ആരാണ് അതിദരിദ്രര്‍? അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി നടപ്പിലാക്കിയത് എങ്ങനെ?
തിരുവനന്തപുരം: കേരളപ്പിറവി ദിനത്തില്‍ രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളം സ്വയം പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ മുഴുവന്‍ അതിദരിദ്രരെയും ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ച്, അതിദാരിദ്ര്യ നിര്‍മ്മാര്‍ജനം വിജയകരമായി നടപ്പാക്കിയതായാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ആഗോളതലത്തില്‍ ചൈനയ്ക്ക് ശേഷം ദാരിദ്ര്യ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍ സമഗ്രമായ രീതിയില്‍ നടപ്പാക്കുന്ന രണ്ടാമത്തെ പ്രദേശമായും കേരളം മാറിയതായി സംസ്ഥാന സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ അതിദാരിദ്ര്യമുക്ത പ്രഖ്യാപനം തട്ടിപ്പാണെന്നും തിരഞ്ഞെടുപ്പ് തട്ടിപ്പാണെന്ന ആരോപണവുമായി പ്രതിപക്ഷവും കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളിലൂടെയാണ് ഈ നേട്ടം സ്വന്തമായതെന്ന അവകാശവാദവുമായി ബിജെപി സംസ്ഥാന നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്.
ആരാണ് അതിദരിദ്രര്‍?
പൊതുവില്‍ ഉള്ള ശേഷികളുടെ അഭാവത്തെയാണ് ദാരിദ്ര്യമെന്ന് നിര്‍വചിക്കുന്നത്. ഏറ്റവും തീവ്രമായി അത്തരം അവസ്ഥകളെ അഭിമുഖീകരിക്കുന്നവരെയാണ് അതിദരിദ്രര്‍ എന്ന് വിലയിരുത്തുന്നത്. ഭക്ഷണം, സുരക്ഷിതമായ വാസസ്ഥലം, അടിസ്ഥാന വരുമാനം, ആരോഗ്യസ്ഥിതി എന്നീ നാല് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് അതിദാരിദ്ര്യം നിര്‍ണയിക്കപ്പെട്ടിട്ടുള്ളത്. ദരിദ്രര്‍ക്ക് അവരുടെ പരിമിതമായ തൊഴില്‍ശേഷിയും വരുമാനവും വെച്ച് ചുരുങ്ങിയ അളവിലെങ്കിലും മുന്നോട്ട് പോകാന്‍ സാധിക്കുമെങ്കിലും അതിദരിദ്രര്‍ക്ക് ഗവണ്‍മെന്റിന്റെയും സമൂഹത്തിന്റെയും കാര്യമായ പിന്തുണയില്ലാതെ മുന്‍പോട്ട് പോകാന്‍ സാധിക്കില്ല. സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ പോലും കഴിയാത്ത ഇവര്‍ക്ക് ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതികളായ തൊഴിലുറപ്പ്, റേഷന്‍ സംവിധാനം, പാര്‍പ്പിട പദ്ധതികള്‍ എന്നിവ പോലും ഉപയോഗപ്പെടുത്താന്‍ സാധിക്കില്ല.
അതിദരിദ്രരെ തിരഞ്ഞെടുത്തത് എങ്ങനെ?
രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യത്തെ മന്ത്രിസഭയോഗത്തിലെടുത്ത തീരുമാനങ്ങളിലൊന്നായിരുന്നു കേരളത്തെ അതിദാരിദ്ര്യമുക്തമാക്കുക എന്നത്. ഇതിന്റെ ഭാഗമായി അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തുന്നതിനായി 2021 ജൂലായില്‍ തന്നെ സര്‍വേ നടപടികള്‍ ആരംഭിച്ചിരുന്നു. അതിദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ മുന്‍മാതൃകകളില്ലാത്തതിനാല്‍ വടക്കാഞ്ചേരി മുനിസിപ്പാലിറ്റി (തൃശ്ശൂര്‍), അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് (തിരുവനന്തപുരം), തിരുനെല്ലി ഗ്രാമപഞ്ചായത്ത് (വയനാട്) എന്നിങ്ങനെ മൂന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പിലാക്കിയത്. പൈലറ്റ് പദ്ധതിയിലൂടെ ലഭിച്ച അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ആവശ്യമായ തിരുത്തലുകള്‍ നടത്തിയാണ് സംസ്ഥാനത്തുടനീളം പദ്ധതി നടപ്പിലാക്കിയത്.
