തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ജീവനക്കാർക്ക് പോസ്റ്റൽ ബാലറ്റ്: മാർഗനിർദേശങ്ങളായി

Share our post

തദ്ദേശ സ്ഥാപന പൊതുതിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ജീവനക്കാർക്ക് പോസ്റ്റൽ ബാലറ്റ് അനുവദിക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശം പുറപ്പെടുവിച്ചു. പോളിംഗ് സ്‌റ്റേഷനിൽ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഓഫീസർമാർക്ക് പുറമെ, പോളിംഗ് ദിവസം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റു പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസിലെയും പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിലെയും ഇലക്ഷൻ വിഭാഗം ജീവനക്കാർക്കും വരണാധികാരി, ഉപവരണാധികാരി എന്നിവരുടെ ഓഫീസുകളിലെ ഇലക്ഷൻ വിഭാഗം ജീവനക്കാർക്കും നിരീക്ഷകർക്കും സെക്ടറൽ ഓഫീസർമാർ, ആൻറി ഡീഫെയ്‌സ്‌മെൻറ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥർ, തിരഞ്ഞെടുപ്പ് സുരക്ഷാ ചുമതലകളിൽ നിയോഗിക്കപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥർ എന്നിവർക്കും പോസ്റ്റൽ ബാലറ്റ് പേപ്പർ ലഭിക്കാൻ അർഹതയുണ്ട്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നവർ പ്രസ്തുത ഉത്തരവിന്റെ ശരിപകർപ്പ് സഹിതം ഫോറം 15ൽ ആവശ്യപ്പെടുന്ന പക്ഷം പോസ്റ്റൽ ബാലറ്റുകൾ നൽകാൻ വരണാധികാരികൾക്ക് കമ്മീഷൻ നിർദേശം നൽകി. ത്രിതല പഞ്ചായത്തുകളിൽ മൂന്ന് ബാലറ്റും മുനിസിപ്പൽ കൗൺസിൽ, കോർപറേഷൻ എന്നിവയിൽ ഓരോ ബാലറ്റുമാണ് നൽകേണ്ടത്. ഫോറം 15ലെ അപേക്ഷ വോട്ടെടുപ്പിന് ഏറ്റവും കുറഞ്ഞത് ഏഴ് ദിവസത്തിനോ അല്ലെങ്കിൽ വരണാധികാരിക്ക് അനുവദിക്കാവുന്ന കുറഞ്ഞ കാലാവധിക്ക് മുമ്പോ ലഭിക്കത്തക്ക വിധം വരണാധികാരിക്ക് അയക്കുകയോ നേരിട്ട് നൽകുകയോ ചെയ്യേണ്ടതാണ്. ത്രിതല പഞ്ചായത്തിൽ ഓരോ വരണാധികാരിക്കും പ്രത്യേകം അപേക്ഷ നൽകണം. മൂന്ന് അപേക്ഷകളും ഒരു കവറിലാക്കി ഒരു വരണാധികാരിക്ക് നൽകിയാലും മതി. അപേക്ഷാഫോം വരണാധികാരികളുടെ ഓഫീസിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റിലും ലഭിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!