തുടരുന്ന ഇൻഡിഗോ പ്രതിസന്ധി; തിരുവനന്തപുരത്ത് നിന്നുള്ള അഞ്ച് വിമാനങ്ങൾ കൂടി റദ്ദാക്കി
തിരുവനന്തപുരം: രാജ്യവ്യാപകമായി യാത്രികരെ ദുരിതത്തിലാക്കിയ വ്യോമയാന മേഖലയിലെ താളംതെറ്റൽ രൂക്ഷമായി തുടരുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് നിന്നുള്ള അഞ്ച് വിമാനങ്ങൾ കൂടി റദ്ദാക്കി ഇൻഡിഗോ. ഞായർ രാവിലെ ആറ് മുതലുള്ള ആഭ്യന്തര സർവീസുകളാണ് ഒഴിവാക്കിയത്. ശനിയാഴ്‌ച ഇൻഡിഗോയുടെ 500ലധികം സർവീസുകൾ റദ്ദാക്കിയതോടെ വിമാനത്താവളങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം കനത്തിരുന്നു. ഇതേസമയം മറ്റ് വ്യോമയാന കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയത് പ്രതിസന്ധി ഇരട്ടിയാക്കിയതും യാത്രക്കാർക്ക് തിരിച്ചടിയായി. സാഹചര്യം മുതലെടുത്ത് മറ്റ് കമ്പനികൾ എല്ലാ സീമയും ലംഘിച്ച് ടിക്കറ്റുനിരക്ക് വർധിപ്പിച്ചതോടെ ആകാശക്കൊള്ളയാണ് അരങ്ങേറിയത്. തുടർന്നാണ് മന്ത്രാലയം ഇടപെട്ടത്. 500 കിലോമീറ്റർ വരെയുള്ള യാത്രയ്‌ക്ക് 7,500 രൂപ, 500–1000 വരെ 12,000 രൂപ, 1,000–1,500 വരെ 15,000 രൂപ, 1,500ന് മുകളിലുള്ള ടിക്കറ്റുകൾക്ക് 18,000 രൂപ എന്നിങ്ങനെ പരിധി നിശ്ചയിച്ചു. പ്രതിസന്ധിയിലായ റൂട്ടുകളിലാണ് ഇത് ബാധകമാകുക. സർക്കാർ പരിധി നിശ്ചയിച്ചെങ്കിലും ഇപ്പോഴും പൂർണമായി നടപ്പിലായിട്ടില്ല.
1,500 കിലോമീറ്ററിൽ കൂടുതൽ ദൈർഘ്യമുള്ള ഡൽഹി– കൊച്ചി യാത്രയ്‌ക്ക് നിശ്ചയിച്ചതിലും കൂടുതൽ നിരക്ക് ശനിയാഴ്‌ചയും ഇൗടാക്കി. ഡൽഹിയിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകൾക്ക് ഒരു ലക്ഷത്തിലേറെ വരെയാണ് ഇൗടാക്കിയത്. ഇതോടെ, കേന്ദ്ര വ്യോമയാന മന്ത്രാലയം വിമാനടിക്കറ്റ് നിരക്കുകളിൽ പരിധി നിശ്ചയിച്ചു. സ്ഥിതിഗതിയിൽ സ്ഥിരത കൈവരിക്കുംവരെ നിയന്ത്രണം തുടരും. യാത്ര മുടങ്ങിയവർക്ക് തുക മടക്കി നൽകുന്നത് ഞായറാഴ്‌ച രാത്രി എട്ടിനകം പൂർത്തിയാക്കണമെന്ന് ഇൻഡിഗോയോടും നിർദേശിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യം മന്ത്രാലയം പ്രധാനമന്ത്രി ഓഫീസിനെ ധരിപ്പിക്കും. വ്യോമയാന മേഖല പൂർണമായി സ്വകാര്യവൽക്കരിച്ചതിന്റെ ദുരന്തമാണ് അനിയന്ത്രിതമായ ടിക്കറ്റ് വില വർധനയെന്ന പരാതി വ്യപകമാണ്.