ഭക്ഷണം, സുരക്ഷിതമായ വാസസ്ഥലം, അടിസ്ഥാന വരുമാനം, ആരോഗ്യസ്ഥിതി എന്നീ നാലു ഘടകങ്ങളുടെ അഭാവമാണ് അതിദരിദ്രരെ കണ്ടെത്താനുള്ള മാനദണ്ഡമായി നിശ്ചയിച്ചിട്ടുള്ളത്. ഇതിനായി പ്രത്യേക മൊബൈൽ ആപ്പ് തയ്യാറാക്കിയിരുന്നു. വാര്‍ഡ്തല സമിതികളും ഫോക്കസ് ഗ്രൂപ്പുകളും രൂപീകരിച്ചു. സന്നദ്ധപ്രവര്‍ത്തകരെ കണ്ടെത്തി അവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി. പ്രാദേശിക ജനപ്രതിനിധികള്‍ക്കും ആവശ്യമായ പരിശീലനം നല്‍കി. ഇത്തരത്തിൽ പരിശീലനം ലഭിച്ചവർ നാല് ലക്ഷത്തിലേറെയാണ്. ഇവര്‍ കണ്ടെത്തിയ കുടുംബങ്ങളെ ബ്ലോക്ക് തലത്തിലുള്ള ഉദ്യോഗസ്ഥര്‍ പുനപ്പരിശോധന നടത്തി അവര്‍ അതിദരിദ്രരാണെന്ന് ഉറപ്പുവരുത്തി. ഇത് പിന്നീട് വാര്‍ഡ്-ഗ്രാമസഭകളുടെ അംഗീകാരത്തിന് സമര്‍പ്പിച്ചു. ഇത്തരത്തില്‍ സര്‍വേയുടെ ഭാഗമായി 64,006 കുടുംബങ്ങളിലായി 1,03,099 വ്യക്തികളാണ് സംസ്ഥാനത്ത് അതിദരിദ്രരായി ഉള്ളതെന്നായിരുന്നു കണ്ടെത്തിയത്. മൊത്തം അതിദാരിദ്ര്യത്തിന്റെ 13.4% മലപ്പുറം, 11.4% തിരുവനന്തപുരം എന്നീ ജില്ലകളിലാണ്. കോട്ടയമാണ് ഏറ്റവും കുറവ് അതിദരിദ്രരുള്ള ജില്ല. ആലപ്പുഴ ജില്ലയിലെ കുമാരപുരം, കാസര്‍ഗോഡ് ജില്ലയിലെ കള്ളാര്‍ എന്നീ പഞ്ചായത്തുകളില്‍ അതിദരിദ്രരായി ആരെയും കണ്ടെത്തിയിട്ടില്ല. നേരത്തെയുണ്ടായിരുന്ന പല ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതികളില്‍ നിന്നും പല കാരണങ്ങള്‍ കൊണ്ടും പുറത്തായിരുന്ന, എന്നാല്‍, അതിദാരിദ്ര്യമുള്ള പലരും ഈ പട്ടികയില്‍ ഉള്‍പ്പെട്ടതായി സര്‍ക്കാര്‍ പറയുന്നു. അലഞ്ഞുതിരിഞ്ഞ് നടക്കുന്നവരും കടത്തിണ്ണകളില്‍ ഉറങ്ങിയിരുന്നവരും ഉള്‍പ്പടുന്നതാണ് പട്ടിക. തുടര്‍ന്ന് ഇവരെ അതിദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിക്കാനുള്ള പദ്ധതികള്‍ ആരംഭിച്ചു.
ദാരിദ്ര്യനിര്‍മാര്‍ജനം നടപ്പിലാക്കിയത് എങ്ങനെ?
