ദേഷ്യം വണ്ടി ഓടിക്കുമ്പോൾ വേണ്ട: പിന്നാലെ വരുന്നത് വൻപണി; മൈലേജ് കുറയും, ടയർ തേഞ്ഞ് തീരും

Share our post

തിരുവനന്തപുരം: നിങ്ങള്‍ പെട്ടന്ന് ദേഷ്യം വരുന്നയാളാണോ? എന്നാൽ ഈ ദേഷ്യം വണ്ടി ഓടിക്കുമ്പോഴുമുണ്ടെങ്കിൽ സൂക്ഷിക്കുക, പണി പിന്നാലെ വരുന്നുണ്ട്. ദേഷ്യത്തോടെ വണ്ടി ഓടിക്കുന്നവർ വലിയ നഷ്ടങ്ങൾ ഉണ്ടാക്കുമെന്ന് കേരള മോട്ടോർ വാഹനവകുപ്പ് ഫെയ്സ്ബുക്കില്‍ കുറിച്ചു. ദേഷ്യക്കാരുടെ ഇന്ധനക്ഷമത വളരെ കുറവായിരിക്കുമെന്നും വേഗത്തിൽ ടയറുകൾ മാറ്റേണ്ടി വരുമെന്നും എംവിഡി കുറിപ്പില്‍ പറയുന്നു. ക്ലച്ച് ഡിസ്ക്, ബ്രേക്ക് പാഡ്, ബ്രേക്ക് ലൈനർ എന്നിവയ്ക്ക് നിർമാതാക്കൾ പറയുന്ന ദൈർഘ്യം കിട്ടാതെ വരും. കടുത്ത ദേഷ്യം ഉള്ളപ്പോൾ ഡ്രൈവിംഗിൽ നിന്ന് പിന്തിരിയുന്നതാണ് നല്ലെതെന്നും സുരക്ഷിതമായ ഡ്രൈവിങിന് മനസിന്റെ നിയന്ത്രണം അത്യന്താപേക്ഷിതമാണെന്നും എംവിഡി ഫെയ്സ്ബുക്കിൽ കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പ്

ദേഷ്യത്തോടെ വണ്ടി ഓടിക്കുന്നവർ വലിയ നഷ്ടങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇത്തരക്കാരുടെ ഇന്ധനക്ഷമത വളരെ കുറവായിരിക്കും. വേഗത്തിൽ ടയറുകൾ മാറ്റേണ്ടി വരും. ക്ലച്ച് ഡിസ്ക്, ബ്രേക്ക് പാഡ്, ബ്രേക്ക് ലൈനർ എന്നിവയ്ക്ക് നിർമ്മാതാക്കൾ പറയുന്ന ദൈർഘ്യം കിട്ടാതെ വരും. സ്വന്തം വാഹനത്തിൻ്റെ ബമ്പറുകളും മറ്റുള്ളവരുടെ ബമ്പറുകളും മാറ്റിക്കൊടു ക്കേണ്ടി വരും ദേഷ്യക്കാർ. ദേഷ്യം ഡ്രൈവിംഗിനെ വളരെ അപകടകരമായ രീതിയിൽ ബാധിക്കുക വഴി സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് ശീലങ്ങൾ , റോഡ് റേജ്, അപകടങ്ങൾ, എന്നിവയിലേക്ക് നയിക്കുന്നു.

ദേഷ്യത്തോടെ വാഹനമോടിക്കുന്നത് ശ്രദ്ധയെയും വിവേകത്തെയും ദോഷകരമായി ബാധിക്കുന്നതിനാൽ ഡ്രൈവറുടെ മാത്രമല്ല, റോഡിലെ മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നു. ദേഷ്യക്കാരായ ഡ്രൈവർമാരുടെ അശ്രദ്ധവും ചടുലവുമായ നീക്കങ്ങൾ, മറ്റ് വാഹനങ്ങളെ മനഃപൂർവം ഉരസൽ, അശ്രദ്ധമായി പാത മാറൽ, പെട്ടെന്ന് ബ്രേക്ക് ചെയ്യൽ തുടങ്ങിയ അപകടകരമായ ഡ്രൈവിംഗ് രീതികൾ അപകടങ്ങൾ ഉണ്ടാക്കും. ഡ്രൈവർമാരോടുള്ള ദേഷ്യം അക്രമ സ്വഭാവമുള്ള പെരുമാറ്റത്തിലേക്ക് നയിക്കും.

ദേഷ്യം വ്യക്തമായി ചിന്തിക്കാനുള്ള കഴിവ് കുറയ്ക്കുകയും റോഡിലെ സാഹചര്യങ്ങളെക്കുറിച്ച് പെട്ടെന്നും വിവേകമില്ലാതെ തീരുമാനമെടുത്ത് അപകടങ്ങൾ ഉണ്ടാക്കും. മനസ്സിൽ നിറയുന്ന ദേഷ്യം മൂലും റോഡിലെ മറ്റ് അപകടസാധ്യതകളെ ശ്രദ്ധിക്കാൻ കഴിയാതെ വരുന്നു. ദേഷ്യത്തിലുള്ളവർ പലപ്പോഴും വേഗത്തിൽ വാഹനമോടിക്കാൻ ശ്രമിക്കാറുണ്ട്, ഇത് അവർക്ക് മറ്റ് വാഹനങ്ങളെ മറികടക്കാൻ കൂടുതൽ എളുപ്പമാണെന്ന് തോന്നിപ്പിക്കുകയും. അപകടസാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മറ്റ് ഡ്രൈവർമാരുടെ ചെറിയ പിഴവുകളോടുള്ള ദേഷ്യം പലപ്പോഴും അതിരുകടന്ന പ്രതികരണങ്ങൾക്ക് കാരണമാകാറുണ്ട്.

ഡ്രൈവിംഗിനിടെ ദേഷ്യം തോന്നുന്നുണ്ടെങ്കിൽ, വാഹനം സുരക്ഷിതമായ ഒരിടത്ത് നിർത്തി ദീർഘ ശ്വാസമെടുത്ത് മനസ്സിനെ ശാന്തമാക്കുക. യാത്ര പുറപ്പെടുന്നതിന് മുൻപ് തന്നെ മാനസിക പിരിമുറുക്കങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക. സ്വയം നിയന്ത്രിക്കാനും പ്രതിരോധപരമായ ഡ്രൈവിംഗ് ശീലങ്ങൾ പിന്തുടരാനും പരിശീലിക്കുക. സമയം ലാഭിക്കാൻ വേണ്ടി തിടുക്കം കൂട്ടുന്നതിനു പകരം, ശാന്തമായി വാഹനമോടിക്കാൻ ശ്രമിക്കുക. നിങ്ങളുടെ ദേഷ്യം മറ്റൊരാളെ അപകടത്തിലാക്കും എന്ന് മനസ്സിലാക്കുക. കടുത്ത ദേഷ്യം ഉള്ളപ്പോൾ ഡ്രൈവിംഗിൽ നിന്ന് പിന്തിരിയുക. സുരക്ഷിതമായ ഡ്രൈവിംഗിന് മനസ്സിന്റെ നിയന്ത്രണം അത്യന്താപേക്ഷിതമാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!