ശിൽപ്പപാളിയിലെ സ്വർണമോഷണം: ഉണ്ണിക്കൃഷ്‌ണൻ പോറ്റി അറസ്റ്റിൽ

Share our post

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പപാളിയിലെയും വാതിൽപ്പടിയിലെയും സ്വർണം കവർന്ന കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്‌ണൻ പോറ്റി അറസ്റ്റിൽ. സംഭവത്തിൽ വലിയ ​ഗൂഢാലോചന നടന്നു. കൽപേഷിനെ കൊണ്ടുവന്നതും ഗൂഢാലോചനയുടെ ഭാ​ഗം. പോറ്റി സ്പോൺസറായി അപേക്ഷ നൽകിയപ്പോൾ മുതൽ ഗൂഢാലോചന തുടങ്ങി. ദേവസ്വം ഉദ്യോ​ഗസ്ഥർക്കെതിരെ ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകിയതായാണ് വിവരം. ഇഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ എസ്‌ പി ശശിധരന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച രാത്രി വൈകിയും ചോദ്യംചെയ്യൽ തുടർന്നു. ഇന്ന് പുലർച്ചെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വ്യാഴാഴ്‌ച പകൽ കിളിമാനൂരിനടുത്തെ പുളിമാത്തെ വീട്ടിൽനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിൽ സ്വർണം കവർന്നതായി സമ്മതിച്ചതായാണ് വിവരം. മോഷ്‌ടിച്ച സ്വർണം കൈമാറിയത് ബംഗളൂരു സ്വദേശി കൽപേഷിനാണെന്ന്‌ പറഞ്ഞെങ്കിലും ഇത് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. കൽപേഷിനെക്കുറിച്ചുള്ള നിർണായക വിവരങ്ങളും എസ്ഐടിക്ക് ലഭിച്ചു. ​ദ്വാരപാലക ശിൽപ്പപാളിയിലെയും വാതിൽപ്പടിയിലെയും സ്വർണം കവർന്ന രണ്ട് കേസുകളിലും ഒന്നാംപ്രതിയാണ് ഉണ്ണിക്കൃഷ്‌ണൻ പോറ്റി. തിരുവിതാംകൂർ ദേവസ്വംബോർഡ് ആസ്ഥാനത്തും ശബരിമലയിലും സ്വർണംപൂശിയ ചെന്നൈ സ്‌മാർട്ട് ക്രിയേഷൻസിലും ഹൈദരാബാദിലെ സ്ഥാപനങ്ങളിലും സുഹൃത്തുക്കളുടെ വീടുകളിലും നടത്തിയ പരിശോധനകളിൽ പിടിച്ചെടുത്ത രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഉണ്ണിക്കൃഷ്‌ണനെ കസ്റ്റഡിയിലെടുത്തത്. ഹൈദരാബാദിലും ചെന്നൈയിലും പരിശോധന തുടരുന്നു. എത്ര സ്വർണം കൊള്ളയടിച്ചു, എവിടെ ഒളിപ്പിച്ചു, ശിൽപ്പങ്ങളിലെ സ്വർണപ്പാളി മുറിച്ചുവിറ്റോ, മറ്റ്‌ ദേവസ്വം ഉദ്യോഗസ്ഥർക്കോ മറ്റുള്ളവർക്കോ പങ്കുണ്ടോ എന്നിവയെല്ലാമാണ്‌ അന്വേഷിക്കുന്നത്‌.

മുരാരി ബാബുവിനെയും 
ഉടൻ കസ്റ്റഡിയിലെടുക്കും

ശിൽപപാളികൾ സ്വർണം പൊതിഞ്ഞതാണെന്ന് അറിയാമായിരുന്നിട്ടും ചെമ്പ് തകിടുകൾ എന്ന് മഹസറിലെഴുതി ശുപാർശ നൽകിയ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെയും ഉടൻ കസ്റ്റഡിയിലെടുക്കും. 2024ലും സ്വർണപ്പാളികൾ വീണ്ടും ഉണ്ണിക്കൃഷ്‌ണൻ പോറ്റിക്ക് തന്നെ നേരിട്ടു നൽകാൻ ഇയാൾ ശ്രമിച്ചിരുന്നു. കോട്ടയം ചങ്ങനാശേരി സ്വദേശിയായ ഇയാൾക്ക് കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമാണുള്ളത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!