ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബുവിന് രണ്ടുകേസുകളിലും ജാമ്യമില്ല; ഹര്‍ജി തള്ളി വിജിലന്‍സ് കോടതി
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുരാരി ബാബുവിന് ജാമ്യമില്ല. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലും മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി തള്ളി. കട്ടിളപ്പാളിയിലെ സ്വര്‍ണം കവര്‍ന്ന കേസിലും ദ്വാരപാലകശില്പത്തിലെ സ്വര്‍ണപാളികള്‍ കവര്‍ന്ന കേസിലും ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായ മുരാരി ബാബു പ്രതിയാണ്. എന്നാല്‍, മുരാരി ബാബു ചുമതലയേറ്റെടുക്കുന്നതിന് മുന്‍പേ കട്ടിളപ്പാളി കൊണ്ടുപോകാന്‍ ഉത്തരവിട്ടിരുന്നതായും അതിനാല്‍ മുരാരി ബാബുവിന് ഇതില്‍ പങ്കില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകന്റെ വാദം. എന്നാല്‍, കോടതി ഇത് തള്ളി. മുരാരി ബാബു ചുമതലയില്‍ ഉണ്ടായിരിക്കെയാണ് കട്ടിളപ്പാളി കൊണ്ടുപോകാന്‍ മഹസര്‍ തയ്യാറാക്കിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. ദ്വാരപാലകശില്പത്തിലെ പാളികള്‍ കൊണ്ടുപോകേണ്ടത് ഹൈക്കോടതിയെ അടക്കം അറിയിക്കേണ്ട ചുമതലയുള്ള ആളായിരുന്നു മുരാരി ബാബു. അതുണ്ടായില്ലെന്നും കോടതി വിലയിരുത്തി. തുടര്‍ന്നാണ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയത്.
