മുരിങ്ങക്കായ തൊട്ടാല്‍ പൊള്ളും; കിലോയ്ക്ക് വില 600 രൂപ

Share our post

തൃശ്ശൂര്‍: സാമ്പാറില്‍ മുങ്ങിത്തപ്പിയാലും ഒരു കഷണം മുരിങ്ങക്കായ കിട്ടില്ല. അവിയലിലും സ്ഥിതി അതുതന്നെ. രുചിയല്‍പ്പം കുറഞ്ഞാലും തത്കാലം മുരിങ്ങക്കായ വേണ്ടെന്ന തീരുമാനത്തിലാണ് വീടുകളും ഹോട്ടലുകളും. സംസ്ഥാനത്ത് മുരിങ്ങക്കായയുടെ വില റോക്കറ്റ് പോലെയാണ് കുതിക്കുന്നത്. ആഴ്ചകള്‍ക്കു മുന്‍പേ കിലോയ്ക്ക് 130-150 രൂപയുണ്ടായിരുന്ന വില ഇപ്പോള്‍ 600 രൂപ വരെയെത്തി. മാര്‍ക്കറ്റുകളില്‍വരെ കിട്ടാനുമില്ല. വലിയ കടകളില്‍പോലും ഏതാനും കിലോ മാത്രമാണുള്ളത്. ഇത്ര വലിയ വില നല്‍കി ആരും വാങ്ങില്ലെന്നതിനാല്‍ സാധനം എടുക്കുന്നില്ലെന്ന് ചില്ലറ വില്‍പ്പനക്കാര്‍ പറയുന്നു. അതേസമയം കാഞ്ഞിരപ്പള്ളിയില്‍ ഒരുമാസത്തിനിടെ മുരിങ്ങക്കാ വില പത്തിരിട്ടിയിലധികം വര്‍ധിച്ചു. കഴിഞ്ഞ മാസം 30 രൂപ വിലയുണ്ടായിരുന്ന മുരിങ്ങക്കായ്ക്ക് ഇവിടെ 380 രൂപയായി. നാടന്‍ മുരിങ്ങക്കായ്ക്ക് 420 രൂപ വരെ നല്‍കണം. വിളവെടുപ്പ് കാലം കഴിഞ്ഞതാണ് വില ഉയരാന്‍ കാരണമായി വ്യാപാരികള്‍ പറയുന്നത്.

മണ്ഡലകാലത്ത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുരിങ്ങക്കായയ്ക്ക് ആവശ്യക്കാര്‍ കൂടുതലാണ്. അതിനാല്‍ വില ഉയരുന്നതും പതിവാണ്. കഴിഞ്ഞ വര്‍ഷം 500 രൂപവരെ വില ഉയര്‍ന്നിരുന്നു. ഇത്തവണ പക്ഷേ, കാലാവസ്ഥ പ്രതികൂലമായതോടെ ഉത്പാദനവും കുറഞ്ഞു. കേരളത്തിലെ മാര്‍ക്കറ്റുകളിലേക്ക് തമിഴ്നാട്ടില്‍നിന്നാണ് പ്രധാനമായും മുരിങ്ങക്കായ എത്തുന്നത്. വരണ്ട കാലാവസ്ഥയില്‍ പൂക്കുകയും കായ് പിടിക്കുകയും ചെയ്യുന്ന വിളയാണിത്. തമിഴ്നാട്ടില്‍ ഇടയ്ക്കിടെയുള്ള മഴ ഉത്പാദനത്തെ ബാധിച്ചതായി കച്ചവടക്കാര്‍ പറയുന്നു. തക്കാളിയുടെ വിലയും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കൂടി. കിലോയ്ക്ക് 30-40 രൂപയുണ്ടായിരുന്ന തക്കാളിക്ക് 65-75 രൂപവരെയാണ് ചില്ലറ വില്‍പ്പന വില. കേരളത്തിലേക്ക് പ്രധാനമായും പച്ചക്കറിയെത്തുന്നത് തമിഴ്നാട്ടിലെ കമ്പം, മേട്ടുപ്പാളയം, തെങ്കാശി എന്നിവിടങ്ങളില്‍നിന്നാണ്. ഇവിടെ കനത്ത മഴപെയ്യുന്നത് മറ്റ് പച്ചക്കറികള്‍ക്കും വില ഉയരാന്‍ കാരണമായി. 40-50 രൂപ വിലയുണ്ടായിരുന്ന കോവയ്ക്കായുടെ വില 70 രൂപയായി. 60 രൂപയായിരുന്ന ചെറിയ ഉള്ളിയുടെ വില 80 രൂപയായി. 25 രൂപയായിരുന്ന സവാള വില 30 രൂപയായി. ചിലയിനങ്ങള്‍ക്ക് വില കുറഞ്ഞത് ആശ്വാസമായി. 80 രൂപ വരെയെത്തിയ പടവലങ്ങ വില 50-ലേക്ക് എത്തി. ഒരുമാസമായി കാരറ്റ് വില താഴാതെ നില്‍ക്കുന്നു. 90-80 രൂപയാണ്. കഴിഞ്ഞ ആഴ്ച 100 രൂപ വരെയെത്തിയ തക്കാളി വില 80 രൂപയിലേക്ക് താഴ്ന്നു. ഗുണനിലവാരമനുസരിച്ചും പച്ചക്കറി വിലയില്‍ മാറ്റമുണ്ട്. ഒന്നാംതരം പച്ചക്കറിക്ക് വിപണിയില്‍ 15 രൂപ മുതല്‍ 20 രൂപ വരെ വില കൂടുതലാണ്. തമിഴ്നാട്ടില്‍ മഴതുടര്‍ന്നാല്‍ പച്ചക്കറി വില ഇനിയും ഉയരുമെന്ന് വ്യാപാരിയായ പ്രിന്‍സ് ജോസ് പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!