പ്രതിഷേധച്ചൂടറിഞ്ഞു: യാത്രക്കാർക്ക് ഇൻഡിഗോ പണം തിരിച്ചുനൽകും; താമസസൗകര്യം ഒരുക്കും

Share our post

തിരുവനന്തപുരം :വിമാനങ്ങൾ റദ്ദാക്കുകയും യാത്രാ പ്രതിസന്ധി മൂർച്ഛിക്കുകയും ചെയ്തതിന് പിന്നാലെ യാത്രക്കാരെ ആശ്വസിപ്പിക്കാനുള്ള നടപടികളുമായി ഇൻഡിഗോ രംഗത്ത്. ഡിസംബർ അഞ്ച് മുതൽ പതിനഞ്ച് വരെയുള്ള ദിവസങ്ങളിൽ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ പണം യാത്രക്കാർക്ക് ഇൻഡിഗോ മടക്കിനൽകും. കാൻസൽ ചെയ്തതും റീഷെഡ്യൂൾ ചെയ്തതുമായ സർവീസുകളുടെ പണമാണ് ഇൻഡിഗോ മടക്കിനൽകുക. എയർപോർട്ടിൽ കുടുങ്ങിയ യാത്രക്കാർക്ക് താമസസൗകര്യം ഒരുക്കിനൽകാനും ഭക്ഷണവും വെള്ളവും അടക്കമുള്ള പ്രാഥമിക സൗകര്യങ്ങൾ നൽകാനും ഇൻഡിഗോ തീരുമാനിച്ചു. സാധ്യമാകുന്നിടത്തെല്ലാം മുതിർന്ന പൗരന്മാരായ യാത്രക്കാർക്ക് ലോഞ്ച് അക്സസും ഇൻഡിഗോ നൽകും. പൈലറ്റുമാരുടെ വിശ്രമസമയം സംബന്ധിച്ച വ്യവസ്ഥ മൂലം വലിയ പ്രതിസന്ധിയാണ് ഇൻഡിഗോ കഴിഞ്ഞ ദിവസങ്ങളിൽ നേരിട്ടത്. നിരവധി വിമാനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ റദ്ദാക്കപ്പെട്ടത്. ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നീ നഗരങ്ങളെയാണ് പ്രതിസന്ധി രൂക്ഷമായി ബാധിച്ചത്. നിരവധി യാത്രക്കാർ എയർപോർട്ടിൽ കുടുങ്ങുകയും പരസ്യപ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!