തദ്ദേശ തിരഞ്ഞെടുപ്പ്; ഒരാള്‍ക്ക് ഒരു വോട്ടറെ മാത്രമെ സഹായിക്കാനാകൂ, ഉത്തരവിറക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ

Share our post

തിരുവനന്തപുരം :തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒരാള്‍ക്ക് ഒരു വോട്ടറെ മാത്രമെ സഹായിക്കാൻ കഴിയൂ എന്ന ഉത്തരവിറക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ.വോട്ടറുടെ ഇടതുവിരലിലെ ചൂണ്ടുവിരലില്‍ മഷി പുരട്ടുന്നതിനൊപ്പം സഹായിയുടെ വലതു കൈയിലെ ചൂണ്ടുവിരലിലും മഷി പുരട്ടും. ഒരു വ്യക്തി ഒന്നില്‍ കൂടുതല്‍ പേർക്ക് വേണ്ടി വോട്ടുചെയ്യുന്നത് തടയാനാണിത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തദ്ദേശ തിരഞ്ഞെടുപ്പ് സംബന്ധിച്ച്‌ രാഷ്‌ട്രീയ പാർട്ടികളുമായിചർച്ചനടത്തിയിരുന്നു. ചർച്ചയില്‍ കെപിസിസി സെക്രട്ടറി എംകെ റഹ്മാൻ ഉന്നയിച്ച ആവശ്യം അംഗീകരിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കിയത്. കാഴ്ചപരിമിധി, പ്രായാധിക്യം മൂലമുള്ള അവശതകള്‍ തുടങ്ങിയവയാല്‍ ബുദ്ധിമുട്ടുന്നവർക്ക് പരസഹായം കൂടാതെ വോട്ട് ചെയ്യാൻ സാധിക്കാത്തതിനാല്‍ ഇവർക്ക് 18 വയസ് പൂർത്തിയായ മറ്റൊരാളുടെ സഹായം തേടാനാകും. ഇവരെ വോട്ടിംഗ് കംപാർട്ടുമെന്റിലേക്ക് ഒപ്പം കൊണ്ടുപോകുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതേ സഹായിക്ക് മറ്റൊരാളെ ഇത്തരത്തില്‍ സഹായിക്കാൻ സാധിക്കില്ല.

രേഖപ്പെടുത്തിയ വോട്ടിന്റെ രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കുമെന്നും അതേദിവസം മറ്റേതെങ്കിലും പോളിംഗ് സ്റ്റേഷനില്‍ സഹായിയായി പ്രവർത്തിച്ചിട്ടില്ലെന്നും നിർദ്ദിഷ്‌ട ഫോമിലൂടെ സഹായി പ്രിസൈഡിംഗ് ഓഫീസർക്ക് ഉറപ്പ് നല്‍കണം. ഈ ഫോം പ്രത്യേക കവറിലിട്ട് പ്രിസൈഡിംഗ് ഓഫീസർ വരണാധികാരിക്ക് നല്‍കും. എന്നാല്‍ വോട്ടർക്ക് പരസഹായം കൂടാതെ വോട്ട് ചെയ്യാൻ കഴിയില്ലെന്ന് പ്രിസൈഡിംഗ് ഓഫീസർക്ക് ബോധ്യപ്പെട്ടാല്‍ മാത്രമെ സഹായിക്ക് വോട്ട് ചെയ്യാനുള്ള അനുമതി നല്‍കൂ. എന്നാല്‍ സ്ഥാനാർത്ഥിക്കോ പോളിംഗ് ഏജന്റിനോ സഹായിയായി വോട്ട് ചെയ്യാനുള്ള അനുമതിയില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ കാഴ്‌ച പരിമിധിയുള്ള വോട്ടർക്ക് സ്വയം വോട്ട് രേഖപ്പെടുത്താൻ സാധിക്കും വിധത്തില്‍ ബാലറ്റ് യൂണിറ്റിന്റെ വലത് ഭാഗത്ത് ബ്രെയ്ൻ ലിപി ആലേഖനം ചെയ്‌തിട്ടുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ശാരീരിക പരിമിധികള്‍, പ്രായാധിക്യം, രോഗബാധ തുടങ്ങിയവയുള്ള വോട്ടർമാർക്ക് ക്യൂ ഇല്ലാതെ പോളിംഗ് സ്‌റ്റേഷനില്‍ പ്രവേശിച്ച്‌ വോട്ടുചെയ്യാനുള്ള സൗകര്യമൊരുക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!