ക്യാമറ ഘടിപ്പിക്കാത്ത സ്‌കൂള്‍ ബസുകള്‍ക്കെതിരെ കര്‍ശന നടപടി: മന്ത്രി ഗണേഷ് കുമാര്‍
തിരുവനന്തപുരം:-ക്യാമറ ഘടിപ്പിക്കാത്ത സ്‌കൂള്‍ ബസുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. സ്‌കൂള്‍ മാനേജ്‌മെന്റുകളുടെ ആവശ്യപ്രകാരം ഇതിനുള്ള സമയം നീട്ടിനല്‍കിയിരുന്നതാണ്. എന്നാല്‍, ആ പരിധിയും കഴിഞ്ഞിട്ടും ക്യാമറ സ്ഥാപിക്കാന്‍ പല ബസുകളും തയ്യാറായിട്ടില്ല. ഇനിയും ക്യാമറ സ്ഥാപിക്കാതെ മുന്നോട്ട് പോകാമെന്ന് കരുതേണ്ടെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി. സ്‌കൂള്‍ വാഹനങ്ങളില്‍ ക്യാമറ ഘടിപ്പിച്ചുണ്ടോയെന്ന പരിശോധന ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. എട്ട് സീറ്റുകള്‍ക്ക് മുകളിലുള്ള എല്ലാ വാഹനത്തിലും ക്യാമറകള്‍ ഘടിപ്പിക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് എല്ലാ സ്‌കൂള്‍ ബസുകളിലും ക്യാമറ സ്ഥാപിക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയത്. രക്ഷിതാക്കളും പൊതുപ്രവര്‍ത്തകരും ജനപ്രതിനിധികളും നാട്ടുകാരും ഉദ്യോഗസ്ഥരും സ്‌കൂള്‍ ബസുകളില്‍ ക്യാമറ സ്ഥാപിച്ചിട്ടുണ്ടോയെന്ന കാര്യം ശ്രദ്ധിക്കണം. ഇത് ഉദ്യോഗസ്ഥര്‍ക്കുള്ള നിര്‍ദേശമായി കൂടി കണക്കാക്കണം. ക്യാമറകള്‍ സ്ഥാപിക്കാത്ത വാഹനങ്ങള്‍ പിടിച്ചെടുത്ത് കനത്ത പിഴ ഈടാക്കും. ക്യാമറകള്‍ സ്ഥാപിച്ച ശേഷം മാത്രമായിരിക്കും വാഹനങ്ങള്‍ വിട്ടുനല്‍കുക. മന്ത്രിക്ക് ഒരു നിയമം മറ്റുള്ളവര്‍ക്ക് ഒരു നിയമം എന്ന് പറഞ്ഞ് ആരും വരേണ്ട. ഈ നിര്‍ദേശം വന്നയുടന്‍ തന്നെ ഞാന്‍ മാനേജ്മെന്റിന്റെ ചുമതല വഹിക്കുന്ന സ്‌കൂളിലെ എല്ലാ ബസുകളിലും ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. 2025 ജനുവരി മുതലുള്ള കണക്കുകള്‍ പരിശോധിച്ചതില്‍ നിന്ന് ഓരോ മാസവും സ്‌കൂള്‍ വാഹനങ്ങള്‍ അപകടത്തില്‍ പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ചിലതില്‍ മരണങ്ങളും സംഭവിച്ചു. സ്‌കൂള്‍ ബസ് അപകടത്തില്‍ കുട്ടികള്‍ മരിക്കുന്നത് അങ്ങേയറ്റം വേദനാജനകമാണ്. കുട്ടികള്‍ക്ക് അപകടമില്ലാത്ത യാത്ര ഉറപ്പാക്കുകയെന്നത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും മന്ത്രി പറഞ്ഞു.