ഓരോ കുടുംബത്തിന്റെയും അവസ്ഥ പരിഗണിച്ചും അവരുടെ ആവശ്യങ്ങളും പരിഗണിച്ചും പ്രത്യേക വ്യക്തിഗത മൈക്രോ മാനേജ്‌മെന്റ് പ്ലാനുകളാണ് രൂപീകരിച്ചത്. ഇതിനായി അതത് പ്രദേശത്തെ ഫോക്കസ് ഗ്രൂപ്പുകള്‍ കൂടിയാലോചനകള്‍ നടത്തി. ഉടന്‍ നല്‍കാവുന്ന സേവനങ്ങളെന്നും രണ്ടുവര്‍ഷം വരെ വേണ്ടിവരുന്ന പദ്ധതികളെന്നും വേര്‍തിരിച്ച് പദ്ധതികളില്‍ ഉള്‍പ്പെടുത്തി. എല്ലാവര്‍ക്കും ആവശ്യമായ രേഖകള്‍ നല്‍കുക എന്നതായിരുന്നു ആദ്യ ഘട്ടം. രേഖകളില്ലാത്ത കാരണത്താലായിരുന്നു ഇവരിൽ പലരും മുൻ ദാരിദ്ര്യനിർമാർജന പദ്ധതികളിൽ ഉൾപ്പെടാതിരുന്നത്. റേഷൻ കാർഡും വോട്ടർ ഐഡിയും ആധാറും തൊഴിൽ കാർഡുകളും കുടുംബശ്രീ അംഗത്വവും ഉൾപ്പടെ 21263 രേഖകൾ കൈമാറി. ഓരോ കുടുംബത്തിനും ആവശ്യമായ ഭക്ഷണവും ചികിത്സയും നല്‍കുവാനുള്ള നടപടികളും ആരംഭിച്ചു. ഭക്ഷ്യക്കിറ്റുകളും കുടുംബശ്രീ ഹോട്ടലുകള്‍ വഴി പാചകം ചെയ്ത ഭക്ഷണം നല്‍കിയുമായിരുന്നു ഭക്ഷണം ഉറപ്പാക്കിയത്. ഇത്തരത്തില്‍ 20,648 കുടുംബങ്ങള്‍ക്കാണ് ഭക്ഷണം നല്‍കിവരുന്നത്. ഭക്ഷണ വിതരണത്തില്‍ കുടുംബശ്രീയുടെ സംവിധാനങ്ങളാണ് സര്‍ക്കാരിന് സഹായകമായത്.
ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ക്ക് ചികിത്സയും വരുമാനമില്ലാത്തവര്‍ക്ക് പ്രത്യേക വരുമാനദായക പദ്ധതികളും നടപ്പിലാക്കി. അടുത്തഘട്ടം പാര്‍പ്പിടമായിരുന്നു. 473 കോടി രൂപ ഇതിനായി ചെലവഴിച്ചതായി സര്‍ക്കാര്‍ പറയുന്നു. ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി ലഭ്യമാക്കി ലൈഫ് പദ്ധതി മുഖേന വീട് അനുവദിച്ചു നല്‍കി. ലൈഫില്‍ ഉള്‍പ്പെട്ടവരാണെങ്കില്‍ അവര്‍ക്ക് മുന്‍ഗണന നല്‍കിയും ഉള്‍പ്പെടാത്തവരെ ഉള്‍പ്പെടുത്തിയുമാണ് വീടുകള്‍ നല്‍കിയത്. 11,340 അതിദരിദ്ര കുടുംബങ്ങളെ ലൈഫ് ഗുണഭോക്താക്കളുടെ പട്ടികയില്‍ പുതുതായി ഉള്‍പ്പെടുത്തി. 5400-ലധികം പുതിയ വീടുകള്‍ പൂര്‍ത്തിയാക്കുകയോ നിര്‍മിക്കുകയോ ചെയ്തു. 5522 വീടുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി. 428 ഏകാംഗ കുടുംബങ്ങളെ സുരക്ഷിതമായി ഷെല്‍ട്ടര്‍ ഹോമുകളില്‍ മാറ്റി പാര്‍പ്പിച്ചു. 4394 കുടുംബങ്ങള്‍ക്ക് സ്വന്തമായി വരുമാനം കണ്ടെത്താനുള്ള സഹായം നല്‍കി.
