ജെഇഇ അഡ്വാന്‍സ്ഡ് മേയ് 17-ന്; പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം :ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികളില്‍ ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള ജെഇഇ (ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്) അഡ്വാന്‍സ്ഡ് 2026 മേയ് 17-ന് നടക്കും. ഐഐടി റൂര്‍ക്കിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഈ വര്‍ഷത്തെ പരീക്ഷയുടെ ടൈംടേബിള്‍ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ജെഇഇ മെയിന്‍ പേപ്പര്‍ 1-ല്‍ ബിഇ/ബിടെക് വിവിധ കാറ്റഗറികളില്‍നിന്നു മുന്നിലെത്തുന്ന 2,50,000 പേര്‍ക്കാണ് അഡ്വാന്‍സ്ഡ് അഭിമുഖീകരിക്കാന്‍ കഴിയുക. ജെഇഇ മെയിന്‍ പരീക്ഷ ജനുവരി, ഏപ്രില്‍ മാസങ്ങളില്‍ രണ്ട് സെഷനുകളായിട്ടാണ് നടത്തുക. കമ്പ്യൂട്ടര്‍ അധിഷ്ഠിതമായ പരീക്ഷയുടെ ഫലം ഫെബ്രുവരി 12-ന് പ്രസിദ്ധീകരിക്കും. എന്‍ഐടികള്‍, ഐഐഐടികള്‍, കേന്ദ്ര ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന മറ്റ് സാങ്കേതിക സ്ഥാപനങ്ങള്‍ (CFTI), സംസ്ഥാന സര്‍ക്കാരുകള്‍ ധനസഹായം നല്കുന്നതോ അംഗീകരിച്ചിട്ടുള്ളതോ ആയ സ്ഥാപനങ്ങള്‍/സര്‍വ്വകലാശാലകള്‍ എന്നിവിടങ്ങളിലെ ബിരുദ എന്‍ജിനീയറിംഗ് പ്രോഗ്രാമുകളിലേക്കുള്ള (BE/BTech) പ്രവേശനത്തിനാണ് ജെഇഇ മെയിന്‍ പേപ്പര്‍ 1 നടത്തുന്നത്. രാജ്യത്തുടനീളമുള്ള ബിആര്‍ക്ക്, ബിപ്ലാനിങ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനാണ് പേപ്പര്‍ 2 നടത്തുന്നത്. ജെഇഇ മെയിന്‍, ജെഇഇ അഡ്വാന്‍സ്ഡിനുള്ള യോഗ്യതാ പരീക്ഷയായും പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: jeeadv.ac.in
