ശബരിമല തീർഥാടനം; മലകയറുമ്പോൾ ശ്വാസംമുട്ടൽ, നെഞ്ചുവേദന എന്നിവ ഉണ്ടായാൽ അവഗണിക്കരുത്, ശ്രദ്ധിക്കേണ്ടവ

Share our post

ശബരിമല തീര്‍ത്ഥാടന വേളയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശബരിമല: തീർഥാടനത്തിന് ഒരുങ്ങുന്നവർ ദിവസം 30-40 മിനിറ്റെങ്കിലും വ്യായാമം ചെയ്യണം. നടക്കുക, പടികൾ കയറിയിറങ്ങുക എന്നിവ നല്ലതാണ്. യാത്രക്ക് ഒരുങ്ങുംമുമ്പ് വൈദ്യപരിശോധന വേണം. രക്തത്തിലെ ഷുഗർനില, രക്തസമ്മർദം, ഹൃദയത്തിന്റെ സ്ഥിതി എന്നിവ പരിശോധിക്കണം. പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കണം.
തിളപ്പിച്ചാറ്റിയ വെള്ളം കരുതുക. കഴിക്കാൻ ഓറഞ്ച്, പഴം എന്നിവ ആകാം. ഗ്ലൂക്കോസും ഉപകരിക്കും.
കാട്ടിലൂടെ കുറുക്കുവഴി യാത്ര വേണ്ട. സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ മുടക്കരുത്. ‍ഡോക്ടറുടെ കുറിപ്പടി ഒപ്പം കരുതാം. പനി, തലവേദന, ഛർദി, വയറിളക്കം എന്നിവയ്ക്കുള്ള മരുന്നുകൾ ഡോക്ടറുടെ നിർദേശപ്രകാരം കരുതാം. മുറിവുകളോ മറ്റോ ഉണ്ടെങ്കിൽ ബാൻഡേജ്, പ്ലാസ്റ്റർ, പഞ്ഞി, ആന്റിബയോട്ടിക് ലേപനം എന്നിവ കരുതാം. അപസ്മാരമുള്ളവർ രാത്രിയാത്ര ഒഴിവാക്കണം. കഴിയുന്നതും ഒഴിഞ്ഞ വയറുമായി മലകയറുക. സാവകാശം കയറുക. അമിതവേഗം വേണ്ട. മലകയറുമ്പോൾ ശ്വാസംമുട്ടൽ, നെഞ്ചുവേദന എന്നിവ ഉണ്ടായാൽ അവഗണിക്കരുത്. അടുത്ത സഹായകേന്ദ്രത്തിനെ ആശ്രയിക്കുക. പ്രമേഹം ഉള്ളവർ മലകയറുമ്പോൾ രക്തത്തിലെ ഗ്ലൂക്കോസ് നില താഴാം. അമിതക്ഷീണം, തലകറക്കം എന്നിവ സൂചന. കൈവശം ഗ്ലൂക്കോസ് ഉള്ളത് നന്നാകും. ആസ്ത്മയുടെ പ്രശ്നമുളളവർ ഇൻഹേലറുകൾ കരുതണം. ഹൃദയപ്രശ്നമുള്ളവർ ഡോളിയെ ആശ്രയിക്കണം.

വൈദ്യസഹായം

നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലായി സ്പെഷ്യലിസ്റ്റുകൾ അടക്കമുള്ള ഡോക്ടർമാരുടെ സേവനമുണ്ടാകും. നീലിമലപ്പാതയിൽ 12 എമർജൻസി മെ‍ഡിക്കൽ സെന്ററുകൾ പ്രവർത്തിക്കും. സ്വാമി അയ്യപ്പൻ റോഡിലും കരിമലപ്പാതിയിലും മൂന്നെണ്ണം വീതവും ഉണ്ടാകും. സാമൂഹികാരോഗ്യകേന്ദ്രം റാന്നി-പെരുനാട്, ഗവ.മെഡിക്കൽ കോളേജ് കോന്നി, അടൂർ ജനറൽ ആശുപത്രി, തിരുവല്ല, റാന്നി താലൂക്ക് ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ പ്രത്യേക ശബരിമല വാർഡ് സജ്ജീകരിക്കും. ഫോൺ: 04735203232

വിവരങ്ങൾക്ക് കടപ്പാട്

ഡോ. ബി. പദ്മകുമാർ

പ്രിൻസിപ്പൽ, ഗവ.മെഡിക്കൽ കോളേജ്, ആലപ്പുഴ


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!