ഇന്ത്യയില്‍ത്തന്നെ അതിദരിദ്രരില്ലാത്ത ആദ്യ ജില്ലയായി കോട്ടയം നേട്ടം കൈവരിച്ചു. വൈകാതെ സംസ്ഥാനതലത്തിലും ഈ നേട്ടം സാധ്യമായി. തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ചെക്ക്, സൂപ്പര്‍ചെക്ക് എന്നിവ പൂര്‍ത്തിയാക്കിയാണ് ഇക്കാര്യം ഉറപ്പുവരുത്തിയത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും മറ്റ് സര്‍ക്കാര്‍ വകുപ്പുകളും ജനപ്രതിനിധികളും സാമൂഹിക പ്രവര്‍ത്തകരുമെല്ലാം പലഘട്ടങ്ങളില്‍ ഈ പദ്ധതിയുടെ ഭാഗമായി. നിലവില്‍ ആരോഗ്യ പ്രവര്‍ത്തകരും ആശമാരും ഉള്‍പ്പെടെ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിലെ ഉദ്യോഗസ്ഥരും വളണ്ടിയര്‍മാരും അതിദരിദ്രരുടെ വീടുകള്‍ രണ്ടാഴ്ചയില്‍ ഒരിക്കല്‍ സന്ദര്‍ശിച്ച് അവരുടെ ആരോഗ്യാവസ്ഥ നിരീക്ഷിക്കുകയും അവര്‍ക്കു വേണ്ട സഹായങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുന്നു. നിലവില്‍ ആയിരം കോടി രൂപയിലധികം തുകയാണ് ഈ പദ്ധതിക്കായി ചെലവഴിച്ചതെന്ന് സര്‍ക്കാര്‍ പറയുന്നു.
വിമര്‍ശനങ്ങള്‍
അതിദാരിദ്ര്യമുക്ത കേരളം സര്‍ക്കാര്‍ പ്രഖ്യാപിക്കാനിരിക്കെ ഒരുകൂട്ടം സാമ്പത്തിക വിദഗ്ധരും സാമൂഹിക പ്രവര്‍ത്തകരം ഇതിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. ഏറ്റവും ദരിദ്രരായ 5.29 ലക്ഷം മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി അരിയും ഗോതമ്പും നല്‍കുന്നുണ്ട്. കേന്ദ്രം സൗജന്യവിലയ്ക്കാണ് ഇത് നല്‍കുന്നത്. പിന്നെ എങ്ങനെയാണ് കേരളത്തിലെ അതിദരിദ്രരുടെ എണ്ണം 64,006 ആയി കുറഞ്ഞതെന്നും മറ്റുള്ളവരുടെ ദാരിദ്ര്യം എങ്ങനെയാണ് ഇല്ലാതാക്കിയത് എന്നുമാണ് ഇവര്‍ ചോദിക്കുന്നത്. സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ. എം.എ. ഉമ്മന്‍, സിഡിഎസ് മുന്‍ ഡയറക്ടര്‍ ഡോ. കെ.പി. കണ്ണന്‍, ആര്‍.വി.ജി. മേനോന്‍ എന്നിവരുള്‍പ്പെടെയാണ് സര്‍ക്കാരിനോട് ഇക്കാര്യങ്ങള്‍ ചോദിച്ച് കത്തയച്ചത്. ദരിദ്രരാണ് അതിദരിദ്രര്‍ ആരാണെന്ന് എന്നെല്ലാം സര്‍ക്കാര്‍ കൃത്യമായി നിര്‍വചിച്ചിട്ടുണ്ടെന്നും ഇതിന്റെ പ്രക്രിയയും മാനദണ്ഡങ്ങളും പൊതുമണ്ഡലത്തില്‍ ലഭ്യമാണെന്നും മന്ത്രി എംബി രാജേഷ് കത്തിനോടുള്ള പ്രതികരണമായി വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിന്റെയും പൊതുസമൂഹത്തിന്റെയും പങ്കാളിത്തത്തോടെയാണ് സര്‍വേ നടപ്പിലാക്കിയതെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഈ കത്ത് എഴുതിയിരിക്കുന്നതെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
