കുട്ടികളേ വരൂ, ഇതാ കളിത്തട്ട്; എല്ലാം സജ്ജമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: കായിക കേരളത്തിന്റെ കൗമാര ലോകം അരയും തലയും മുറുക്കിക്കഴിഞ്ഞു. തലസ്ഥാന നഗരമൊരു കളിക്കളമാകാൻ മണിക്കൂറുകൾ മാത്രം. ഒരുക്കമെല്ലാം പൂർത്തിയായി. ഒളിമ്പിക്‌സ് മാതൃകയിൽ സംഘടിപ്പിക്കുന്ന 67–ാമത് സംസ്ഥാന സ്‌കൂൾ കായികമേളയുടെ വിശേഷങ്ങൾ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പങ്കുവയ്‌ക്കുന്നു…
* ഒളിമ്പിക്‌സ് മാതൃക എന്ന ആശയം ?
കഴിഞ്ഞ വർഷം കൊച്ചിയിൽ രാജ്യത്ത് ആദ്യമായി ഒളിമ്പിക്‌സ് മാതൃകയിൽ സ്‌കൂൾ കായികമേള സംഘടിപ്പിച്ചു. ഒറ്റ നഗരത്തിൽ, ഉത്സവപ്രതീതിയിൽ കായികമേള നടത്തിയത് കുട്ടികൾക്കും കായികാസ്വാദകർക്കും വലിയ പ്രചോദനമാണ് നൽകിയത്. ഈ വിജയമാണ് തിരുവനന്തപുരത്തും ഇതേ മാതൃക പിന്തുടരാൻ പ്രേരിപ്പിച്ചത്. കായികതാരങ്ങൾക്ക് മികച്ച അടിസ്ഥാന സൗകര്യങ്ങളും വലിയ ജനപങ്കാളിത്തവും ഉറപ്പാക്കാൻ ഈ ആശയം സഹായിക്കുന്നു.
* ഇൻക്ലൂസീവ് സ്‌പോർട്സിന്റെ പ്രാധാന്യം ?
എല്ലാ കുട്ടികൾക്കും തുല്യമായ അവസരം നൽകുക എന്നത് ഈ സർക്കാരിന്റെ പ്രഖ്യാപിത നയമാണ്. അതിന്റെ ഭാഗമായാണ് ഭിന്നശേഷിക്കാരായ കുട്ടികളെക്കൂടി കായികമേളയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നത്. “ഇൻക്ലൂസീവ് സ്‌പോർട്സ്’ എന്നത് കേവലം മത്സര ഇനങ്ങൾ മാത്രമല്ല, അതൊരു സാമൂഹിക ഉത്തരവാദിത്തമാണ്. ഈ കുട്ടികൾക്ക് എല്ലാ സൗകര്യങ്ങളോടുംകൂടി കഴിവുകൾ പ്രദർശിപ്പിക്കാൻ ഔദ്യോഗികമായ വേദി ഒരുക്കുകയാണ്.
* പുതിയ കായിക ഇനങ്ങൾ?
മുമ്പ് പറഞ്ഞപോലെ കളരിപ്പയറ്റ് ഇനമാകുന്നു. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് രണ്ട് പുതിയ ഇനങ്ങളുണ്ട്. ആൺകുട്ടികൾക്ക് ക്രിക്കറ്റും പെൺകുട്ടികൾക്ക് ബോക്‌സ് ബോളും. ഇത്തവണ ഗൾഫിൽനിന്നും ആൺകുട്ടികൾക്കൊപ്പം കേരള സിലബസ് പഠിക്കുന്ന പെൺകുട്ടികളും പങ്കെടുക്കുന്നുവെന്ന സവിശേഷതയുമുണ്ട്.
* തലസ്ഥാന നഗരിയിലെ ഒരുക്കങ്ങൾ ?
തിരുവനന്തപുരം പൂർണമായും സജ്ജമായിക്കഴിഞ്ഞു. നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും 12 പ്രധാന സ്‌റ്റേഡിയങ്ങളിലാണ് മത്സരങ്ങൾ. നഗരത്തിലെ 75 സ്‌കൂളുകളിൽ താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ യാത്രക്കായി 200 ബസുകൾ തയ്യാറാണ്. പ്രധാന ഭക്ഷണശാല പുത്തരിക്കണ്ടം മൈതാനത്ത് ഒരുക്കും. ഇതുകൂടാതെ മറ്റ് നാല് സ്ഥലങ്ങളിലും ഭക്ഷണശാലകളുണ്ടാകും. വിപുലമായ സംഘാടക സമിതിയും 16 സബ് കമ്മിറ്റികളും സജീവമായി പ്രവർത്തിക്കുന്നു.
* അച്ചടക്കവും സുരക്ഷയും ?
കഴിഞ്ഞ വർഷത്തെ അനുഭവങ്ങൾ ഉൾപ്പെടെ എല്ലാ കാര്യങ്ങളും വിലയിരുത്തിയിട്ടുണ്ട്. ഇത്തവണത്തെ കായികമേള ഏറ്റവും മാതൃകാപരമായി നടത്താനാണ് ലക്ഷ്യമിടുന്നത്. മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനായി 800 ഒഫീഷ്യലുകളെയും 2000 വളന്റിയർമാരെയും വിന്യസിക്കുന്നുണ്ട്. അച്ചടക്കം ഉറപ്പാക്കാനും അനിഷ്‌ട സംഭവങ്ങൾ ഒഴിവാക്കാനും എല്ലാ കമ്മിറ്റികൾക്കും സംഘാടകർക്കും കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ട്. സുഗമമായ നടത്തിപ്പിനൊപ്പം കുട്ടികളുടെ സുരക്ഷയും ഉറപ്പാക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്.
