ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് ഒരു തരി പൊന്നോ വിലപ്പെട്ട വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ല- ദേവസ്വം
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍നിന്ന് ഒരു തരി സ്വര്‍ണമോ വിലപ്പെട്ട മറ്റ് വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ലെന്ന് ദേവസ്വം ഭരണസമിതി. ശേഖരത്തിലുള്ള സ്വര്‍ണം, വെള്ളി, വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവയുടെയെല്ലാം കൃത്യമായ കണക്ക് സ്റ്റോക്ക് രജിസ്റ്ററില്‍ സൂക്ഷിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ദേവസ്വത്തിനെതിരായി ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ദേവസ്വം ചെയര്‍മാന്‍ വി.കെ. വിജയന്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഭക്തരെ തെറ്റിദ്ധരിപ്പിക്കാനുമുള്ള നീക്കത്തില്‍ ദേവസ്വം ഭരണസമിതി പ്രതിഷേധിച്ചു. ഭണ്ഡാരത്തില്‍നിന്ന് ലഭിക്കുന്ന സ്വര്‍ണമടക്കമുള്ളവ ലോക്കറിലേക്ക് മാറ്റുന്നത് ഹൈക്കോടതി നിയോഗിച്ച പ്രതിനിധികളുടെ സാന്നിധ്യത്തിലാണ്. ഓരോ മാസവും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍, സെക്യൂരിറ്റി ഓഫീസര്‍, ക്ഷേത്രം ഊരാളന്‍, അഡ്മിനിസ്ട്രേറ്റര്‍, ഭക്തജനപ്രതിനിധി എന്നിവരുടെ നിരീക്ഷണത്തില്‍ ഭണ്ഡാരം എണ്ണുകയും വരവുവിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്യാറുണ്ട്. ഭക്തര്‍ സമര്‍പ്പിക്കുന്ന വഴിപാടുസാധനങ്ങള്‍ക്കെല്ലാം രശീതി നല്‍കുന്നുണ്ട്. വെള്ളി, സ്വര്‍ണ ഉരുപ്പടികള്‍ ശുദ്ധീകരിക്കുന്നത് അതിസുരക്ഷാ നടപടി ക്രമങ്ങളോടെ കേന്ദ്രസര്‍ക്കാര്‍ മിന്റിലാണ്. വളരെ സുതാര്യമായ നടപടികളെ വസ്തുതകളറിയാതെ ബോധപൂര്‍വം വിമര്‍ശിക്കുകയാണ്.
ക്ഷേത്രത്തില്‍ കിലോക്കണക്കിന് കുങ്കുമപ്പൂവ് ലഭിക്കുന്നുവെന്ന പ്രചാരണവും ശരിയല്ല. കളഭം തയ്യാറാക്കുന്നതിനായി കശ്മീരില്‍നിന്നുള്ള കുങ്കുമപ്പൂവ് ടെന്‍ഡര്‍ പ്രകാരമാണ് വാങ്ങുന്നത്. അതിന്റെ സ്റ്റോക്ക് രജിസ്റ്റര്‍ ഓഡിറ്റ് വകുപ്പിന്റെ പരിശോധനയ്ക്ക് വിധേയവുമാണ്. രണ്ടായിരം കിലോ തൂക്കമുള്ള ഉരുളി കാണാനില്ലെന്ന വാര്‍ത്തകളും ദേവസ്വം നിഷേധിച്ചു. 2019-ല്‍ ആനക്കൊമ്പ് മുറിച്ചത് സ്റ്റോക്കില്ലെന്ന വാര്‍ത്തകളും അപഹാസ്യമാണ്. ചെരിയുന്ന ആനകളുടെ കൊമ്പുകള്‍ മുറിച്ച് വനംവകുപ്പാണ് കൊണ്ടുപോകാറ്. 2019-20 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്ന വിഷയങ്ങളില്‍ കൃത്യമായ വിശദീകരണം ദേവസ്വം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ക്ഷേത്രത്തില്‍ വഴിപാടായി ലഭിക്കുന്ന സ്വര്‍ണം, വെള്ളി തുടങ്ങിയവയുടെ സൂക്ഷിപ്പില്‍ സുതാര്യതയില്ലെന്നായിരുന്നു 2019-20-ലെ ഓഡിറ്റ് റിപ്പോര്‍ട്ട്. ദൈനംദിനം ദേവസ്വംഫണ്ടുകള്‍ കൈകാര്യംചെയ്യുന്നതിലും ബാങ്കില്‍ നിക്ഷേപിക്കുന്നതിലും ക്രമക്കേട് കണ്ടെത്തിയതായും ഓഡിറ്റ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ദേവസ്വത്തിനെതിരേ ചില മാധ്യമങ്ങള്‍ വ്യാജപ്രചാരണം നടത്തുകയാണെന്നും അവയുടെ പേരില്‍ അപകീര്‍ത്തിക്കേസ് നല്‍കുമെന്നും ചെയര്‍മാന്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, കേന്ദ്ര വാര്‍ത്താവിതരണപ്രക്ഷേപണ മന്ത്രാലയം എന്നീ കേന്ദ്രങ്ങളില്‍ പരാതി നല്‍കാനും ദേവസ്വം ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്.
കൊമ്പന്‍ ഗോകുലിന്റെ മരണം: ചികിത്സാ വിവരങ്ങള്‍ ശേഖരിച്ചു
ആനക്കോട്ടയില്‍ കൊമ്പന്‍ ഗോകുല്‍ ചരിഞ്ഞതുമായി ബന്ധപ്പെട്ട ദേവസ്വം അന്വേഷണം തുടരുന്നു. ആനയെ ചികിത്സിച്ചതിന്റെ ആറുമാസത്തെ റിപ്പോര്‍ട്ട് അന്വേഷണ സംഘം ശേഖരിച്ചു. അടുത്ത ഭരണസമിതിയോഗത്തില്‍ ആയൂര്‍വ്വേദ-അലോപ്പതി വിഭാഗം ഡോക്ടര്‍മാരെ വിളിപ്പിച്ച് ചികിത്സാറിപ്പോര്‍ട്ട് ചര്‍ച്ചചെയ്യും. ദേവസ്വം ഭരണസമിതിയംഗങ്ങളായ മനോജ് ബി. നായര്‍, കെ.പി. വിശ്വനാഥന്‍ എന്നിവരുള്‍പ്പെട്ടതാണ് അന്വേഷണസംഘം. ഒക്ടോബര്‍ 13-നാണ് ഗോകുല്‍ ചരിഞ്ഞത്.
