കേരളത്തിലെ എല്ലാ ജില്ലയിലും നഴ്സിങ് കോളേജ്

Share our post

തിരുവനന്തപുരം: പത്തനംതിട്ട സർക്കാർ നഴ്സിങ് കോളേജിന് ഇന്ത്യൻ നഴ്‌സിംഗ് കൗൺസിലിന്റെ അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതോടെ പുതുതായി ആരംഭിച്ച എല്ലാ സർക്കാർ, സർക്കാർ അനുബന്ധ നഴ്സിങ് കോളേജുകൾക്കും അനുമതി ലഭ്യമായി. ഈ സർക്കാരിന്റെ കാലത്ത് 22 സർക്കാർ, സർക്കാർ അനുബന്ധ നഴ്സിങ് കോളേജുകളാണ് ആരംഭിച്ചത്. നാല് മെഡിക്കൽ കോളേജുകൾക്കും അനുമതി ലഭിച്ചിരുന്നു. ഇതോടെ എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജും നഴ്സിങ് കോളേജും ഉള്ള സംസ്ഥാനമായി കേരളം മാറിയെന്നും മന്ത്രി വ്യക്തമാക്കി. ഇടുക്കി, വയനാട്, പാലക്കാട്, കാസർകോട്, പത്തനംതിട്ട, തിരുവനന്തപുരം ജനറൽ ആശുപത്രി ക്യാമ്പസ്, കൊല്ലം, മഞ്ചേരി എന്നിവിടങ്ങളിലാണ് ഈ സർക്കാരിന്റെ കാലത്ത് സർക്കാർ മേഖലയിൽ നഴ്സിങ് കോളേജ് ആരംഭിച്ചത്. സർക്കാർ അനുബന്ധ മേഖലയിൽ സിമെറ്റിന്റെ കീഴിൽ നെയ്യാറ്റിൻകര, വർക്കല, കോന്നി, നൂറനാട്, താനൂർ, തളിപ്പറമ്പ്, ധർമ്മടം, ചവറ എന്നിവിടങ്ങളിലും, CAPE-ന്റെ കീഴിൽ ആറന്മുള, ആലപ്പുഴ, പത്തനാപുരം എന്നിവിടങ്ങളിലും, CPAS-ന്റെ കീഴിൽ കാഞ്ഞിരപ്പള്ളി, സീതത്തോട്, കൊട്ടാരക്കര എന്നിവിടങ്ങളിലുമാണ് നഴ്‌സിംഗ് കോളേജുകൾ ആരംഭിച്ചത്. സ്വകാര്യ മേഖലയിൽ 20 നഴ്സിങ് കോളേജുകളും ആരംഭിക്കാനുള്ള അനുമതി നൽകി. സർക്കാർ മേഖലയിൽ 478 ബിഎസ്‍സി നഴ്സിങ് സീറ്റുകളിൽ നിന്ന് 1130 സീറ്റുകളാക്കി വർധിപ്പിച്ചു. ആകെ 10,000 ലധികം ബിഎസ്‍സി നഴ്സിങ് സീറ്റുകളാക്കി വർധിപ്പിച്ചു. ഈ കാലഘട്ടത്തിൽ കുട്ടികൾക്ക് സംസ്ഥാനത്ത് തന്നെ മെറിറ്റിൽ പഠിക്കാനുള്ള സാഹചര്യം ഒരുക്കാനായി. നഴ്സിങ് വിദ്യാഭ്യാസ രംഗത്ത് വളരെയധികം മുന്നേറ്റം കൈവരിക്കാനായി. എംഎസ്‍സി. മെന്റൽ ഹെൽത്ത് നഴ്‌സിംഗ് കോഴ്‌സ് തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം നഴ്സിങ് കോളേജുകളിലും പോസ്റ്റ് ബേസിക് ബിഎസ്‍സി നഴ്‌സിംഗ് കോഴ്‌സ് കോട്ടയം നഴ്സിങ് കോളേജിലും ഈ സർക്കാരിന്റെ കാലത്ത് ആരംഭിച്ചു. ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് നഴ്‌സിംഗ് മേഖലയിൽ സംവരണം അനുവദിക്കുകയും ചെയ്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!