ടയാണെന്നായിരുന്നു ആര്‍. ശ്രീലേഖയുടെ ആദ്യ പ്രതികരണം. സാധാരണ കൗണ്‍സിലറായി തുടരും. വിജയം വലിയ അംഗീകാരമാണെന്നും ശ്രീലേഖ പറഞ്ഞിരുന്നു.

സിപിഎമ്മിന്റെ മേയർ സ്ഥാനാർഥികളായി പരിഗണിച്ചിരുന്ന മുതിർന്ന നേതാക്കളും യുഡ‍ിഎഫിൽ നിന്ന് ശബരീനാഥൻ അടക്കമുള്ളവരും വിജയിച്ച പശ്ചാത്തലത്തിൽ കൗൺസിൽ യോഗങ്ങൾ പ്രക്ഷുബ്ധമാകുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിൽ രാഷ്ട്രീയമായി എതിരാളികളെ നേരിടാൻ ശ്രീലേഖയ്ക്ക് പരിമിതികളുണ്ടെന്നാണ് വിലയിരുത്തൽ. കോർപറേഷനില്‍ ആകെയുള്ള 101 വാര്‍ഡുകളില്‍ 50 സീറ്റുകള്‍ നേടിയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ഭരണം ഉറപ്പിച്ചിരിക്കുന്നത്. എല്‍ഡിഎഫ് 29 സീറ്റുകളും യുഡിഎഫ് 19 സീറ്റുകളുമാണ് നേടിയത്. 2 സീറ്റുകളില്‍ സ്വതന്ത്രരും വിജയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!