ഇൻഡിഗോ പ്രതിസന്ധി; യാത്രക്കാർക്ക് 10,000 രൂപ നഷ്ടപരിഹാരം
ന്യൂഡൽഹി: യാത്രാ പ്രതിസന്ധിയിൽ വലഞ്ഞ യാത്രക്കാർക്ക് 10,000 രൂപയുടെ യാത്രാ വൗച്ചർ നഷ്ടപരിഹാരം നൽകുമെന്ന് ഇൻഡിഗോ. കമ്പനിയുടെ പ്രതിസന്ധി മൂലം ഡിസംബർ മൂന്ന്, നാല്, അഞ്ച് തീയതികളിൽ റദ്ദാക്കുകയോ ദീർഘനേരം വൈകുകയോ ചെയ്ത വിമാനങ്ങളിലെ യാത്രക്കാർക്കാണ് 10,000 രൂപയുടെ യാത്രാ വൗച്ചർ നൽകുമെന്ന് ഇൻഡിഗോ അറിയിച്ചിരിക്കുന്നത്. വിമാനം റദ്ദാക്കുമ്പോൾ ഡിജിസിഎ ചട്ടപ്രകാരം യാത്രക്കാർക്ക് നൽകേണ്ട നഷ്ടപരിഹാരത്തിനു പുറമേയാണിത്. വരുന്ന 12 മാസത്തിൽ ഏതെങ്കിലും ഇൻഡിഗോ വിമാനയാത്രയ്ക്ക് ഇതുപയോഗിക്കാം. പുറപ്പെടുന്നതിന് 24 മണിക്കൂറിനുള്ളിൽ റദ്ദാക്കുന്ന വിമാനങ്ങൾക്ക് യാത്രാദൈർഘ്യത്തിന്റെ അടിസ്ഥാനത്തിൽ 5000 രൂപ മുതൽ 10,000 രൂപ വരെ നഷ്ടപരിഹാരം നൽകും. പ്രവർത്തനം സാധാരണനിലയിലേക്കെത്തിയെന്നും സമയകൃത്യത തിരിച്ചെത്തിയെന്നും ഇൻഡിഗോ അറിയിച്ചു. അടിയന്തര കാരണങ്ങളാലല്ലാതെ യാത്രാദിനത്തിലുള്ള വിമാന റദ്ദാക്കലുകൾ നടത്തുന്നില്ല. സർവീസുകളുടെ എണ്ണം ദിനംപ്രതി മെച്ചപ്പെടുകയാണെന്നും 138 ലക്ഷ്യസ്ഥാനങ്ങളിലേക്കും വിമാന സർവീസ് നടത്തുന്നുണ്ടെന്നും ഇൻഡിഗോ അറിയിച്ചു. ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സിനോട് വെള്ളിയാഴ്ചയും ഹാജരാകാൻ ഡിജിസിഎ നിർദേശിച്ചിട്ടുണ്ട്.
