ഐടിഐ കഴിഞ്ഞവരാണോ? തൊഴിൽ ഉറപ്പ്; ഒരു ലക്ഷം അവസരങ്ങളുമായി ബൃഹത് പദ്ധതി നടപ്പാക്കുന്നു

Share our post

തിരുവനന്തപുരം: സംസ്ഥാനത്തെ ഐടിഐകളിൽ നിന്നും ഈ വർഷം പഠനം പൂർത്തിയാക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും മുൻവർഷങ്ങളിൽ പഠനം പൂർത്തിയാക്കി തൊഴിലന്വേഷകരായി തുടരുന്നവർക്കും ജോലി നൽകുന്നതിനുള്ള ബൃഹത് കർമപരിപാടിയുമായി സംസ്ഥാന സർക്കാർ. തൊഴിൽ വകുപ്പും വിജ്ഞാനകേരളം (കെ-ഡിസ്ക്) പരിപാടിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഏതാണ്ട് ഒരു ലക്ഷം തൊഴിലവസരങ്ങളാണ് ഐടിഐ യോഗ്യതയുള്ളവർക്കായി ഒരുക്കുന്നതെന്ന് തൊഴിൽമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. രണ്ടു രീതികളിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. അനുയോജ്യമായ തൊഴിലവസരങ്ങൾ കണ്ടെത്തി, ആവശ്യമായ നൈപുണി പരിശീലനം നൽകി തൊഴിൽ മേളകളിലൂടെ നിയമനം നൽകുന്നതാണ് ഒരു മാർ​ഗം. രണ്ടാമത്തേത്, ‘റിക്രൂട്ട്, ട്രെയിൻ & ഡിപ്ലോയ്’ (ആർ.റ്റി.ഡി) എന്ന നൂതന മാതൃകയാണ്. ഇതിലൂടെ കമ്പനികൾ ഉദ്യോഗാർത്ഥികളെ ആദ്യം റിക്രൂട്ട് ചെയ്യുകയും തുടർന്ന് ആറുമാസം വരെ ഐടിഐകളിലോ മറ്റ് തൊഴിൽ പരിശീലന കേന്ദ്രങ്ങളിലോ പരിശീലനം നൽകി സ്ഥിരപ്പെടുത്തുകയും ചെയ്യും.

അഭിരുചി അനുസരിച്ച് തൊഴിൽ തെരഞ്ഞെടുക്കാം

വിജ്ഞാനകേരളം പരിപാടിയുടെ ഭാഗമായി മാത്രം, ട്രേഡ് സർട്ടിഫിക്കറ്റ് ഉള്ളവർക്കായി 75,000-ത്തോളം തൊഴിലവസരങ്ങൾ കെ-ഡിസ്കിന്റെ നേതൃത്വത്തിൽ സമാഹരിച്ചിട്ടുണ്ട്. 15,000 രൂപയ്ക്ക് മുകളിൽ പ്രതിമാസ ശമ്പളം ലഭിക്കുന്നവയാണ് ഈ ജോലികളെല്ലാം. ഇതിനുപുറമെ, ഐടിഐകൾക്ക് വിവിധ കമ്പനികളുമായുള്ള ദീർഘകാല റിക്രൂട്ട്മെന്റ് ബന്ധങ്ങൾ വഴിയുള്ള അവസരങ്ങൾ കൂടി ചേരുമ്പോൾ ആകെ തൊഴിലവസരങ്ങൾ ഒരു ലക്ഷം കവിയും. വിദ്യാർഥികളുടെ അഭിരുചി പരിഗണിച്ച് അവർക്ക് വേണ്ടുന്ന തൊഴിലുകൾ തെരഞ്ഞെടുക്കാം. ഓരോ ജോലിക്കും വേണ്ട പ്രത്യേക നൈപുണി പരിശീലന പരിപാടിക്ക് ഐടിഐകളിലെ അധ്യാപകരുടെ അഭിപ്രായം കൂടി പരിഗണിച്ച് കെ-ഡിസ്ക് രൂപം നൽകും. നിലവിൽ മികച്ച പ്ലേസ്‌മെന്റ് നടത്തുന്ന സ്ഥാപനങ്ങൾക്ക് അവരുടെ രീതി തുടരുന്നതിനും തടസ്സമുണ്ടാകില്ല. തൊഴിലന്വേഷകരായ പൂർവവിദ്യാർഥികൾക്ക് പ്രത്യേക പരിശീലനം നൽകും. ഇതിന്റെ ഭാഗമായി, 2025 നവംബർ 1 മുതൽ 7 വരെയുള്ള തീയതികളിൽ അവർ പഠിച്ച ഐടിഐകളിൽ രജിസ്‌ട്രേഷനുള്ള സൗകര്യം ഏർപ്പെടുത്തും. എല്ലാ ഐടിഐകളിലും ഇതിനായി പ്രത്യേക കിയോസ്കുകൾ സ്ഥാപിക്കും. നവംബർ 7 മുതൽ 15 വരെ ഈ വിദ്യാർഥികൾക്കായി കരിയർ കൗൺസലിംഗും സ്കിൽ അസസ്‌മെന്റും നടത്തും. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാതല മാപ്പിംഗ് നടത്തി ക്ലസ്റ്ററുകൾ രൂപീകരിക്കും. തിരഞ്ഞെടുക്കപ്പെട്ട നോഡൽ കേന്ദ്രങ്ങളിൽ നവംബർ 20 മുതൽ 20-30 പേരടങ്ങുന്ന ബാച്ചുകളായി നൈപുണി പരിശീലനം ആരംഭിക്കും. ഡിസംബർ പകുതിയോടെ പൂർവവിദ്യാർത്ഥികൾക്കായി പ്രത്യേക തൊഴിൽമേളകളും സംഘടിപ്പിക്കും.

