കനത്ത മഴയും മണ്ണിടിച്ചിലും: ഊട്ടി – മേട്ടുപ്പാളയം ട്രെയിൻ സർവീസ് റദ്ദാക്കി

Share our post

കോയമ്പത്തൂർ : നീലഗിരി ജില്ലയിൽ പെയ്ത കനത്ത മഴയും മണ്ണിടിച്ചിലും കാരണം ഊട്ടി – മേട്ടുപ്പാളയം ട്രെയിൻ സർവീസ് ഇന്ന് റദ്ദാക്കി. ഹിൽ ഗ്രോവ്, അറുവങ്കാട് എന്നിവടങ്ങളിൽ ട്രാക്കിന് മുകളിൽ പാറക്കല്ലുകളും മണ്ണും നിറഞ്ഞു. ട്രാക്ക് ക്ലിയർ ചെയ്യാനുള്ള ജോലികൾ സീനിയർ സെക്ഷൻ എഞ്ചിനീയറുടെ നേതൃത്വത്തിൽ നടന്നു വരികയാണ്. തമിഴ്‌നാട്ടിൽ വടക്കുകിഴക്കൻ മൺസൂൺ ആരംഭിച്ചതോടെ നീലഗിരി ജില്ലയിൽ കനത്ത മഴയാണ് പെയ്യുന്നത്. ഇത് പല പ്രദേശങ്ങളിലും റോഡുകളിൽ നാശനഷ്ടമുണ്ടാക്കി. മേട്ടുപ്പാളയത്തു നിന്ന് ഊട്ടിയിലേക്കുള്ള മലയോര ട്രെയിൻ സർവീസിനു പുറമെ പ്രത്യേക ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. തുടർച്ചയായ മഴയെത്തുടർന്ന്, കൂനൂരിനും മേട്ടുപ്പാളയത്തിനും ഇടയിലുള്ള മലയോര റെയിൽവേ ട്രാക്കിൽ പത്തോളം സ്ഥലങ്ങളിൽ മണ്ണും മരങ്ങളും വീണു. റണ്ണിമേട് റെയിൽവേ സ്റ്റേഷനിൽ ട്രാക്ക് പൂർണ്ണമായും അവശിഷ്ടങ്ങൾ കൊണ്ട് മൂടി.കുനൂരിലെ ‘ഉഴവർ സന്ധൈ’ക്ക് സമീപമുള്ള മോഡൽ ഹൗസിൽ കനത്ത മഴയെത്തുടർന്ന് വീടുകളിലേക്ക് വെള്ളം കയറി. ‘കരുമ്പലം’, ഗ്ലെൻഡേൽ പ്രദേശങ്ങളിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. കൂനൂർ-കട്ടബെട്ടു റോഡിലെ വണ്ടിച്ചോലൈയിലും കോടനാട് പ്രദേശത്തും റോഡിലേക്ക് പാറകൾ ഉരുണ്ടു വീണു. മഴ കാരണം ബസ് ഷെൽട്ടറിൽ കയറി നിന്ന യുവാവ് വെള്ളം നിറഞ്ഞ ഓടയിലേക്ക് വഴുതി വീണ് ഒഴുക്കിൽപ്പെട്ടു. പൊലീസും രക്ഷാപ്രവർത്തകരും യുവാവിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!