കോളയാട് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ‘നാത്തൂൻ പോര്’
കോളയാട്: തദ്ദേശ തിരഞ്ഞെടുപ്പിൽ കോളയാട് പഞ്ചായത്തിലെ അങ്കത്തട്ടിൽ നാത്തൂൻ പോര്. ഇരു മുന്നണികളെയും മാറി മാറി തുണക്കുന്ന പാടിപ്പറമ്പ് വാർഡിലാണ് നാത്തൂന്മാരായ കെ.വി.ശോഭനയും രൂപ വിശ്വനാഥനും ഇക്കുറി ജനവിധി തേടുന്നത്. എൽഡിഎഫ് സ്ഥാനാർഥിയായാണ് ശോഭന മത്സരിക്കുന്നത്. രൂപ വിശ്വനാഥൻ യുഡിഎഫും.
ഇരിട്ടിയിൽ സഹകരണ ബാങ്ക് ജീവനക്കാരിയാണ് രൂപ വിശ്വനാഥൻ. നിലവിൽ മഹിളാ കോൺഗ്രസ് കോളയാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാണ്. പേരാവൂർ ബ്ലോക്ക് ആലച്ചേരി ഡിവിഷനിൽ കഴിഞ്ഞ തവണ ജനവിധി തേടിയെങ്കിലും നേരിയ വോട്ടുകൾക്ക് പരാജയപ്പെട്ടു. ഭർത്താവ് വിശ്വനാഥൻ കെഎസ്എഫ്ഇയിൽ കളക്ഷൻ ഏജന്റാണ്.
സിപിഎം പാടിപ്പറമ്പ് ബ്രാഞ്ചംഗമായ ശോഭന കുടുംബശ്രീ പ്രവർത്തന രംഗത്തും സജീവമാണ്. ശോഭനയുടേത് കന്നി മത്സരമാണ്. കൂത്തുപറമ്പിൽ ബിസിനസാണ് ഭർത്താവ് സത്യനാഥന്.
അങ്കത്തട്ടിൽ വീറും വാശിയുമേറിയ പ്രചരണത്തിലാണെങ്കിലും രണ്ടു പേരും ഒരേ മനസ്സോടെ പറയുന്നത് ഇതൊരു സൗഹൃദ മത്സരം മാത്രമാണെന്നാണ്. നാത്തൂന്മാരാണെങ്കിലും സഹോദരീ സ്നേഹത്തോടെയാണ് ഇരുവരും കഴിയുന്നത്.
പ്രചാരണ വേളയിൽ വ്യക്തിപരമായ യാതൊരു പരാമർശവും നടത്തില്ലെന്ന് ഇരുവരും പറഞ്ഞു.അതേസമയം ”കൺഫ്യൂഷൻ തീർക്കണമേ” എന്ന പ്രാർഥനയിലാണ് പാടിപ്പറമ്പിലെ വോട്ടർമാർ.
