ക്യൂ നിൽക്കാതെ ഒപി ടിക്കറ്റ് എടുക്കാം; മെഡിക്കൽ കോളേജിൽ ഡിവൈഎഫ്ഐ ഹെൽപ് ഡെസ്ക്
കോഴിക്കോട്: ക്യൂ നിൽക്കാതെ ഒപി ടിക്കറ്റ് എടുക്കാൻ കഴിയുന്ന ഇ ഹെൽത്ത് സംവിധാനം നടപ്പിലായതിന് പിന്നാലെ രോഗികൾക്ക് കൈത്താങ്ങായി ഡിവൈഎഫ്ഐ ഹെൽപ് ഡെസ്ക്. കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികൾക്ക് ഒപി ടിക്കറ്റ് ഓൺലൈൻ ആയി ബുക്ക് ചെയ്യാൻ സഹായിക്കാനാണ് ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് രംഗത്തെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജ് ഒപി കൗണ്ടറിനു സമീപവും, സൂപ്പർ സ്‌പെഷ്യലിറ്റി ആശുപത്രിക്ക് സമീപവുമാണ് ഹെൽപ് ഡെസ്ക് ആരംഭിച്ചത്. ഓൺലൈനായി ബുക്ക് ചെയ്യുമ്പോൾ രോഗികൾക്കുണ്ടാവുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനും, ഓൺലൈനായി ഐപി അഡ്രസ്സ് ക്രിയേറ്റ് ചെയ്യാനും, സംശയങ്ങൾ മാറ്റാനുമാണ് ഹെൽപ് ഡെസ്ക് പ്രവർത്തിക്കുന്നത്. ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എൽ ജി ലിജീഷ്, സംസ്ഥാന കമ്മിറ്റി അംഗം കെ അരുൺ, ടൗൺ ബ്ലോക്ക് സെക്രട്ടറി ആർ ഷാജി, പ്രസിഡന്റ് എം സിനാൻ ഉമ്മർ, ജില്ലാ കമ്മിറ്റി അംഗം ഫഹദ് ഖാൻ, ആഷിൻ, ഷബീർ എന്നിവർ നേതൃത്വം നൽകി.തുടർന്നുള്ള ദിവസങ്ങളിൽ ഹെല്പ് ഡസ്കിന്റെ സേവനങ്ങൾ തുടരുമെന്ന് ജില്ലാ ഭാരവാഹികൾ അറിയിച്ചു.
എങ്ങനെ യുണിക്ക് ഹെൽത്ത് ഐഡി സൃഷ്ടിക്കും?
ഇ ഹെൽത്ത് വഴിയുള്ള സേവനങ്ങൾ ലഭിക്കുവാൻ ആദ്യമായി തിരിച്ചറിയിൽ നമ്പർ സൃഷ്ടിക്കണം. അതിനായി https://ehealth.kerala.gov.in എന്ന പോർട്ടലിൽ കയറി രജിസ്റ്റർ ലിങ്ക് ക്ലിക്ക് ചെയ്യണം. അതിൽ ആധാർ നമ്പർ നൽകുക. തുടർന്ന് ആധാർ രജിസ്റ്റർ ചെയ്ത നമ്പരിൽ ഒടിപി വരും. ഈ ഒടിപി നൽകുമ്പോൾ ഓൺലൈൻ വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പർ ലഭ്യമാകും. ഇത് പോർട്ടൽ വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്. ആദ്യതവണ ലോഗിൻ ചെയ്യുമ്പോൾ ഇത്തരത്തിലുള്ള 16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പറും പാസ് വേർഡും മൊബൈലിൽ മെസേജായി ലഭിക്കും. ഈ തിരിച്ചറിയൽ നമ്പറും പാസ് വേർഡും ഉപയോഗിച്ച് ആശുപത്രികളിലേക്കുള്ള നിശ്ചിത തീയതിയിലും സമയത്തുമുള്ള അപ്പോയിന്റ്‌മെന്റ് എടുക്കാൻ സാധിക്കും.
എങ്ങനെ അപ്പോയിന്റ്‌മെന്റ് എടുക്കാം?
ഒരു വ്യക്തിക്ക് ലഭിച്ച തിരിച്ചറിയൽ നമ്പരും പാസ് വേർഡും ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്ത ശേഷം ന്യൂ അപ്പോയിന്റ്‌മെന്റ് ക്ലിക്ക് ചെയ്യുക. റഫറൽ ആണെങ്കിൽ ആ വിവരം രേഖപ്പെടുത്തിയ ശേഷം ആശുപത്രി വിവരങ്ങളും ഡിപ്പാർട്ട്മെന്റും തെരഞ്ഞെടുക്കുക. തുടർന്ന് അപ്പോയിന്റ്‌മെന്റ് വേണ്ട തീയതി തെരഞ്ഞെടുക്കുമ്പോൾ ആ ദിവസത്തിൽ ലഭ്യമായ ടോക്കണുകൾ ദൃശ്യമാകും. രോഗികൾ അവർക്ക് സൗകര്യപ്രദമായ സമയമനുസരിച്ചുള്ള ടോക്കൺ എടുക്കാവുന്നതാണ്. തുടർന്ന് ടോക്കൺ പ്രിന്റും എടുക്കാവുന്നതാണ്. ടോക്കൺ വിവരങ്ങൾ എസ്.എം.എസ്. ആയും ലഭിക്കുന്നതാണ്. ഇത് ആശുപത്രിയിൽ കാണിച്ചാൽ മതിയാകും. പോർട്ടൽ വഴി അവരുടെ ചികിത്സാവിവരങ്ങൾ, ലാബ് റിസൾട്ട്, പ്രിസ്‌ക്രിപ്ഷൻ എന്നിവ ലഭ്യമാവുന്നതാണ്. സംശയങ്ങൾക്ക്- ദിശ 104, 1056, 0471 2552056, 2551056.