വീട്ടമ്മമാർക്കും ഐടിസി കഴിഞ്ഞവർക്കും അവസരം

സർക്കാർ ഐടിഐകൾക്ക് പുറമെ, സ്വകാര്യ മേഖലയിലെ ഐടിസികളിലെ വിദ്യാർഥികളെയും പൂർവവിദ്യാർഥികളെയും ഈ ബൃഹത് പദ്ധതിയുടെ ഭാഗമാക്കും. പഠനം പൂർത്തിയാക്കി തൊഴിലിൽ നിന്നും വിട്ടുനിൽക്കുന്ന വീട്ടമ്മമാർക്കും അവസരമുണ്ട്. വീടിനടുത്ത് തൊഴിലെടുക്കാൻ താല്പര്യമുള്ളവരെ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സിഡിഎസുകളിൽ ആരംഭിക്കുന്ന മൾട്ടി ടാസ്ക് സ്കിൽ ടീമുകളുടെ ഭാഗമാക്കി തൊഴിൽ നൽകും. നൈപുണി പരിശീലന പരിപാടികളിൽ മെന്റർമാരായി പ്രവർത്തിക്കാൻ സന്നദ്ധസേവന തൽപ്പരരായ വിദഗ്ദ്ധരെ ക്ഷണിക്കുന്നു. ഐടിഐകൾ, എഞ്ചിനീയറിംഗ് കോളേജുകൾ, പോളിടെക്നിക്കുകൾ എന്നിവിടങ്ങളിൽ നിന്ന് വിരമിച്ച ഇൻസ്ട്രക്ടർമാർക്ക് മെന്റർമാരായി പ്രവർത്തിക്കാം. താല്പര്യമുള്ളവർക്ക് അടുത്തുള്ള ഐടിഐകളിലോ വിജ്ഞാനകേരളം വെബ്സൈറ്റിലോ രജിസ്റ്റർ ചെയ്യാവുന്നതാണ്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ സുഫിയാൻ അഹമ്മദ് ചെയർമാനും ജോയിന്റ് ഡയറക്ടർ ഷമ്മി ബേക്കർ കൺവീനറും അക്കാദമിക് കോർഡിനേറ്റർ, (ടെക്‌നിക്കൽ), വിജ്ഞാന കേരളം സുമേഷ് ദിവാകരൻ ജോയിന്റ് കൺവീനറുമായി പ്രത്യേക സമിതിക്ക് രൂപം നൽകിയിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!